കൂടിയാട്ടം
കൂടിയാട്ടം
കൂടിയാട്ടം കേരളത്തിന്‍റെ ഒരു ക്ഷേത്രകലയാണ്. സംസ്കൃതനാടകം അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ ഏകദേശം 2200 വർഷങ്ങളായി ഒരു പാരമ്പര്യകലയായി ഇന്നും ഇത് നിലനിന്നു പോരുന്നു. കൂടിയാട്ടം കേരളത്തിന്‍റെ മാത്രം കലയാണെന്നതിൽ നമുക്ക് അഭിമാനിക്കാവുന്നതാണ്. പുരാതനകാലം മുതൽ കൂടിയാട്ടം അവതരിപ്പിച്ചു പോന്നിരുന്നത് അമ്പലങ്ങളിലെ അരങ്ങായ കൂത്തമ്പലങ്ങളിലായിരുന്നു. കൂടിയാട്ടം അവതരിപ്പിച്ചിരുന്ന കലാകാരൻമാരാകട്ടെ അമ്പലങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ചാക്യാൻമാരും സ്ത്രീവേഷം അഭിനയിച്ചിരുന്നത് നമ്പ്യാർ സമുദായത്തിൽപ്പെട്ട നങ്ങ്യാരമ്മമാരുമായിരുന്നു. മണ്ണിൽ നിർമിച്ച വലിയ കുടത്തിന്റെ ആകൃതിയിലുള്ള മിഴാവായിരുന്നു വാദ്യമായി – ഉപയോഗിച്ചിരുന്നത്. അതിന്റെ സ്ഥാനത്ത് ഇന്ന് ചെമ്പിൽ നിർമിച്ച മിഴാവാണ് ഉപയോഗിക്കുന്നത്. ഒപ്പം ഇടയ്ക്കയും ശഹനായിക്കു സാമ്യം തോന്നുന്ന കുറും കുഴലും കുഴിത്താളവും ആണ് പക്കവാദ്യങ്ങൾ. സാധാരണ രംഗത്ത് അവതരിപ്പിച്ചു വരുന്ന കൂടിയാട്ടങ്ങൾ തിരുവനന്തപുരം സംസ്കൃതനാടക പരമ്പര എന്നറിയപ്പെടുന്ന ഭാസന്റെയും കുലശേഖര വർമന്റെയും ശ്രീഹർഷന്റെയും മഹേന്ദ്രവിക്രമ പല്ലവന്റെയും ബോധായനന്റെയും ഒക്കെ രചനകളാണ് കൂടിയാട്ടത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഇതിനൊക്കെ പുറമെ കേരളത്തിന്റെ നാടക രചയിതാവായ ശക്തിഭദ്രന്റെ സ നാടകങ്ങളും ഉൾപ്പെടും.
അഭിനയം
ഇന്നു നാം കണ്ടുവരുന്ന കൂടിയാട്ട അവതരണങ്ങൾ പത്തു നൂറ്റാണ്ടുകൾക്കു മുമ്പ് കുലശേഖരവർമരാജാവ് ചിട്ടപ്പെടുത്തിയവയാണ്. അദ്ദേഹത്തെ ഇതിനു സഹായിച്ചത് സുഹൃത്തായിരുന്ന തോലൻ ആയിരുന്നു. അവർ മേക്കപ്പിൽ (ആഹാര്യം) പരീക്ഷണങ്ങൾ നടത്തി മനോഹരവും കുറ്റമറ്റതും ആക്കി. വേഷവിധാനങ്ങൾ ആകർഷകങ്ങളാക്കി വാചികാഭിനയത്തിലും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി . പുരാണകഥാപാത്രങ്ങൾക്ക് ഒരു അമാനുഷിക പരിവേഷം നൽകാനും ഒരു ശ്രമം നടന്നു. ആംഗികാഭിനയത്തിൽ വിവരണങ്ങൾക്കും , സംഭാഷണങ്ങൾക്കും മറ്റും ധാരാളം ഹസ്തമുദ്രകൾ പ്രയോഗിച്ചു തുടങ്ങി അവയെല്ലാം തന്നെ താന്തിക മുദ്രകളിൽ നിന്നും ഉടലെടുത്ത ഹസ്തലക്ഷണ ദീപികയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചിട്ട ചെയ്തിരുന്നത്. ആംഗികാഭിനയത്തിന്റെ ഭാഗമായി ശരീരത്തിന്റെ മറ്റു ചലനങ്ങൾ, അതായത്, ചാരികൾ ഗതികൾ, അംഗ- ഉപാംഗചലനങ്ങൾ എന്നിവയൊന്നും തന്നെ പൂർണമായും നാട്യശാസ്ത്രവിധിപ്രകാരം മാത്രം ചിട്ടചെയ്തതാണെന്ന് പറയാനാവില്ല. – അതുപോലെ, ആഹാര്യ അഭിനയത്തിൽ മേക്കപ്പും ആടയാഭരണങ്ങളും ഒന്നും തന്നെ കഥാപാത്രങ്ങളുടെ പുറമെ കാണുന്ന സ്വഭാവം അനുസരിച്ച് അനുകരിക്കുന്നതുമല്ല. അരങ്ങത്ത് അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തത്തിന്‍റെ സ്വഭാവം ദ്യോതിപ്പിക്കുന്ന തരത്തിലുള്ള ചുട്ടിയാണ് ഉപയോഗിക്കുക. എന്നാൽ കഥകളിയിലെപ്പോലെ ഓരോ കഥാപാത്രങ്ങൾക്കും വേഷം കല്പിച്ചു കൊടുത്തിരിക്കുന്ന വിഷമല്ല കൂടിയാട്ടത്തിൽ നിശ്ചയിച്ചിരിക്കുന്നത്. വാചികാഭിനയത്തിൽ സംസ്കൃതനാടകങ്ങളിലെ ശ്ലോകങ്ങൾ നടന്മാർ തന്നെ ചൊല്ലും. ആ ചോല്ലലിന് കേരളത്തിലെ നമ്പൂതിരിമാർ യജുർവേദം ചൊല്ലുന്ന ശീലാണ് സ്വീകരിച്ചിരിക്കുന്നത്. ഒരിക്കലും സാധാരണ നാടകത്തിലെ പോലെ സംഭാഷണശൈലി കൂടിയാട്ടത്തിൽ പ്രയോഗിക്കാറില്ല. ശ്ലോകം ചൊല്ലലിലെ രാഗം പോലും (കൂടിയാട്ടത്തിൽ “സ്വരിക്കൽ’ എന്നാണ് പറയുക.) സാധാരണ സംഗീതത്തിലുപയോഗിക്കുന്ന രാഗങ്ങളുമായും ഭാവങ്ങളുമായും ഒരു സാമ്യവുമില്ല. ഉപയോഗിക്കാറില്ല. ഗദ്യങ്ങൾ പോലും വളരെയധികം ശൈലീകൃതമായാണ് ചൊല്ലുക.
ഖണ്ഡങ്ങളായുള്ള അവതരണം
ഒരു കൂടിയാട്ട അവതരണത്തിൽ സംസ്കൃതനാടകം മുഴുവനായി അവതരിപ്പിക്കാറില്ല. കാരണം ഓരോ അവതരണവും അത്ര ദീർഘവും വിശദവുമാണ്. അതിനാൽ ഒരു നാടകത്തിനെ പല അങ്കങ്ങളായി തിരിച്ച് അവതരിപ്പിക്കുന്നു. ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പേരും നൽകിയിരിക്കുന്നു.ഉദാഹരണത്തിന് സ്വപ്നവാസവദത്തം എന്ന നാടകത്തിന് ആറ് പ്രത്യേക അങ്കങ്ങളുണ്ട്. ഓരോ അങ്കങ്ങളും പൂർണമായിരിക്കും.
ബ്രഹ്മചര്യാങ്കം,പണ്ടത്താങ്കം, ഷഫലികാങ്കം, ചിതഫലകാങ്കം തുടങ്ങിയവയാണ് – പ്രതിജ്ഞാനാടകത്തിന് ഒരു അങ്കമേയുള്ളൂ. മന്ത്രാങ്കം. പക്ഷേ അത് മുഴുവനായി അവതരിപ്പിക്കാൻ 41 ദിവസം വേണം. വിദൂഷകവേഷത്തിൽ വരുന്ന ചാക്യാർ 41 ദിവസം കൊണ്ട് സൂര്യനു താഴെയുള്ള സകല കാര്യങ്ങളും ഫലിതം കലർത്തി പറഞ്ഞ് തീർക്കുന്ന ഈ മന്ത്രാങ്കത്തിനെ പ്രബന്ധക്കൂത്ത് എന്നും വിളിക്കുന്നു. അതുപോലെ തന്നെ ആശ്ചര്യചൂഡാമണിയിലെ അംഗുലിയാങ്കം രാമായണം കഥ മുഴുവനും , ഹനുമാന്‍റെ വാനരോത്പത്തി ഉൾപ്പെടെ 12 ദിവസം കൊണ്ട് അംഗികാഭിനയത്തിലൂടെ അഭിനയിച്ച് തീർക്കുന്നു. ഒരു നാടകത്തിലെ ഒരങ്കം മാത്രമേ ഒരു സമയം അവതരിപ്പിക്കൂ എങ്കിലും തുടക്കത്തിൽ നിർവഹണം എന്ന ഒരിനം കൂടിയുണ്ട്. ഇതിൽ ഒരു കഥാപാത്രം മുമ്പുള്ള അങ്കങ്ങളിലെ സംഭവങ്ങൾ ചുരുക്കി അഭിനയിക്കുന്നു. ഈ നിർവഹണത്തിന് പല ദിവസങ്ങൾ വേണ്ടി വരും. വിദൂഷകനാണ നിർവഹണം ചെയ്യുന്നതെങ്കിൽ അത് വിശദമായ പ്രഭാഷണശൈലി കൈവരിക്കും.പല ദിവസങ്ങൾ വേണ്ടി വരും. വിദൂഷകനാണ് നിർവഹണം ചെയ്യുന്നതെങ്കിൽ അത് വിശദമായ പ്രഭാഷണശൈലി കൈവരിക്കും.
അവതരണം
കൂടിയാട്ടം അവതരണം രണ്ട് തരത്തിലുണ്ട്. വിദൂഷകന്‍റെ പ്രാധാന്യം അനുസരിച്ചാണ് ഈ തരം തിരിവ്. സുഭദ്രാധനഞ്ജയത്തിന്‍റെ ഒന്നാമങ്കം വിദൂഷകപ്രാധാന്യമുള്ളതാണ്. അതിനാൽ വാചികാഭിനയത്തിനാണ് ഇതിൽ മുൻതൂക്കം. വിദൂഷകൻ മലയാളത്തിലാണ് സംസാരിക്കുക. കഥാപാത്രങ്ങൾ ചൊല്ലുന്ന സംസ്കൃതശ്ലോകങ്ങൾ വിദൂഷകൻ മലയാളത്തിൽ വ്യാഖ്യാനിക്കും. നർമം കലർത്തിയുള്ള വിദൂഷകന്‍റെ സംഭാഷണം സദസ്യരെ കൂടുതൽ രസിപ്പിക്കുന്നു.
വിശദവ്യാഖ്യാനം
കൂടിയാട്ടത്തിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകത കഥാപാത്രങ്ങൾ ഓരോ ശ്ലോകവും ആഗ്യകാഭിനയത്തിലൂടെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു എന്നതാണ്. കൂടാതെ വിദൂഷകന്‍റെ വായ്മൊഴികളും. ശ്ലോകങ്ങളുടെ ആന്തരികാർഥങ്ങളാണ് കാണികൾക്കായി നടൻമാർ അഭിനയിച്ചുകാണിക്കുന്നത്. ഇത്തരം വിശദമായ, ദീർഘമായ അഭിനയം വളരെ ശ്രദ്ധാലുവല്ലാത്ത പ്രേക്ഷകന് ദുഷ്കരായി തോന്നാം. അങ്ങനെയുള്ളവർക്ക് കുറച്ചെങ്കിലും ആസ്വാദനത്തിനുള്ള വഴി നൽകുന്നതാണ് വിദൂഷകന്‍റെ മലയാളസംഭാഷണങ്ങൾ. വിദൂഷകൻ അവതരിപ്പിക്കാറുള്ള പുരുഷാർഥ കൂത്തിൽ മനുഷ്യന്‍റെ നാല് അവസ്ഥകളെയും വർണിക്കുന്നു. (രാജസേവ, ആസനം, വിനോദം, വഞ്ചനം) ഈ നാല് പുരുഷാർഥങ്ങൾക്കും ധർമം, അർഥം, കാമം, മോക്ഷം എന്ന് വ്യാഖ്യാനങ്ങൾ നൽകി. അവതരിപ്പിക്കുന്നു.ഇത്രയും കാര്യങ്ങൾ പുരുഷാർഥകൂത്തിലൂടെ അവതരിപ്പിക്കാൻ 4 ദിവസം വേണ്ടിവരും. സമൂഹത്തിലെ തിന്മകളെയും സദസ്സിലെ മാന്യൻമാരെയും ഒക്കെ നർമത്തിലൂടെ വിമർശിക്കാൻ ഈ അവസരം ചാക്യാർ പ്രയോജനപ്പെടുത്തുന്നു.
ചാക്യാർകൂത്ത്
പണ്ടു കാലത്ത് വിദൂഷകവേഷധാരികളായ ചാക്യാൻമാർ ഒറ്റയ്ക്ക് അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ പുരാണകഥകൾ വളരെ രസകരമായി പ്രക്ഷകർക്കായി ചൊല്ലിക്കൊടുത്തിരുന്നു. ഈ ചാക്യാൻമാർ സംസ്കൃത പണ്ഡിതൻമാരായിരുന്നു. സംസ്കൃതശ്ലോകങ്ങളായി രചിച്ചിട്ടുള്ള കഥകൾ മലയാളത്തിൽ വിവരിക്കുന്നത് കേൾക്കാൻ ധാരാളം പ്രേക്ഷകർ കൂത്തമ്പലത്തിൽ എത്തുന്നു.വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് വിദൂഷകൻ. വിദൂഷകൻ പ്രാകൃതഭാഷയും സംസ്കൃതഭാഷയും മലയാളഭാഷയും ഉപയോഗിക്കുന്നു. കൂത്തിന് മിഴാവും കുഴിത്താളവും അകമ്പടി സേവിക്കുന്നു.
നങ്ങ്യാർകൂത്ത്
മേൽപ്പറഞ്ഞ പോലെ സ്ത്രീ കഥാപാത്രങ്ങളെ കൂടിയാട്ടത്തിൽ അവതരിപ്പിക്കുന്നത് നമ്പ്യാർ വിഭാഗത്തിൽപെടുന്ന സ്ത്രീകളാണ്. അവരാണ് നങ്ങ്യാരൻമാർ. കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൽ അവർ അവതരിപ്പിക്കുമ്പോഴും നങ്ങ്യാരൻമാർ മാത്രം അവതരിപ്പിക്കുന്നതാണ് നങ്ങ്യാർകൂത്ത്. സാധാരണ ശ്രീകൃഷ്ണകഥകളാണ് നങ്ങ്യാർ കൂട്ടത്തിന്‍റെ പ്രതിപാദ്യവിഷയം. സാധാരണ ശ്രീകൃഷ്ണലീല, പൂതന മോക്ഷം, കംസവധം, തുടങ്ങിയവയാണ് നങ്ങ്യാർകൂട്ടത്തിൽ അവതരിപ്പിക്കുക. നങ്ങ്യാർകൂത്തിനെ നങ്ങ്യാരമ്മകൂത്ത് എന്നും പറയാറുണ്ട്. മിഴാവും, ഇടയ്ക്കയും, കുഴിത്താളവും ആണ് ഇതിനും പക്കമേളങ്ങൾ.
കേരളത്തിലെ പ്രധാനപ്പെട്ട കൂടിയാട്ട ഗുരുകുലങ്ങളാണ് തിരുവനന്തപുരത്തെ മാർഗ്ഗി, കോട്ടയത്തെ പൊതിയൽ ഗുരുകുലം, ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം, ആലുവയിലെ നേപിഥ്യ, പെങ്കുളത്തെ പൈങ്കുളം രാമാ ചാക്യാർ സ്മാരക കലാപീഠം, പാലക്കാട്ടെ മാണി മാധവചാക്യാർ സ്മാരക ഗുരുകുലം, തൃശൂർ ചാത്തക്കുടത്തെ മിഴാവുകളരി. – കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം കൂത്തമ്പലങ്ങൾ ഉണ്ട്. കൂത്തമ്പലങ്ങളിൽ മാത്രം അരങ്ങേറിയിരുന്ന കൂടിയാട്ടം ഇന്ന് ക്ഷേത്രങ്ങൾക്കു പുറത്ത് പൊതുവേദിയിലും കേരളത്തിനുപുറത്തും ഭാരതത്തിനു പുറത്തും അവതരിപ്പിച്ചു വരുന്നു.
This Page Will Provide You With An Enormous Collection Of The Vibrant Art Forms Of India .Here Art Forms Are Classified Under Several Categories Such As Traditional Dance Forms,Indian Dance Forms,Music & Architecture Etc………Now Click On Curriculum Button To Make It More User Friendly………..
-
TRADITIONAL DANCE FORMS
-
INDIAN MUSIC FORMS
-
INDIAN ARCHITECTURE
-
CLOTHING IN INDIA
-
PAINTINGS