യക്ഷഗാനം
യക്ഷഗാന ബയലാട്ട്
ഉത്തര-ദക്ഷിണ കർണാടകയിൽ അവതരിപ്പിച്ചു വരുന്ന ഒരു നൃത്തനാടകമാണ് യക്ഷഗാന ബയലാട്ട. യക്ഷഗാനം എന്നാണ് ഇത് പൊതുവായി അറിയപ്പെടുന്നത്. പേരിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാകും. ബയൽ – എന്നാൽ വയൽ, ആട്ട- എന്നാൽ ആട്ടം. വയലേലകളിൽ അരങ്ങേറുന്നതാണ് വയലാട്ടം. ഈ “യക്ഷഗാന ബയലാട്ട്’ എന്നതു തന്നെയാണ് നാം അറിയുന്ന യക്ഷഗാനം. ഈ കലാരൂപത്തിന്‍റെ മുൻഗാമി ഏത് എന്നത് ഇന്നും ഒരു തർക്കവിഷയമാണ്. എങ്കിലും ഇൻഡ്യയിലെ പല പ്രാദേശിക നൃത്ത-നാടകരൂപങ്ങളുമായി ഇതിന് ബന്ധമുണ്ട്. കേരളത്തിലെ കഥകളി, തമിഴ്നാട്ടിലെ ഭാഗവതമേള, ആന്ധയിലെ വീഥിനാടകം തുടങ്ങിയവയുമായുള്ള ചില സമാനതകൾ ഈ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നു.
ഈ യക്ഷഗാനം തന്നെ കർണാകടയിലെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഉത്തര കർണാടകയിൽ ഇതിനെ “ദൊദാട്ട” എന്നും പഴയ മൈസൂർ പ്രദേശങ്ങളിൽ “മൂഡലപായ” എന്നും ആണ് പേരുകൾ. ഈ കലാരൂപത്തിന്‍റെ കൂടുതൽ തെളിമയാർന്ന പേരാണ് യക്ഷഗാനം. കർണാടക തീരപ്രദേശങ്ങളിലാണ് ഈ പേര് കൂടുതൽ പ്രശസ്തം. യക്ഷഗാനത്തിനൊപ്പം നിൽക്കുന്ന മറ്റൊരു ഗ്രാമീണ കലാരൂപം കിഴക്കൻ കർണാടകയിൽ പ്രചാരത്തിലുണ്ട്. അതാണ് “യക്ഷഗാന ബൊംബയാട്ട’ . ഇത് ഒരുതരം പാവക്കൂത്ത് ആണ്. ഇതിന് ഏതാണ്ട് 300 വർഷത്തെ ചരിത്രമാണ് പറയാനുള്ളത്.
പ്രാരംഭം
വിദഗ്ധരുടെ അഭിപ്രായത്തിൽ അ.ഉ. നാലാം നൂറ്റാണ്ടിൽ ഭാരതത്തിൽ നിലനിന്നിരുന്ന ചില സംസ്കൃത നൃത്തനാടക രൂപങ്ങളിൽ നിന്നുമാണ് യക്ഷഗാനത്തിന്‍റെ തുടക്കം. പക്ഷെ ഈ നൃത്ത നാടകങ്ങൾ സംസ്കൃത നാടകങ്ങളിൽ നിന്നും വിഭിന്നമായിരുന്നു. യക്ഷഗാനത്തിൽ കഥാപാത്രങ്ങൾ പക്കമേളത്തിനും സംഗീതത്തിനു മൊപ്പം നൃത്തം ചവിട്ടിയായിരുന്നു അഭിനയിച്ചിരുന്നത്. യക്ഷഗാനം എന്ന പേര് എങ്ങനെ ലഭിച്ചു എന്നതിനും ചരിത്രപരമോ, രേഖപ്പെടുത്തിയതോ ആയ ഒരു തെളിവും ലഭിച്ചിട്ടില്ല. പണ്ഡിതന്മാർ ധരിച്ചിരുന്നത് ഗന്ധർവ്വഗാനം എന്നതുപോലെ യക്ഷഗാനം എന്ന പേര് വന്നുപെട്ടു എന്നു മാത്രമാണ്. ഗന്ധർവ്വഗാനം “മാർഗ’ സംഗീതമായപ്പോൾ യക്ഷഗാനം പ്രശസ്തമായ “ദേശി’ സംഗീതമായി. ഈ ‘ദേശി-നാട്യശാസ്ത്ര ത്തിൽ വൈദഗ്ധ്യം നേടിയവർ “യക്ഷർ” എന്നറിയപ്പെട്ടു. ഇവർ ഒരു പ്രത്യേക സമുദായമായി രൂപം കൊണ്ടു. ഈ കലാരൂപത്തെ അവരുടെ തൊഴിലായി ഉപജീവനമാർഗമായി കൊണ്ടു നടന്നു.
അടിസ്ഥാനപരമായ വ്യത്യസ്തത
ഇതുപോലെയുള്ള നൃത്ത-നാടക രൂപങ്ങൾക്ക് അയൽപക്കപ്രദേശങ്ങളിലെ നാടക പാരമ്പര്യങ്ങളുമായി ധാരാളം സമാനതകൾ ഉണ്ടാവുക എന്നത് തികച്ചും സാധാരണമാണല്ലോ ? അതുതന്നെ യക്ഷഗാനത്തിന്‍റെ കാര്യത്തിലും സംഭവിച്ചു.എങ്കിലും ഈ വ്യത്യസ്ത പാരമ്പര്യ കലകളെക്കുറിച്ച് ഒരു താരതമ്യ പഠനം നടത്തിയാൽ ഓരോന്നിലും അതിന്‍റെ ഓരോ അംശത്തിലും അതിന്‍റേതായ തനിമ പുലർത്തുന്നതു കാണാം : പാടുന്ന ശൈലിയിലോ, നൃത്ത ശൈലിയിലോ, വേഷഭൂഷാദികളിലോ, ചുട്ടിയിലോ ഒക്കെത്തന്നെ ഈ വ്യത്യസ്തത പ്രകടമാണ്. ഉദാഹരണത്തിന് യക്ഷഗാന ബയലാട്ടയിൽ സംഭാഷണം ഉണ്ട്. എന്നാൽ കഥകളിയിലും, രാമനാട്ടത്തിലും, ഓട്ടൻതുള്ളലിലും ആ സ്ഥാനത്ത് മുദ്രകളാണ്. എല്ലാ നൃത്ത-നാടക കലാരൂപങ്ങളിലും കിരീടങ്ങൾ, വേഷഭൂഷാദികൾ, എന്നിവയൊക്കെ ഉണ്ടെങ്കിലും അവയെല്ലാം വ്യത്യസ്തത പുലർത്തുന്നുണ്ടല്ലോ.
ഘടന
ഇനി യക്ഷഗാനത്തിന്‍റെ ഘടന എന്തെന്നു നോക്കാം. ഇതൊരു നൃത്ത-നാടകമാണെന്നു പറഞ്ഞുവല്ലോ. ഇതിൽ നൃത്തവും സംഗീതവും വേണ്ടവിധം സമന്വയിപ്പിച്ചിരിക്കുന്നു ഈ കലാരൂപത്തിലും തീർച്ചയായും ഒരു കഥയും ആശയവും കാണും.
പുരാണകഥകളാണ് പ്രതിപാദ്യ വിഷയം. സാധാരണ വിഷ്ണുവിന്‍റെ ദശാവതാരകഥകളാണ് ആടുക. അതു കൊണ്ടുതന്നെ ഇതിന് “ദശാവതാരാട്ടം ” എന്നൊരു പേരും ഉണ്ട്. എപ്പോഴും തിന്മയ്ക്കുമേലുള്ള നന്മയുടെ വിജയമോ ദുഷ്ടന്മാർക്കെതിരെ ദൈവത്തിന്‍റെ വിജയമോ ആയിരിക്കും. യക്ഷഗാനത്തിലൂടെ അവതരിപ്പിക്കുക. ഓരോ കഥയും ചെറിയ ഓരോ ഇതിഹാസമായി അവതരിപ്പിക്കുന്നു. വിവിധ വൃത്തങ്ങളിലുള്ള 300 ശ്ലോകങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുക. അവയെ സംഗീതാത്മകമായി ചിട്ടപ്പെടുത്തി ചെണ്ടയുടെയും മദ്ദളത്തിന്‍റെയും അകമ്പടിയോടെ ഭാഗവതർ പാടും. ഓരോ കഥയും ഇതുപോലെ സംഗീതം ചിട്ടപ്പെടുത്തി അവ തരണയോഗ്യമായി തയാറാക്കുന്നതിനെ “പ്രസംഗ’ എന്നാണു പറയുക. ഇപ്പോൾ ഏതാണ്ട് ഇത്തരം 125 ഓളം പ്രസംഗകൾ നിലവിലുണ്ട്. – 80-ഓളം രാഗങ്ങളിൽ പ്രസംഗകൾ ചിട്ടപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഭാവസാന്ദ്രതയാണ് ശ്രദ്ധേയമായിട്ടുള്ളത്. ഓരോ ഭാവത്തിനും ഓരോ രാഗങ്ങൾ ഉപയോഗിക്കുന്നു. ഒരു “പ്രസംഗ’ അഥവാ ഒരു കഥയുടെ അവതരണ ദൈർഘ്യം 3 മുതൽ 4 മണിക്കൂർ വരെയാണ്.
വിവിധ രാഗങ്ങൾക്കും കർണാടക സംഗീതത്തിലെ രാഗങ്ങളുടെ പേരു തന്നെയാണെങ്കിലും ആലാപനരീ തിയിൽ മാറ്റങ്ങളുണ്ട്. അതുകൊണ്ടുതന്നെ യക്ഷഗാന സംഗീതശൈലിയും വേറിട്ടു നിൽക്കുന്നു. ഈ സംഗീതശൈലിയുടെ മറ്റൊരു പ്രത്യേകത, സ്വരപ്രസ്തരം കർണാടക-ഹിന്ദുസ്ഥാനി സംഗീതത്തിലെപ്പോലെയാണെങ്കിലും ഗമഗ-ആലാപന പ്രയോഗങ്ങളിലാണ് പ്രകടമായ വ്യത്യാസം. അതുകൊണ്ടുതന്നെ ശുദ്ധ യക്ഷഗാന സംഗീതം കർണാടക ജില്ലകളിൽ ഇന്നും നിത്യഹരിതമായി നിലകൊള്ളുന്നു. യക്ഷഗാന സംഗീതവും ശിഷ്യ ഗണങ്ങൾ ഗുരുമുഖത്തുനിന്നും അഭ്യസിക്കുന്നു. അവർ അത് ഏറ്റെടുത്ത് പരിശീലിച്ച് വൈദഗ്ധ്യം നേടുന്നു. വികാരങ്ങളെ വളരെ ശക്തമായി ദ്യോതിപ്പിക്കുന്ന ഒരു ശൈലിയാണ് യക്ഷഗാന സംഗീതത്തിന്‍റേത്.
യുദ്ധ രംഗങ്ങളിൽ ഭൈരവി, കാംബോജി തുടങ്ങിയ രാഗങ്ങളും, സങ്കടത്തിനും വിഷാദത്തിനും നീലാംബരി, പുന്നാഗതോഡി, മോഹന കല്യാണി, ആനന്ദ ഭൈരവി, തോഡി, സാവേരി, രഘുപതി, തുടങ്ങിയവയും, ഖദത്തിനും ദയയ്ക്കും മധ്യമാവതി, തോഡി, ആരഭി, ശ്രീ, ശങ്കരാഭരണം എന്നിവയും പ്രയോഗിക്കുന്നു. ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന അവതരണമാണെങ്കിൽ എട്ടു പത്തു തവണയെങ്കിലും ശ്രുതിയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തും. യക്ഷഗാനത്തിന് എഴുതി തയ്യാറാക്കിയ ഒരു സ്ക്രിപ്റ്റില്ല. ഭാഗവതർ പാടുന്ന പാട്ടിനെ അടിസ്ഥാനമാക്കി ഓരോ സന്ദർഭത്തിനനുസരിച്ച് അപ്പപ്പോൾ രൂപപ്പെടുത്തുന്ന സംഭാഷണമാണ് കഥാപാത്രങ്ങൾ പറയുക. ഇത്തരം ഡയലോഗ് ഇംപ്രവൈസേഷനിൽ ഓരോ നടന്മാരും അതീവ പ്രാവീണ്യം നേടിയവരാണ്. ഭാഗവതർ പാടുമ്പോൾ നടന്മാർ നൃത്തം ചെയ്യും. പാട്ടു നിർത്തുമ്പോൾ പാടിയ ശ്ലോകങ്ങളെ വ്യാഖ്യാനിച്ച് സംഭാഷണം അവതരിപ്പിക്കും. ചിലപ്പോൾ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനു പകരം ഒറ്റയ്ക്കുള്ള സംഭാഷണമായെന്നിരിക്കും. യക്ഷഗാനത്തിലെ നൃത്തങ്ങൾ ഈ കലാരൂപത്തിനു വേണ്ടി മാത്രം ചിട്ടപ്പെടുത്തിയതാണ്. സ്ഫുടം ചെയ്ത നൃത്ത ശൈലി അല്ലെങ്കിലും പുരാതന മനുഷ്യന്‍റെ വികാര വിചാരങ്ങളെ ഉയർത്തിക്കാട്ടുന്നതിന് യോജിക്കുന്ന തരത്തിലുള്ള ചടുലമായ നൃത്തങ്ങളാണ് കഥാപാത്രങ്ങൾ ചെയ്യുന്നത്. പ്രത്യേകിച്ചും കഥയിലുടനീളം പ്രകടമാകുന്ന കോപവും, ഭയവും കൊഴുപ്പിക്കാൻ ഈ നൃത്ത ശൈലി വളരെ സഹായകരമാകുന്നു. ഭരതനാട്യത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ ലാസ്യനൃത്തം ഉണ്ടെങ്കിലും താണ്ഡവ നൃത്താംശങ്ങളാണ് കൂടുതലും. അതിനു കൊഴുപ്പുകൂട്ടാനായി ചെണ്ടമേളവും.
ആശയാനുവർത്തനം
ഭാരതത്തിലെ വൈവിധ്യമാർന്ന നൃത്ത പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു ആധികാരിക രേഖയാണല്ലോ ഭരതന്‍റെ നാട്യശാസ്ത്രം. അതിൽ പറഞ്ഞിരിക്കുന്ന കരണങ്ങളും പിണ്ഡിബന്ധങ്ങളും, ചാരികളും, നിരാലംബചാരികളും, സ്ഥാനകളും, പ്രയോഗന്യാസകളും മറ്റും യക്ഷഗാനത്തിലും പ്രയോഗിച്ചുവരുന്നതായി ഭരതനാട്യ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. യക്ഷഗാന കലാകാരന്മാർ ഭരതന്‍റെ നാട്യശാസ്ത്രം ആഴത്തിൽ പഠിച്ചിട്ടൊന്നുമല്ല മേൽപ്പറഞ്ഞ കരണ ങ്ങളും ചാരികളും പ്രയോഗിക്കുന്നത്. പരമ്പരാഗതമായി ഗുരുക്കന്മാരിൽ നിന്നു കിട്ടിയതും സൂക്ഷ്മമായി കണ്ടു പഠിച്ചുമാണ് ഇവയൊക്കെ ഇന്നും ഈ കലയിൽ നിലനിർത്തിപ്പോരുന്നത്. – ഒരു “പ്രസംഗ’യ്ക്ക് വേണ്ട കഥ എടുക്കുന്നത് പുരാണങ്ങളിൽ നിന്നുമാണെന്നു പറഞ്ഞല്ലോ. യക്ഷഗാനത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. അതിന് “വൊദ്ദോലാഗ’ എന്നാണ് പറയുക. അതിലൂടെയാണ് പ്രധാന കഥാപാത്രങ്ങളെ സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് രാമൻ, ധർമരാജാ തുടങ്ങിയ നായകന്മാരെയും പ്രതിനായകന്മാരെയും വില്ലന്മാരെയും ഒക്കെത്തന്നെ “വൊട്ടോ ലാഗ’ യിലൂടെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങൾ ശാസ്ത്രീയ കാൽചലനങ്ങളോടും മുദ്രകളോടും കൂടി നൃത്തം ചെയ്യും. തിരശീലക്കു പിന്നിൽ സദസ്സിനു പുറം തിരിഞ്ഞു നിന്നാണ് നൃത്തം ചെയ്യുക.
ചമയങ്ങളും ചുട്ടിയും (Costumes and make-up)
യക്ഷഗാനത്തിന്‍റെ ചമയങ്ങളും ചുട്ടിയും വളരെ പ്രാധാന്യമുള്ളതാണ്. അത്യാകർഷകവും നിറപ്പകിട്ടാർന്നതുമാണെ-ങ്കിലും അവ പേടിപ്പെടുത്തുന്നതുമാണ്. ഇതിന്‍റെ ചുട്ടിക്ക് അല്ലെങ്കിൽ മുഖവർണക (മേക്കപ്പ്) ത്തിന് വളരെക്കാലത്തെ പാരമ്പര്യമുണ്ട്. ആടയാഭരണങ്ങളും കിരീടങ്ങളും കുട്ടിക്കു ചേർന്നതു തന്നെ. രാക്ഷസന്മാരുടെ ചുട്ടിയാണ് കൂടുതൽ ഭയാ നകം. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ കിരീടങ്ങളാണ് ധരിക്കുക. ശില്പങ്ങൾക്കുള്ള ഒരു ആകാരഭംഗിയാണ് യക്ഷഗാന കഥാപാത്രങ്ങൾക്ക്.
ചമയത്തിനുപയോഗിക്കുന്നത് ഭാരം കുറഞ്ഞ തടികളും, ഉണങ്ങിയ നെൽച്ചെടികളും, കവുങ്ങിൻ തടിയും, ചണവും, പരുത്തിത്തുണിയും ഒക്കെയാണ്. യക്ഷഗാനത്തിന് പ്രത്യേക മേക്കപ്പ്മാൻ ഇല്ല. ഓരോ നടനും സ്വയം മേക്കപ്പ് ചെയ്യുന്നു. പുരുഷന്മാരാണ് എല്ലാ സ്ത്രീ വേഷങ്ങളും കെട്ടുന്നത് .
യക്ഷഗാന വേദി
“യക്ഷഗാനവയലാട്ടം’ എന്ന പേരിൽ തന്നെയുണ്ട് യക്ഷഗാനത്തിന്‍റെ വേദിയെ ക്കുറിച്ചുള്ള സൂചന. വയലിൽ അവതരിപ്പിക്കുന്ന ആട്ടമായതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു പേരു വന്നതും. – കൊയ്ത്തു കഴിഞ്ഞ വയലിൽ ചതുരാ കൃതിയിൽ മറ്റൊതുക്കി “രംഗ സ്ഥല’ അഥവാ സ്റ്റേജ് തയ്യാറാക്കുന്നു. ചുറ്റും മുളം കാലു കൾ കൊണ്ട് അതിരു തിരിക്കുന്നു. മാവിലകൾകൊണ്ട് വേദി അലങ്കരിക്കുന്നു. 30-40 അടി ദൂരത്തിലാണ് “ഗ്രീൻ-റൂം” (മേക്കപ്പ് മുറി). തീപ്പന്തങ്ങളും, ഇരുണ്ട വയൽ മണ്ണും, പച്ചിലത്തോരണങ്ങളും, രാത്രിയിലെ നിലാകാശവും, നിലാവെളിച്ചവും ചേർന്ന് യക്ഷഗാനവേദിക്ക് മനോഹാരിത നൽകുന്നു. ഇന്ന് ഈ സ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങൾ കയ്യേറിയിരിക്കുന്നു. തയ്യാറെടുപ്പ്
യക്ഷഗാനം തുടങ്ങുന്നതിനു മുൻപായി സദസ്സിനെ മാനസികമായി തയ്യാറാക്കുന്നതിനായി ചില പാരമ്പര്യ നൃത്തങ്ങൾ അവതരിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ഈ സമയത്താണ് മേക്കപ്പ് നടത്തുക. ഭരതന്‍റെ നാട്യശാസ്ത്രത്തിലെ “പൂർവ്വരംഗ അഭിനയ” ആണ് ഈ പാരമ്പര്യ നൃത്താവതരണം. ഈ “പൂർവ്വരംഗ അഭിനയ’ ഇന്നും തുടർന്നു വരുന്ന ഏക കലാരൂപം യക്ഷഗാനമാണ്. ഇതിന് “സഭാലക്ഷണ’ എന്നും പറയുന്നു. ഈ ആരംഭ നൃത്തങ്ങൾക്കുശേഷമാണ് “വൊദ്ദോലാഗ” തുടങ്ങുന്നത്. ഇതോടെയാണ് പ്രധാന കഥാപാത്രങ്ങളുടെ വരവ്. – തിരശ്ശീലക്കു പിന്നിൽ പുറം തിരിഞ്ഞു നിന്നുള്ള അവരുടെ നൃത്തം കഴിഞ്ഞാൽ നായകൻ “ഭാഗവത’ എന്ന ഇരിപ്പിടത്തിൽ ബഹുമാനപുരസ്കരം ഉപവിഷ്ടനാകും. എന്നിട്ട് ഓരോ കഥാപാത്രത്തെക്കുറിച്ചും കഥയുടെ സാരാംശത്തെക്കുറിച്ചും വിവരിക്കും.
അങ്ങനെ യക്ഷഗാന ബയലാട്ട അവതരണം ആരംഭിക്കുകയായി.ഇന്നും യക്ഷഗാനം അതിന്‍റെ സർവപ്രൗഢിയോടും കൂടി കർണാടക സംസ്ഥാനത്തിന്‍റെ അഭിമാനമായി നിലനിന്നു വരുന്നു.
This Page Will Provide You With An Enormous Collection Of The Vibrant Art Forms Of India .Here Art Forms Are Classified Under Several Categories Such As Traditional Dance Forms,Indian Dance Forms,Music & Architecture Etc………Now Click On Curriculum Button To Make It More User Friendly………..
-
TRADITIONAL DANCE FORMS
-
INDIAN MUSIC FORMS
-
INDIAN ARCHITECTURE
-
CLOTHING IN INDIA
-
PAINTINGS