കുച്ചിപ്പുടി
ശിവ-ലീല പാരമ്പര്യം
ഭരതനാട്യം എന്നതുപോലെ കുച്ചിപ്പുടി എന്ന പേരും ആധുനികമാണ്. എങ്ങനെ ഈ പേര് വന്നു എന്ന കാര്യത്തെക്കുറിച്ച് അത്ര വലിയ തിരിച്ചറിവൊന്നും ആർക്കുമില്ല. എങ്കിലും ഈ നൃത്തത്തിന്‍റെ പാരമ്പര്യ ശൈലിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ ഏതൊരാളും അതിനെ പാരമ്പര്യവുമായി ബന്ധിപ്പിച്ചിരിക്കുന്ന ചരടുകളിലേക്ക് ഒന്നെത്തി നോക്കിപ്പോകും. ആന്ധ്രയിലെ കുച്ചിപ്പുടി വില്ലേജിൽ അവരുടെ കലകളെ ബന്ധപ്പെടുത്തുന്നത് ഭാഗവതനാടകം, യക്ഷഗാനം, ഭരതനാട്യം, വീഥിനാടകം മുതലായവയോടാണ്. കുച്ചിപ്പുടി നൃത്തമാവട്ടെ ഇതെല്ലാമാണ്. എന്നാൽ ഇതിൽ കൂടുതൽ മറ്റെന്തോ ആണുതാനും. ഒരുപക്ഷെ കുച്ചിപ്പുടി എന്നത് ക്ലാസിക്കൽ ടെക്സ്റ്റുകളിലെ കേളികയാവാം.
ഒരു സുപ്രധാന ചോദ്യം ഇപ്പോഴും നിലവിലുള്ളത് ഈ നൃത്തരൂപത്തിന്‍റെ പിതാവ് സിദ്ധരൂയോഗി എന്ന സന്യാസി ആണോ എന്നതാണ്. അതോ അദ്ദേഹത്തിന്റെ നൃത്തശൈലിക്ക് ശാസ്ത്രീയ അടിത്തറ നൽകിയതാണോ? പക്ഷെ ഒരു ശാസ്ത്രീയ നൃത്തപാരമ്പര്യമേ ഇല്ലാത്ത സ്ഥലത്ത് യോഗി കണ്ടുപിടിച്ച്
നൃത്തരൂപമാണ് കുച്ചിപ്പുടി എന്നുള്ള കാര്യം ഒട്ടും സ്വീകാര്യമേ അല്ല. എന്നാൽ ആന്ധയുടെ ചില ഭാഗങ്ങളിൽ ശിവ-ലീല എന്ന ഒരു കലാരൂപം നൃത്തവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. എന്നാൽ ഇതിനെ ബലപ്പെടുത്തുന്ന എന്തെങ്കിലും തെളിവോ അതിന്റെ ഉള്ളടക്കം എന്തായിരുന്നെന്നോ എന്നുള്ള ഒരു വിവരവും ലഭ്യമല്ല.
അക്കാലത്ത് നൃത്ത രൂപങ്ങളെക്കുറിച്ച് പരാമർശിക്കുന്ന “പണ്ഡിതാരാധ്യചരിതം’ എന്ന പുസ്തകത്തിലും മേൽപ്പറഞ്ഞ ശിവലീലയെക്കുറിച്ച് പരാമർശമില്ല. എന്നാൽ ശിവലീലയുടെ ചില് അംശങ്ങൾ വായ് മൊഴിയായി ചില കുച്ചിപ്പുടി ഭാഗവതർ മാർ അവതരിപ്പിച്ചു വന്നിരുന്ന അർദ്ധനാരീശ്വരയിൽ (പഗതി വേഷം) കാണാമാ യിരുന്നു. കുച്ചിപ്പുടിയുടെ ഭാഗവത പാരമ്പര്യം 1300-AD യ്ക്ക് ശേഷം മാത്രമാണ് നിലവിൽ വന്നത്. – യുഗങ്ങളായി നിലനിൽക്കുന്ന കുച്ചിപ്പുടി 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ നില നിന്നിരുന്ന ദേവദാസി പാരമ്പര്യം നശിച്ചു വന്നപ്പോൾ കുച്ചിപ്പുടികലാകാരൻമാർ ആയിരിക്കണം അതേറ്റെടുത്ത് രക്ഷിക്കാനായി മുന്നോട്ടുവന്നത്. ഈ അവസരത്തിലായിരുന്നു ഒരു വൈഷ്ണവിത് സങ്കല്പവുമായി സിദ്ധേന്ദ്രയുടെ രംഗപ്രവേശം.
AD 1499-ാമാണ്ടിൽ ഗജപതി രാജാവായിരുന്ന പ്രതാപരുദ്രദേവയുടെ ഒരു ഉത്തരവിൽ, തെലിംഗസംഘത്തിൽപ്പെട്ടവരുൾ- പ്പെടെയുള്ള ഒരു സംഘം നർത്തകർ അവരുടെ കുടുംബദേവതയായ പുരി ജഗന്നാഥനു മുമ്പിൽ ഗീതഗോവിന്ദാദിനചര്യ- യെന്നോണം അവതരിപ്പിക്കേണ്ടതാണെന്ന് പറഞ്ഞിരുന്നു. ഗീതഗോവിന്ദം പാടുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതി കലിംഗദേശത്തിൽ നിലവിൽ വന്നത് 13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണെന്നു കണ്ടെത്തിയത് വിഷയം കൂടുതൽ സങ്കീർണമാക്കി. പുരിയിൽ ഗീതഗോവിന്ദാ ചടങ്ങായി നടത്താനായി തെരഞ്ഞെടുത്ത നർത്തകർ ശ്രീകാകുളത്തുനിന്നായിരുന്നു. കൃഷ്ണലീലാതരംഗിണി കലാരൂപത്തിന്റെ സംവിധായകനും സിദ്ധേന്ദയോഗിയുടെ ഗുരുവും ആയ നാരായണതീർത്ഥ വാരണസിയിൽ നിന്നും മടങ്ങ് പുരിയിൽ എത്തുകയും അവിടെ അദ്ദേഹം ഗീതഗോവിന്ദത്തിന്റെ സംഗീത നൃത്ത പാരമ്പര്യം തുടങ്ങിവയ്ക്കുകയും ചെയ്തു എന്നു വേണം കരുതാൻ.
ചുരുക്കത്തിൽ കുച്ചിപ്പുടിന്യത്തത്തിന്റെ ചരിത്രം ചികയാൻ പോയാൽ എങ്ങും എങ്ങും എത്താൻ സാധ്യത കാണുന്നില്ല. എങ്കിലും കുച്ചിപ്പുടി നൃത്തത്തിന്റെ ഉറവിടം തേടുമ്പോൾ പ്രാദേശിക പാരമ്പര്യമനുസരിച്ച് സിദ്ധേന്ദയോഗി ചിട്ടപ്പെടുത്തിയ പാരിജാത അപഹരണം എന്ന നൃത്തനാടകത്തിൽ ചെന്നെത്തും.
ഈ നാടകം കലാപം എന്ന നൃത്തരൂപത്തിന് വഴിവച്ചു. സിദ്ധേന്ദ്ര ചിട്ടപ്പെടുത്തിയ രൂപമാണ് ഭാമകലാപമായി അറിയപ്പെടുന്നത്. ഇത് ശാസ്ത്രീയ ഉപരൂപക ശീഗഡിതം പരിഷ്കരിച്ചതാണ്. നൃത്തനൃത്യരൂപത്തിൽ ഒരു ഭാവം മാത്രം അവതരിപ്പിക്കുന്ന രീതിയാണത്. ഭാമകലാപം എന്നത് സത്യഭാമയും തോഴി മാധവിയും തമ്മിലുള്ള സംഭാഷണമാണ്.
കുച്ചിപ്പുടിക്ക് ആധാരം ശ്രീമദ് ഭാഗവതവും രാമായണവുമാണ്. അവയെല്ലാം തന്നെ വാചികാഭിനയത്തിന്റെ ഗണത്തിൽപ്പെടുത്താവുന്നതാണ്. ഓരോ കലാകാരൻമാരും പാടി അഭിനയിക്കണമെന്ന് നിർബന്ധമാണ്. കുച്ചിപ്പുടിയുടെ സംഗീതം ആന്ധഗ്രാമങ്ങളിലെ ഭജനക്കൂട്ടത്തിൽനിന്നും നേരിട്ടു സ്വീകരിച്ചതാണ്. അത് ജീവനുള്ളതും താളാത്മകവും ഒക്കെ ആയിരുന്നെങ്കിലും തികച്ചും ഗ്രാമീണമായിരുന്നു. ഭരതനാട്യത്തിനും മറ്റും ഉള്ളതുപോലെയുള്ള ഒരു സംഗീതം കുച്ചിപ്പുടിക്കും കണ്ടെത്തേണ്ടിയിരുന്നു.
ഭാമകലാപം
സാങ്കേതികത്വത്തിലും ചിട്ട വട്ടങ്ങളിലും കുച്ചിപ്പുടി നാടകങ്ങളും ഭരതന്റെ ശാസ്ത്രീയ നാടക സങ്കല്പങ്ങളുമായി സമരസപ്പെടാൻ ശ്രമിച്ചിരുന്നു. അവതരണത്തിൽ നന്ദികേശ്വരന്റെ അഭിനയദർപ്പണത്തിന്റെ സാങ്കേതികത്വം സാംശീകരിക്കപ്പെടുന്നു. കാരണം നാടകാരംഭം ഗുരു സ്തുതിയോടും നാന്ദിയോടും കൂടിയായിരുന്നു. അതിനുശേഷം പൂർവരംഗവും. ഈ ചടങ്ങുകളെല്ലാം സംഗീതത്തിന്റെയും, ശരീരഭാവങ്ങളുടെയും, ആംഗീകാഭിനയത്തിന്റെയും ചേരുവകളോടെ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവച്ചിരുന്നത്.
പ്രഹ്ലാദനാടകം, രാമനാടകം, ഉഷാപരിണയം, ചെഞ്ചുലക്ഷ്മി, ശശിരേഖാപരിണയം, നളചരിതം, ധ്രുവചരിതം, ത്രിപുര തുടങ്ങിയവ കുച്ചിപ്പുടി നാടകസംഘത്തിന്റെ പ്രസിദ്ധനാടകങ്ങളാണ്. ഏറ്റവും ആദ്യത്തേതും വളരെയധികം ആഘോഷിക്കപ്പെട്ടതും ഭാമകലാപം തന്നെ. ഇതിൽ ഏറ്റവും പ്രശസ്തമായ ഭാഗം ഇന്ദ്രന്റെ പൂന്തോട്ടത്തിൽ നിന്നും പാരിജാതച്ചെടി കൃഷ്ണൻ കൊണ്ടുകൊടുക്കണമെന്ന് സത്യഭാമ നിർബന്ധിക്കുന്നതാണ്. മൂന്നു ദശാബ്ദങ്ങൾക്കു മുമ്പുവരെ ഭാമകലാപം തുടർച്ചയായ മൂന്നു രാത്രികളിലായാണ് അവതരിപ്പിച്ചുവന്നിരുന്നത്. ഒന്നാം രാത്രി മുഴുവൻ സമയവും സത്യഭാമ അരങ്ങു സഹായികൾ പിടിച്ചിരിക്കുന്ന തിരശ്ശീലയ്ക്കു പിന്നിൽ തന്നെയായിരിക്കും. അവൾ തന്റെ 27 കല്ലുകൾ പതിച്ച ജഡ തിരശ്ശീലക്കുമുകളിലൂടെ എറിയുന്നു. ഈ സമയം സൂത്രധാരൻ ജഡയ്ക്ക് ആരതി ഉഴിയുന്നു. ഈ രംഗത്തിന് ജഡാഭാരതം എന്നാണ് പറഞ്ഞിരുന്നത്. ആത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വമാണ് ഭാമകലാപത്തിന്റെ കാതൽ. ഭാമകലാപത്തിന്റെ നൂറോളം രചനകൾ നിലവിലുണ്ടെങ്കിലും കുച്ചിപ്പുടി അവതാരകർ പിൻതുടരുന്ന ടെക്സ്റ്റ് മുഴുവനായും സിദ്ധേന്ദ്ര അംഗീകരിച്ചതല്ല.
AD 1502-ൽ മാച്ചുപ്പള്ളി കൈഫിയത്തിലാണ് കുച്ചിപ്പുടി അവതരണത്തെക്കുറിച്ച് ആദ്യകാല പരാമർശം വരുന്നത് . അതിൽ പറയുന്നു. വിജയനഗരത്തിന്റെ ഭരണാധിപൻ വീരസിംഹരായർ തന്റെ കൊട്ടാരത്തിലെത്തിയ സംഘം അവതരിപ്പിച്ച പരിപാടി പരിവാരസമേതം കാണുകയുണ്ടായി. നാട്യധർമിയും ലോകധർമിയും സന്തുലിതമായി ചേർത്ത് അവതരിപ്പിച്ച പരിപാടി രാജാവിന് നന്നേ ബോധിച്ചു. സമൂഹത്തിനെ വിമർശിച്ചുകൊണ്ട് ലോകധർമി അവതരണത്തിലൂടെ അവതാരകർ ഭരതന്റെ വചനങ്ങളായ “സമൂഹത്തിലെ ദോഷങ്ങളെ തിരുത്താൻ മധുരംപൂശിയ ഗുളികയായി വർത്തിക്കണം തിയേറ്റർ” എന്നതിനോട് നീതി പുലർത്തുകയായിരുന്നു
കുച്ചിപ്പുടി അവതാരകർ താണ്ഡവത്തിന്റെ ഏഴുഭാവങ്ങൾ (ഗതികളായ കരണവും ചാരിയും ദേശികളായ അഞ്ചുമടങ്ങ് ലാസ്യവും) ആണ് പ്രകടിപ്പിച്ചത്. പുഷ്പാഞ്ജലിയും ശുഭലീലയും പിന്നീട് അവതരിപ്പിക്കുകയുണ്ടായി.
ഭാഗവതമേള
കുച്ചിപ്പുടിയിൽ കലാകാരൻമാർ സാധാരണ ജനങ്ങളുടെയും ബുദ്ധിജീവികളുടെയും അംഗീകാരം നേടിയതോടെ പല രാജസദസ്സുകളിലും പരിപാടി അവതരിപ്പിക്കാനായി അവർ ക്ഷണിക്കപ്പെട്ടു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തോടെ കുച്ചിപ്പുടി കലാകാരൻമാർ തഞ്ചാവൂർ കൊട്ടാരത്തിലെത്തി. വളരെ ആദരവോടെ അവർ അവിടെ സ്വീകരിക്കപ്പെട്ടു. അവിടുത്തെ ഭരണാധിപൻ അച്യുതപ്പനായക് അവർക്ക് സ്ഥലം വാങ്ങാനായി ഒട്ടും കുറവല്ലാത്ത സാമ്പത്തികസഹായം ചെയ്തു. അങ്ങനെ തഞ്ചാവൂരിന് പുറത്ത് വികസിച്ച കലാകാരൻമാരുടെ കോളനി മേലത്തൂർ (അച്യുതപുരം) പിന്നീട് ഭാഗവതമേളയുടെ അറിയപ്പെടുന്ന കേന്ദ്രമായി മാറി. ഇപ്പോഴും ഇവിടെ ഭാഗവതമേള നാടകാവതരണ പാരമ്പര്യം തുടർന്നു വരുന്നു. നരസിംഹജയന്തി വാർഷികോത്സവത്തോടനുബന്ധിച്ച് ഭാഗവതത്തിനെയും രാമായണത്തിനെയും അടിസ്ഥാനമാക്കിയുള്ള നാടകാവതരണം ഒമ്പതു രാത്രികളിൽ തുടർച്ചയായി അവതരിപ്പിച്ചു വരുന്നു. അന്നത്തെ ഗോൽക്കൊണ്ട നവാബായിരുന്ന അബുൽ ഹസ്സൻ തനേഷ് നല്ല ഒരു കലാസ്വാദകനായിരുന്നു. കുച്ചിപ്പുടി കലാകാരൻമാരുടെ ബഹുമാനാർത്ഥം അദ്ദേഹം അവരുടെ കോളനിക്ക് കുച്ചിപ്പുടിഗ്രാമം എന്ന പേര് നൽകി. 1763 -AD യിൽ നവാബിന്റെ രണ്ട് ഉദ്യോഗസ്ഥപ്രതിനിധികൾ വേദാന്തം, വെമ്പട്ടി, ഭാഗവതുല, പശുമാർത്തി, ജ്യോസ്യുല, മഹാൻ കാളി, എലേശ്വരപ്പ എന്നീ കുടുംബ പേരുകളിൽ ആധാരം രജിസ്റ്ററാക്കിക്കൊടുത്തു. ഇതുകൊണ്ട് ഈ കലാരൂപവുമായി പാരമ്പര്യമായി ബന്ധപ്പെട്ടിരിക്കുന്ന കുടുംബങ്ങളെ നാം തിരിച്ചറിയുന്നു.
ക്രമേണ കുച്ചിപ്പുടി സംഘത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത തോന്നിത്തുടങ്ങി. ശ്രീനാരായണതീർത്ഥയുടെ സംസ്കൃതശ്ലോകങ്ങൾ (ശ്രീകൃഷ്ണലീലാതരംഗിണി) നൃത്താവിഷ്കാരത്തിന് ധാരാളം സാധ്യതയേകുന്നതായിരുന്നു. അതുപോലെ മോഹനരാഗത്തിലുള്ള ബാലഗോപാലതരംഗം. അതിൽ തന്നെ 35 ഓളം സങ്കീർണതാള വൈവിധ്യമടങ്ങിയ തരംഗങ്ങളിലൊന്നാണ്. ക്ഷേത്രേയ തുടങ്ങിയവർ രചിച്ച ജയദേവന്റെ ഗീതഗോവിന്ദ പദങ്ങൾ കൂടാതെ ദശാവതാരനൃത്യം, ശബ്ദം, കണ്ടാർത്ഥങ്ങൾ, തില്ലാനകൾ തുടങ്ങിയവയെല്ലാം കുച്ചിപ്പുടിക്ക് മുതൽക്കൂട്ടാക്കി. എന്തായാലും ഭാമകലാപവും തരംഗനത്യവും മണ്ഡൂകകൃഷ്ണ ശബ്ദങ്ങളും കുച്ചിപ്പുടിയിൽ ഒഴിവാക്കാൻ പറ്റാത്ത ഇനങ്ങളായി. പക്ഷെ ഇത് ചില വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. ഇതൊക്കെ കുച്ചിപ്പുടി വല്ലാത്തൊരു പരിധിയിലേക്ക് ഒതുങ്ങുന്നു എന്നതായിരുന്നു അത്. മറ്റൊന്ന് ഈ ഇനങ്ങളെല്ലാം കുച്ചിപ്പുടിയുടെ മുഖമുദ്രയായിരുന്ന വാചികാഭിനയത്തെ പിൻതള്ളുകയും നാടകം എന്ന അംശം, മാറി കൂടുതലും നൃത്ത-നൃത്യത്തിലേക്കും അഭിനയത്തിലേക്കും മാറുന്നു എന്നും ആസ്വാദകർ കരുതി.
നാടകഛായ ഉണ്ടായിരുന്നപ്പോൾ കുച്ചിപ്പുടിക്ക് ഇതിഹാസകഥകളായിരുന്നു പ്രതിപാദ്യവിഷയം. അഭിനേതാക്കളുടെ ചമയങ്ങളും വേഷവിധാനങ്ങളും കുറെക്കൂടി ആകർഷകങ്ങളായിരുന്നു. പുരുഷകഥാപാത്രങ്ങൾക്ക് നല്ല എടുപ്പുള്ള നിറപ്പകിട്ടാർന്ന കിരീടങ്ങൾ, ശംഖുചകം, ഭുജകീർത്തി, കർണപത്രം, പതക്കങ്ങൾ, മുണ്ട്, കുർത്ത തുടങ്ങിയ വേഷഭൂഷാദികൾ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കി. സത്യഭാമ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾക്ക് വിസ്തരിച്ച് ആഹാര്യ (വേഷാലങ്കാരങ്ങൾ)മായിരുന്നു. ശരീരത്തിൽ പ്രത്യേക ആഭരണങ്ങൾ അണിഞ്ഞിരുന്നു. ആഭരണങ്ങളുടെ പട്ടിക അങ്ങനെ നീണ്ടുപോകും. ഇതിൽ പലതും ഇന്നും ആർക്കും തിരിച്ചറിയാൻ പോലും കഴിയുന്നില്ല.
നരസിംഹം, ചതുർ മുഖബ്രഹ്മാവ് , ശക്തി, ഹനുമാൻ തുടങ്ങിയ കഥാപാത്രങ്ങൾ മുഖംമൂടി ഉപയോഗിച്ചിരുന്നു. അതിന് കരാളം എന്നു പറയുന്നു.
വിദ്യാരംഭം
പുരാതന ഗുരുകുല സമ്പ്രദായത്തിൽ പരിശീലനത്തിന് ഒരു സിലബസ് ഉണ്ടായിരുന്നതായി അറിവില്ല. വിദ്യാർത്ഥികളുടെ മാനസികാവസ്ഥയും ജ്ഞാനവും അനുസരിച്ച് അധ്യാപകൻ ഓരോ ഇനങ്ങൾ പഠിപ്പിക്കുകയായിരുന്നു. ആചാരപ്രകാരം വിദ്യാർത്ഥിയെ ആദ്യമായി ശ്രീരാമലിംഗേശ്വര ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. എന്നിട്ട് നാട്യവേദം തുടങ്ങി വയ്ക്കുന്നു. ചൊല്ലുകളാണ് ആദ്യം പറയിക്കുക. പതാകിഹസ്തമുദ്ര പിടിച്ചുകൊണ്ട് താ, തെയ്, തെയ്, താതിത്താം……. എന്നു ചൊല്ലിക്കുന്നു. അടിസ്ഥാനസംഗീതത്തിലും നൃത്തത്തിലും അഞ്ചു വർഷത്തെ പരിശീലനത്തിനുശേഷം കുട്ടിയെ ..അഭിനയത്തിന്റെ ബാലപാഠം പരിശീലിപ്പിക്കുന്നു. ഒപ്പം പഞ്ചകാവ്യങ്ങളും. അങ്ങനെ ഏഴുവർഷം പൂർത്തിയാകുമ്പോൾ പ്രഗത്ഭ അഭിനേതാക്കളുടെ പരിപാടികൾ വീക്ഷിക്കാൻ അവസരം കൊടുക്കുന്നു. ഈ വക പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാലേ ശിഷ്യർ ഈ കലയിൽ പ്രാവീണ്യം നേടിയതായി കണക്കാക്കൂ. ഇതോടെ അവർ ഒന്നു മനസ്സിലാക്കുന്നു. ശരിയായ കലാകാരൻമാർക്ക് പുസ്തകങ്ങളിലെ നിയമാവലികളേക്കാൾ മെച്ചവും ആശ്രയിക്കാവുന്നതും വായ്മൊഴി പാരമ്പര്യമാണ് എന്ന്. ഇതു തന്നെയാണ് ഭരതനും നന്ദികേശ്വരനും നിഷ്കർഷിച്ചിട്ടുള്ളതും.
കുച്ചിപ്പുടി ന്യത്തശൈലിയുടെ ഉറവിടം
കുച്ചിപ്പുടി എന്ന നൃത്തശൈലിയെക്കുറിച്ച് പറഞ്ഞു വരുന്ന ഒരാൾക്ക് കടുത്ത വിമർശനമേൽക്കാതെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. കാരണം ഒരു നൃത്തം എന്ന നിലയിൽ കുച്ചിപ്പുടിയെ അപഗ്രഥിക്കുക എന്നത് അത്ര സങ്കീർണമാണ്. മറ്റൊന്ന് ഭാരതത്തിലെ ഏതു നൃത്തകലയുടെയും അടിസ്ഥാനം ഭരതന്റെ നാട്യശാസ്ത്രമാകുമ്പോൾ ഏതെങ്കിലും ഒരു നൃത്തത്തിന് ഒരു പ്രത്യേകസ്വഭാവമോ പാരമ്പര്യമോ ചാർത്തിക്കൊടുക്കുന്നതിൽ ഒരർത്ഥവുമില്ല എന്നു മനസ്സിലാകും. എങ്കിലും അതാത് പ്രാദേശിക വിഭാഗത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലം അവിടുത്തെ നൃത്തകലയിലും ചില സ്വാധീനം ചെലുത്തിയെന്നിരിക്കും. കുച്ചിപ്പുടിക്കും അത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാദക്രിയകളുടെയും
സഞ്ചാരീഭാവത്തിന്റെയും പിൻബലത്തോടെയുള്ള വാചികാഭിനയത്തിൽനിന്നും കുച്ചിപ്പുടിന്യത്തം ഉയിർത്തെഴുന്നേറ്റത്. രണ്ടാമത്തെക്കാര്യം കുച്ചിപ്പുടി മേലാറ്റൂർ പാരമ്പര്യപ്രകാരമുള്ള ഭാഗവതമേളനാടകം മാത്രമേ ഭരതന്റെ അമൃതമഥനം എന്ന നൃത്തനാടകത്തോട് നീതിപുലർത്തുന്നുള്ളൂ. ദക്ഷിണേന്ത്യയിൽ മൊത്തത്തിലുള്ള പദാഭിനയശൈലി ഉടലെടുത്തത് കുച്ചിപ്പുടി അവതാരകരായ കലാകാരൻമാർ അവരുടെ വീട്ടിലോ മറ്റെവിടെയോവച്ച് ചിട്ടപ്പെടുത്തിയ ക്ഷേത്രയ പദാഭിനയശൈലിയിൽനിന്ന് ആണെന്നും ഒരു വാദഗതിയുണ്ട്.
നേത്യത്വത്തിന്റെ അഭാവം
19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ അധികാരം കയ്യാളിയതോടെ ദക്ഷിണേന്ത്യൻ കലകളുടെയും കഷ്ടകാലമായി. ആ കലകൾ നിലനിർത്തിക്കൊണ്ടു പോകാൻ വേണ്ട നേതൃത്വത്തിന്റെ അഭാവമാണ് അതിനെ ഏറ്റവും അധികം ബാധിച്ചത്. എങ്കിലും വെമ്പട്ടി വെങ്കിടനാരായണ, തഡേപ്പള്ളി പേരയ്യശാസ്ത്രി, ചിന്ത വെങ്കിടരാമയ്യ, വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി തുടങ്ങിയ കുലപതികളാണ് കുച്ചിപ്പുടിയുടെ എല്ലാ പാരമ്പര്യശുദ്ധിയും കാത്തുസൂക്ഷിച്ച് നിലനിർത്തിയത്. കുച്ചിപ്പുടി ഒരു നൃത്തകല എന്ന തരത്തിൽ ആന്ധക്കുപുറത്തും അറിയപ്പെടാൻ സഹായിച്ചത് താഴെപ്പറയുന്ന യുവതലമുറയിൽപ്പെട്ട കലാകാരൻമാരാണ്.വേദാന്തം രാഘവയ്യ, വെമ്പട്ടി സത്യം, ചിന്ത കൃഷ്ണമൂർത്തി തുടങ്ങിയവർ.
വേദാന്തം സത്യനാരായണശർമയാണ് സത്യഭാമയുടെ വേഷത്തിൽ ഏറ്റവും അറിയപ്പെടുന്ന അനുഗ്രഹീത കലാകാരൻ. ഇന്ന് കുച്ചിപ്പുടിനൃത്തം പ്രസിദ്ധമായ ഒരു നൃത്തകലയാണ്. ഈ പ്രശസ്തിക്ക് കാരണഭൂതരായവർ വേദാന്തം സത്യനാരായണശർമ, യാമിനി കൃഷ്ണമൂർത്തി, വെമ്പട്ടി ചിന്നസത്യം എന്നിവരാണ്. ശുദ്ധമായപാരമ്പര്യത്തെ ധാരാളം ഒത്തുതീർപ്പുകൾക്കു വിധേയമാക്കുന്നു എന്നൊരു പരാതി വെമ്പട്ടി ചിന്നസത്യത്തിനെതിരേ നിലനിൽക്കു ന്നുണ്ട്. പക്ഷെ വിമർശകരോട് പലർക്കും പറയാനുള്ള ത് പാരമ്പര്യകലകൾ മാറുന്ന സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങൾക്കി ണങ്ങുന്ന തരത്തിൽ നീക്കു പോക്കുണ്ടാകേണ്ടതാണ്. എങ്കിലേ അവയുടെ പൂർണസംരക്ഷണം സാധിക്കൂ എന്നാണ്. പുതിയ ആശയ ങ്ങളുമായി ഇണങ്ങി ച്ചേർന്നാലേ കുച്ചിപ്പുടിക്ക് സ്വീകാര്യത ലഭിക്കൂ എന്നും അവർ വാദിക്കുന്നു. കഴിഞ്ഞ തലമുറയിലെ ശോഭ നായിഡു, സ്വപ്നസുന്ദരി, രാജാ രാധാ റെഡ്ഡി തുടങ്ങിയവർ ധാരാളം പരീക്ഷണങ്ങൾ കുച്ചിപ്പുടിയിൽ നടത്തി വിജയിച്ചവരാണ്. കുച്ചിപ്പുടി ന്യത്തം ഇന്ന് നൃത്തം തുടങ്ങുന്നതിനു മുമ്പ് ചില അരങ്ങുകിയകളുണ്ട്. അതിനുശേഷം ഓരോ കഥാപാത്രങ്ങൾ അരങ്ങിൽ വരും. അവർ സ്വയം പരിചയപ്പെടുത്തുന്നു. അതിനായി അവർ ചെറിയൊരു നൃത്തവും സംഗീതവും ഉപയോഗിക്കുന്നു. അതിനുശേഷം ന്യ ത്തനാടകം ആരംഭിക്കുന്നു. ശ രിയാ യ ക ർ ണാടക ശ ലിയിലുള്ള സംഗീതത്തിനൊത്ത് നൃത്തം ചെയ്യും.
പക്കവാദ്യത്തിൽ മൃദംഗം, വയലിൻ, പുല്ലാങ്കുഴൽ, തംബുരു എന്നിവ കാണും. ബുരുഗു എന്ന ഒരിനം ഭാരം കുറഞ്ഞ തടിയിൽ നിർമിച്ച ആഭരണങ്ങളാണ് അണിയുക.
ശൈലി
ഭരതനാട്യവുമായി പൊതുവായി പല കാര്യങ്ങളിലും കുച്ചിപ്പുടി നൃത്തത്തിന് സാമ്യമുണ്ട്. ഉദാ: ജതിസ്വരം, തില്ലാന തുടങ്ങിയ ഇനങ്ങൾ ഭരതനാട്യത്തിലുമുണ്ട്. പദങ്ങളിൽ മിക്കതിലും ശ്രീകൃഷ്ണനുമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്ന ഭക്തരുടെ മനോവ്യാപാരങ്ങളായിരിക്കും. – ഭരതനാട്യത്തിൽനിന്നും വളരെ വ്യത്യസ്തമായ ഒരു ഇനമാണ് തരംഗം. നർത്തകി ഒരു പിച്ചള താംബാലത്തിന്റെ വക്കിൽ ചവിട്ടിനിന്നുകൊണ്ട് ചെയ്യുന്ന നൃത്ത ഇനമാണ്. ഇതിൽ നർത്തകി / നർത്തകൻ രണ്ടു കൈവെള്ളയിലും ചെറിയ കത്തിച്ച എണ്ണവിളക്കുകൾ വച്ചിരിക്കും. കൂടാതെ തലയിൽ ഒരു ചെറിയ മൊന്തയിൽ വെള്ളം നിറച്ചതും കാണും. എല്ലാം കൂടി വൃത്തിയായി തുലനം ചെയ്തുകൊണ്ടുള്ള നൃത്തപ്രകടനം വളരെ ആകർഷകമാണ്. നർത്തകി കയ്യിലെ ദീപങ്ങൾ കെടുത്തി തലയിലെ മൊന്തയിലെ വെള്ളംകൊണ്ട് കൈകൾ കഴുകുന്നു.
ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ആടകളിലും പ്രകടമായ വ്യത്യാസം കാണാം. ഭരതനാട്യവേഷത്തിൽ മൂന്ന് വിധത്തിലുള്ള മൂന്ന് അളവിൽ ഞൊറികൾ കാണും. അതു വിടരുമ്പോൾ സാരിയുടെ ഞൊറി വിടരും പോലെ തോന്നും. എന്നാൽ കുച്ചിപ്പുടിക്കാവട്ടെ ഒരു വലിയ ഞൊറിയായിരിക്കും. കച്ചിപ്പുടിയിൽ 20 ാമത്തെ കരണമാണ് സാധാരണ ഉപയോഗിക്കുക. ആറ് പദഭേദങ്ങളെക്കൂടാതെ കുച്ചിപ്പുടിയിൽ ചില അടവുകളും പ്രയോഗിക്കുന്നു. ഗാനങ്ങൾക്കൊത്ത് നർത്തകർ ആംഗികാഭിനയം കാഴ്ച വയ്ക്കുന്നു.
തട്ടത്തിൽ നൃത്തം ചെയ്യുമ്പോൾ പ്രസിദ്ധമായ കൃഷ്ണലീലാതരംഗിണിയിലെ ഗീതങ്ങളാണ് പാടുക. ശ്രീകൃഷ്ണഭഗവാന്റെ ജീവിതമുഹൂർത്തങ്ങളാണ് അതിൽ വർണിക്കുക. മറ്റൊരിനം മേൽപ്പറഞ്ഞ സത്യഭാമയുടെ റോളാണ്. പ്രേമത്തിന്റെ വിവിധ അവസ്ഥകളാണ് പ്രതിപാദ്യവിഷയം. കൃഷ്ണന്റെ റാണിയായി സങ്കല്പിച്ചുകൊണ്ട് അഭിനയിക്കുന്ന സത്യഭാമ വിരഹദുഃഖത്തിൽ കൃഷ്ണനുമായുണ്ടാ യിരുന്ന സന്തോഷദിനങ്ങളെ ഓർക്കുകയും സന്ദോശം കൈമാറുകയും ചെയ്യുന്നതോടെ അവർ വീണ്ടും ഒന്നിക്കുന്നു.
– പരാമർശിക്കേണ്ട മറ്റൊരു ഇനമാണ് കൃഷ്ണശബ്ദം. അതിൽ പാൽക്കാരി കൃഷ്ണനെ ക്ഷണിക്കുന്നതുമുതൽ ധാരാളം അഭിനയമുഹൂർത്തങ്ങൾ കോർത്തിണക്കി അഭിനേതാവിന്റെ കഴിവ് പ്രകടമാക്കുന്നു. ഗിന്നസ് റോക്കോഡ്. – 2010 ഡിസംബർ 26 ന് 2800ൽപ്പരം കുച്ചിപ്പുടി നർത്തകർ 200 ഗുരുക്കൻമാരോടൊപ്പം- ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ ഹിന്ദോളം തില്ലാന അവതരിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി.
This Page Will Provide You With An Enormous Collection Of The Vibrant Art Forms Of India .Here Art Forms Are Classified Under Several Categories Such As Traditional Dance Forms,Indian Dance Forms,Music & Architecture Etc………Now Click On Curriculum Button To Make It More User Friendly………..
-
TRADITIONAL DANCE FORMS
-
INDIAN MUSIC FORMS
-
INDIAN ARCHITECTURE
-
CLOTHING IN INDIA
-
PAINTINGS