മോഹിനിയാട്ടം
മോഹിനിയാട്ടം
പാലാഴി മഥനം നടക്കുകയാണ്. വിസ്തൃതമായ പാലാഴി തികച്ചും സൗമ്യയാണ്. കാലാവസ്ഥാവ്യതിയാനങ്ങൾ ഒന്നും തന്നെ സംഭവിക്കുന്നില്ല. പാലാഴി കടയാൻ മന്ഥരപർവതത്തെയാണ് മത്താക്കിയിരിക്കുന്നത്. അതിൽ വരിഞ്ഞിരിക്കുന്ന കയറോ? ഉഗ്രവിഷപാമ്പായ വാസുകിയും. കയറിന്‍റെ ഒരു വശത്ത്, ദേവൻമാരും മറുഭാഗത്ത് ദാനവൻമാരും. തലഭാഗം കിട്ടിയത് ദേവൻമാർക്ക്. പാലാഴിമഥനം ആരംഭിച്ചു. അമൃതിനുവേണ്ടിയുള്ള കടച്ചിലിൽ ഓരോ സാധനങ്ങൾ പൊന്തി വന്നു കൊണ്ടിരുന്നു. കൂട്ടത്തിൽ കൽപ വൃക്ഷവും കാമധേനുവും ഒക്കെ പുറത്തു വന്നു. അതുവരെ കിട്ടിയ നിധികളെല്ലാം ദേവൻമാരെടുത്തു. ഏറ്റവും ഒടുവിൽ അതാ അമൃതകുംഭവും പൊന്തി. പക്ഷെ അത് ദാനവൻമാർ കൈക്കലാക്കി. ഇതിന്‍റെ അപകടം മനസ്സിലാക്കിയ ദേവൻമാർ മഹാവിഷ്ണുവിനെ കണ്ട് സങ്കടം ഉണർത്തിച്ചു. ലോകം നേരിടാൻ പോകുന്ന മഹാവിപത്തിൽ നിന്നും രക്ഷിക്കണമെന്നപേക്ഷിച്ചു. മഹാവിഷ്ണു അതിസുന്ദരിയായ മോഹിനിയുടെ വേഷം പൂണ്ട് അവരുടെ രക്ഷക്കെത്തുന്നു.
അതീവ സൗന്ദര്യം തുളുമ്പുന്ന മോഹിനി , സംഗീതത്തിന്‍റെ അകമ്പടിയോടെ , വെട്ടിത്തിളങ്ങുന്ന പ്രഭയോടെ സ്വർഗീയനർത്തകിയായി ദാനവൻമാരുടെ (അസുരൻമാരുടെ) മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ദേവൻമാരുടെ രക്ഷകയായി എത്തുന്ന ആ മോഹിനിയാണ് ഇവിടെ നിങ്ങളുടെ മുമ്പിൽ എത്തുന്ന ആട്ടക്കാരി. ചിലങ്കയുടെ നാദത്തിൽ പാദങ്ങളുടെ സൗന്ദര്യാത്മകചലനങ്ങളിൽ നൃത്തം ചവിട്ടി മുമ്പിലെത്തുന്ന മോഹിനി അന്ന് ദാനവൻമാരോട് “അല്പനേരം കണ്ണടച്ചിരിക്കൂ” എന്ന് നിർദ്ദേശിച്ച് അമൃത് കവർന്നതുപോലെ ഇന്ന് നർത്തകിയായ മോഹിനി കാണികളോട് പറയുന്നു, “ഒരു നിമിഷം കണ്ണടയ്ക്ക് ഞാനും നിങ്ങളുടെ ആസ്വാദനശേഷിയെന്ന അമൃതെടുക്കട്ടെ’ എന്ന് . ഈ ദൈവിക കലാരൂപം നിങ്ങളിൽ ദിവ്യാനുഭൂതി സൃഷ്ടിക്കും. ഈ നൃത്തം നിങ്ങൾക്കും അമരത്വം നൽകും. നമ്മുടെ മനസ്സിനെ, ചിന്തകളെ ത്രസിപ്പിക്കുന്ന ഈ നൃത്തമാണ് മോഹിനിയാട്ടം.
ഐതിഹ്യം
ഐതിഹ്യങ്ങളുടെ പിൻബലത്തോടെയാണ് പല കാര്യങ്ങളും ഭാരതീയർ നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ സർഗാത്മക കഴിവുക ളുടെ വികസനത്തിന് ഒരളവുവരെ ഐതിഹ്യങ്ങളും ദൈവികത്വവും സ്വാധീനം ചെലുത്തുന്നുണ്ട്. കൂടാതെ സൗന്ദര്യം ദർശിക്കുന്ന ഏതിനേയും ആരാധിക്കാനും അതിനെയെല്ലാം ഒരു മാറ്റവും കൂടാതെ അടുത്ത തലമു റക്ക് കൈമാറാനും ഭാരതീയർ ശ്രദ്ധിച്ചിരുന്നു.നമ്മുടെ ഐതിഹ്യങ്ങളിൽ മോഹിനിയും ദാനവൻമാരും അഥവാ അസുരൻമാരും തമ്മിലുള്ള ധാരാളം ഏറ്റുമുട്ടലുകൾ വിവരിക്കുന്നുണ്ട്. അപ്പോഴെല്ലാം ജീവൽബാന്ധവനായ മഹാവിഷ്ണുതന്നെ അവതരിച്ച് പരിഹാരം കാണുന്നു.
ലാസ്യഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രണയാതുരയായി മോഹിനി നൃത്തം വയ്ക്കുന്നു .അതാണ് മോഹിനിയാട്ടം.
ശൈലി
പല ശതാബ്ദങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് മോഹിനിയാട്ടത്തിന്‍റെ ശൈലിയും. ഒരു കാലത്ത് ഭാരതത്തിലെ നൃത്തങ്ങൾക്കെല്ലാം തന്നെ ഒരു സമാനതയുണ്ടായിരുന്നു. ക്രമേണ പല വ്യതിയാനങ്ങളും അവയ്ക്ക് സംഭവിച്ചു. ഭൂമിശാസ്ത്രപരമായും സാമൂഹ്യപരമായും മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മോഹിനിയാട്ടത്തിനും പ്രത്യേകമായ ഒരു ഘടന കൈവന്നു. ഇതേ പോലെ പരിണാമങ്ങൾ സംഭവിച്ച് പ്രധാനപ്പെട്ട ഭാരതീയ നൃത്തങ്ങളാണ് കഥകളി, ഭരതനാട്യം, മണിപ്പൂരിനൃത്തം,കഥക് തുടങ്ങിയവ ഇന്നിപ്പോൾ ഏതെല്ലാം തരത്തിലുള്ള നൃത്ത രൂപങ്ങളാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. നാട്യശാസ്ത്രമാണ് എല്ലാ നൃത്തരൂപങ്ങൾക്കും അടിസ്ഥാനമെങ്കിലും എല്ലാം വളരെ പ്രകടമായ വ്യത്യസ്തത പുലർത്തുന്നുണ്ട്.
അടുത്ത കാലം വരെയും ധരിച്ചു പോന്നിരുന്നത് ഈ നൃത്തശൈലികൾ മാത്രമാണ് ഭാരതീയ ശാസ്ത്രീയ നൃത്തകലകളെന്നായിരുന്നു. പിന്നീടാണ് കുച്ചിപ്പുടിയും ഒഡിസ്സിയും മോഹിനിയാട്ടവും ഒക്കെ അതിന്‍റെ ജന്മനാടുകളിൽ നിന്നും ആധുനിക കലാസ്നേഹികൾ നഗരവേദികളിലേക്ക് കൊണ്ടു വന്നത്.
പ്രാദേശിക ഗ്രാമീണ പാരമ്പര്യ ശൈലികൾ ഈ ശാസ്ത്രീയ നൃത്തങ്ങളിലും സ്വാധീനം ചെലുത്തുകയുണ്ടായി. ഇത്തരം സ്വാധീനങ്ങൾ ഭാരതീയ നൃത്തരൂപങ്ങൾക്ക് കൂടുതൽ മിഴിവും നിലവാരവും വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നു തന്നെ പറയാം. അടിസ്ഥാനപരമായി തമിഴ് – മലയാളം സംസ്കാരങ്ങളുടെ മനോഹരമായ കൂടിച്ചേരൽ മോഹിനിയാട്ടത്തെ അതീവ ഹൃദ്യമാക്കി. മോഹിനിയാട്ടത്തിന്‍റെ പദങ്ങളിൽ കേരളത്തിലെ സ്ത്രീകളുടെ നാടോടി നൃത്തങ്ങളിലെ ലാസ്യഭാവം തുളുമ്പുന്ന രചനകളുടെ ഭംഗി ദർശിക്കാം.
കേരളത്തിന്‍റെ തനതായ ശാസ്ത്രീയ നൃത്തകലയായ കഥകളിയിൽ പുരുഷമേധാവിത്വം ഉണ്ടായിരുന്ന കാലത്ത് സ്ത്രീകൾക്ക് യോജിക്കുന്ന ഒരു നൃത്തശൈലി കൂടി വേണമെന്ന ഒരാവശ്യത്തിൽ നിന്നാണ് സ്ത്രീകൾക്കിണങ്ങുന്ന ഒരു ലാസ്യനൃത്തമെന്ന രീതിയിൽ മോഹിനിയാട്ടം ഉരുത്തിരിഞ്ഞു വന്നതെന്നും ഒരു വാദഗതിയുണ്ട്. നിലവിലുണ്ടായിരുന്ന പല നൃത്തരൂപങ്ങളുടെയും ചട്ടകൂടുകളിൽ നിന്നും രൂപപ്പെടുത്തി അതിന് അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലും തമിഴ്നാട്ടിലും നിലനിന്നിരുന്ന, ഭരതന്‍റെ നാട്യശാസ്ത്ര പ്രകാരം ചിട്ടപ്പെടുത്തിയ നൃത്ത ശൈലികളുടെ മജ്ജയും മാംസവും നൽകി മോഹിനിയാട്ടത്തെ പുഷ്ടിപ്പെടുത്തുകയാണുണ്ടായത്.
പഴക്കം
മോഹിനിയാട്ടത്തിന്‍റെ പഴക്കത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചില പണ്ഡിതൻമാർ പറയുന്നത് മോഹിനിയാട്ടത്തിന്‍റെ തുടക്കം എ. ഡി. രണ്ടാം നൂറ്റാണ്ടിൽ രൂപം കൊണ്ട ചിലപ്പതികാരത്തിന്‍റെ കാലഘട്ടത്തിലാണ് എന്നാണ്. എന്നാൽ ചിലരുടെ വാദഗതി എ. ഡി. പത്താം നൂറ്റാണ്ടിലാണ് എന്നാണ്. എ. ഡി. 16-ാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട “വ്യവഹാരമാല’ ക്ക് എ. ഡി. 1709-ൽ മലയാളത്തിൽ രചിച്ച വ്യാഖ്യാനത്തിൽ മോഹിനിയാട്ടം കലാകാരികൾക്ക് പ്രതിഫലം കൊടുത്തതായി പരാമർശിക്കുന്നുണ്ട്. പിന്നീട് ഓട്ടൻതുള്ളലിന്‍റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരും മോഹിനിയാട്ടത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മോഹിനിയാട്ടത്തിന് കൂടുതൽ ബലം കിട്ടുന്നത് ശ്രീ കാർത്തികതിരുന്നാൾ രാമവർമ (1758-98) രചിച്ച “ബാലരാമ ഭാരതം’ പുറത്തു വന്നതോടെ ആണ്. സംസ്കൃതത്തിൽ രചിച്ച ഈ കൃതിക്ക് അടിസ്ഥാനം നാട്യശാസ്ത്രമാണ്. അതിൽ നൃത്തത്തിനോട് കൂടുതൽ ചായ്വ്പ്രകടിപ്പിക്കുന്നതായി കാണാം. ഉള്ളൂർ എസ്. പരമേശ്വരയ്യർ അദ്ദേഹത്തിന്‍റെ കേരളസാഹിത്യ ചരിതത്തിൽ പറയുന്നുണ്ട്. “പരദേശത്തു നിന്നും (തമിഴ് നാട് ) വന്ന ദാസിയാട്ടം’ ദർശിച്ച കാർത്തിക തിരുനാൾ മഹാരാജാവ് അതീവ സന്തുഷ്ടനായിരുന്നു”. ഈ നൃത്തകലയെ ( മോഹിനിയാട്ടത്തെ) കേരളം മുഴുവൻ പ്രചരിപ്പിക്കാൻ അദ്ദേഹം രാജസദസ്സിലെ കറുത്തേടത്തു ചോമാതിരിയെ ശട്ടം കെട്ടുന്നു. അങ്ങനെ ആദ്യമായി കേരളത്തിൽ മോഹിനിയാട്ടം പ്രചരിച്ചു തുടങ്ങി.
വളരെ നാൾ ചരിത്രകാരൻമാർ ധരിച്ചു വച്ചിരുന്നത് സ്വാതിതിരുന്നാളാണ് ഈ കലയെ കേരളത്തിൽ പ്രചരിപ്പിച്ചതെന്നാണ്. കാരണം സ്വാതിതിരുന്നാൾ രചിച്ച കൃതികളാണ് മോഹിനിയാട്ടത്തിന് കൂടുതലായും ഉപയോഗിച്ചു വന്നത്. കൂടാതെ തഞ്ചാവൂർ മഹാരാജാവായിരുന്ന സർഫോജിയുടെ കാലശേഷം സഹോദരൻമാരായ പൊന്നയ്യയും വടിവേലുവും (ഇവരാണ് ഭരതനാട്യത്തെ ഇന്നു കാണുന്ന രീതിയിൽ ചിട്ടപ്പെടുത്തിയത് ) സ്വാതിതിരുന്നാളിന്‍റെ സദസ്സിലേക്ക് വന്നു ചേർന്നു. കവിയെന്ന നിലയിലും സംഗീതജ്ഞനെന്ന നിലയിലും കഴിവുറ്റ കലാകാരനായിരുന്ന സ്വാതിതിരുന്നാൾ ഈ നൃത്തത്തിന്‍റെ സാധ്യതകൾ മനസ്സിലാക്കി അതിനെ പുഷ്ടിപ്പെടുത്തുന്ന ചുമതല ഏറ്റെടുത്തു.
അങ്ങനെ ഭരതനാട്യത്തിനു സമാന്തരമായി മോഹിനിയാട്ട ശാഖയും വികസിപ്പിച്ചു. ഇതിന് ഏറ്റവും സഹായകമായത് തഞ്ചാവൂർ സഹോദരൻമാരുടെ സംഭാവനകളാണ്. സ്വാതി കൃതികൾ അവർ മോഹിനിയാട്ടത്തിനായി ചിട്ടപ്പെടുത്തി.
ഭരതനാട്യവും മോഹിനിയാട്ടവും തമ്മിലുള്ള വ്യത്യാസങ്ങൾ
ഭരതനാട്യ അവതരണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നത് താഴെ പറയുന്ന ഇനങ്ങളാണ്.
അലാരിപ്പ് പദം
ജതിസ്വരം ജാവളി
ശബ്ദം ശ്ലോകം
വർണം തില്ലാന
മോഹിനിയാട്ടത്തിൽ അലാരിപ്പ് എന്നൊരിനം ഇല്ല. എന്നാൽ ചൊൽക്കെട്ടോടുകൂടിയാണ് തുടക്കം. അതിനുശേഷം വരുന്നത് ജതിസ്വരം. ശബ്ദം എന്ന ഇനം മോഹിനിയാട്ടത്തിലില്ല. അത് ചൊൽക്കെട്ടിലേക്ക് ലയിപ്പിച്ചിരിക്കുന്നു. തുടർന്ന് വരുന്നത് പദവർണം. ഇത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഉണ്ട്. കാരണം നൃത്തവും അഭിനയവും ഇടകലർത്തി കൂടുതൽ സൗന്ദര്യം നൽകുന്നത് പദവർണമാണ്. മോഹിനിയാട്ടത്തിൽ പദങ്ങൾ ധാരാളമായി ഉപയോഗിച്ചു വരുന്നു. ശ്ലോകം, ജാവളി, തില്ലാന് തുടങ്ങിയ വയാണ് മറ്റിനങ്ങൾ.
മോഹിനിയാട്ടത്തിന്‍റെ ഏറ്റവും ആകർഷകമായ പ്രത്യേകത സംസ്കൃതം കൂടാതെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളും പദങ്ങളിൽ ഉപയോഗിക്കുന്നു എന്നതാണ്. സാങ്കേതികമായി നോക്കിയാൽ അടിസ്ഥാന നിലകളിൽ കഥകളിയിലെപ്പോലെയാണ് പാദങ്ങൾ ഊന്നുന്നത്. പക്ഷെ ഒരു ചെറിയ വ്യത്യാസം കാണാം. കഥകളിയിൽ പാദങ്ങളുടെ അരികാണ് ഊന്നുന്നതെങ്കിൽ മോഹിനിയാട്ടത്തിൽ പാദങ്ങളുടെ അടിവശം മുഴുവനായി തറയിൽ സ്പർശിച്ചാണ് നില. പാദചലനങ്ങൾ ഭരതനാട്യത്തിലെപ്പോലെയാണെങ്കിലും ശക്തിയായ ചവിട്ട് മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്നില്ല. ശരീരചലനങ്ങൾക്ക് വൃത്താകൃതിയിലുള്ള തിരിവുകളുള്ളതുകൊണ്ട് ലാസ്യഭാവം കൂടും. ശരീരത്തിന്‍റെ മുകൾഭാഗവും താഴ്ഭാഗവും മനോഹരമായി തുലനം ചെയ്തുള്ള ചലനങ്ങൾ നൃത്തത്തിനെ കൂടുതൽ ആകർഷകമാക്കുന്നു. ലളിതമായ വെള്ളക്കസവ് ആടയും ആഭരണങ്ങളും കേരളത്തിന്‍റെ നൈർമല്യം പ്രതിഫലിപ്പിക്കുന്നതാണ്. കഥകളിയിലെ അഭിനയ സങ്കേതങ്ങളെ നേർപ്പിച്ച് കൂടുതൽ ഭാവതീവ്രതയോടെ ഉപയോഗിക്കുകയാണ് മോഹിനിയാട്ടത്തിൽ.
മോഹിനിയാട്ടത്തിലെ നയനാഭിനയം എടുത്തുപറയേണ്ട സവിശേഷതയാണ്. നർത്തകിയുടെ നൃത്തം ചെയ്യുന്ന മിഴികളും നമ്മെ ഒരു മാസ്മരിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. മഹാവിഷ്ണുവിന്‍റെ മോഹിനി വേഷവും ആ മോഹിനി അസുരൻമാരെ ഏതോ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന്‍റെ രഹസ്യവും മറ്റൊന്നല്ല. ശരിക്കും ഒരു മോഹിനിയാട്ട നർത്തകി ചെയ്യുന്നത് മായയാകുന്ന വല വിരിച്ച് പ്രക്ഷകരുടെ ഉള്ളിലെ അസുരത്വത്തെ കുടുക്കിയിടുകയാണ്. എന്നാൽ പ്രേക്ഷകരിൽ പ്രലോഭനം ഉണ്ടാക്കുകയെന്നത് ഒരു മോഹിനിയാട്ട നർത്തകിയുടെ ലക്ഷ്യമേയല്ല.
20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഈ നൃത്തശൈലി പ്രധാനപ്പെട്ട മൂന്നോ നാലോ ഇനങ്ങളിൽ ഒതുങ്ങി നിന്നെങ്കിൽ പല പ്രമുഖ കലാകാരൻമാരുടെയും ശ്രമഫലമായി ഭാരതത്തിലെ പ്രധാനപ്പെട്ട നൃത്തകലകളിൽ ഒന്നായി മാറിയിരിക്കുന്നു നമ്മുടെ മോഹിനിയാട്ടം.
This Page Will Provide You With An Enormous Collection Of The Vibrant Art Forms Of India .Here Art Forms Are Classified Under Several Categories Such As Traditional Dance Forms,Indian Dance Forms,Music & Architecture Etc………Now Click On Curriculum Button To Make It More User Friendly………..
-
TRADITIONAL DANCE FORMS
-
INDIAN MUSIC FORMS
-
INDIAN ARCHITECTURE
-
CLOTHING IN INDIA
-
PAINTINGS