Private: പുതുവര്‍ഷം
പുതുവര്‍ഷം
കവിതയുടെ ആശയം
അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ബാല്യ കാലത്തെക്കുറിച്ചുള്ള
ഓർമയിലാണ് കവിത ആരംഭിക്കുന്നത്. മാവേലിയെക്കുറിച്ചുള്ള പാട്ടുപാടി
പൂനുള്ളി നടന്ന പൊന്നോണക്കാലം. കുഞ്ഞുടുപ്പിട്ട് ദേവിയുടെ കോവിലിലേക്ക്
ഓരോരോ പടിയെണ്ണിക്കയറുമ്പോൾ ദേവിയെ കൈകൂപ്പിയാൽ കുഞ്ഞിക്കൈയിലെ
കരിവളകാപ്പായി മാറുമെന്ന് അമ്മ പറഞ്ഞ കാലം. പുസ്തക സഞ്ചിയിൽ കൊച്ചുനെല്ലിക്കയും
പച്ചപ്പുളിയും ഒളിപ്പിച്ചിരുന്ന കാലം. അമ്മയോടൊത്ത് പൂക്കളമൊരുക്കിയി ഓണക്കാലം.
ആരോടും വഴക്കില്ലാതെ എല്ലാവരോടും കൂട്ടുകൂടിയ കാലം. ഇതൊക്കെ കവയിത്രിയുടെ
മനസ്സിൽ തെളിയുന്നു. മുറ്റത്തിന് ഐശ്വര്യം പകർന്നുനിൽക്കുന്ന പൂക്കളോടൊപ്പം തുമ്പപ്പുപോലെ അമ്മ ഐശ്വര്യത്തോടെ ശോഭിച്ചതും കവയിത്രി ഓർക്കുന്നു. കൗമാര കാലത്തെക്കുറിച്ചുള്ള സൂചനയാണ് പിന്നീടുള്ളത്. ആകുലതകളുടേതും ആപത്തുകളു ടേതുമായ കാലമാണത്. ശിരസ്സിൽ കുന്തങ്ങൾപോലെ ആഴ്ന്നിറങ്ങുന്ന അനേകം ചിന്തകളുടെ കാലം. തീരാത്ത പകയും തിളയ്ക്കുന്ന സ്നേഹവും തീയിട്ട് എരിച്ച മനസ്സുമായി ആരോടും ചേരാനാകാതെ വൈദ്യുതപ്രവാഹമെന്ന പോലെ ചിന്തകൾ ആപത്തായി മാറുന്ന കാലമാണത്. ജീവിതാനന്ദങ്ങൾ എത്രതന്നെ ഉണ്ടായാലും പോരാ പോരാ എന്ന് രക്തവും മാംസവും മജ്ജയും നോവെടുത്ത് ഉച്ചത്തിൽ ആർക്കുന്ന യൗവനകാലത്തെക്കുറിച്ചും തുടർന്ന് കവയിത്രി പറയുന്നു. കേരളത്തിന്‍റെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ചിത്രങ്ങളും കവിതയിലുണ്ട്. ഓണവും പൂക്കളും മറന്നുപോയ മലയാളനാട് കവയിത്രിയിലുണ്ടാക്കുന്ന ദുഖം ചെറുതല്ല. ഇത്തിരി മണ്ണില്ലാത്ത എത്ര പേരാണുള്ളത്. കൂടുപോലുള്ള കൊച്ചുവീടുകൾ എത്രയാണ് അങ്ങനെയുള്ളവർക്ക് പിന്നെങ്ങനെയാണ് തൊടിയും പൂക്കളും ഉണ്ടാവുക. താഴെയുള്ള ഇത്തിരി മണ്ണിൽ നിൽക്കുന്ന തുമ്പയെ കാണുമ്പോൾ അമ്മയുടെ നിശബമായ വിറയാർന്ന
മുഖം കവയിത്രി ഓർക്കുന്നു. സ്നേഹമായി ജ്വലിക്കുന്ന അമ്മയുടെ മുഖം എല്ലാ പൂക്കൾക്കും ഭംഗികൾക്കും മീതെയാണ്. പിന്നെന്തിനാണ് പൂക്കളം വരുന്ന ഓണപ്പുലരിയിൽ വർത്തമാന കാലത്തിന്‍റെ കാരിരുൾ നീക്കി അമ്മ വീടിനകത്ത് ഉദിക്കുമെന്ന് കവയിത്രി പ്രത്യാശിക്കുന്നു. എല്ലാ ദുഖവും അപ്പോൾ അകന്നുപോകും. വരുംവർഷം ഐശ്വര്യത്തോടെ വലതുകാൽ വച്ച് വീട്ടിലേക്ക് കയറുകയും ചെയ്യാം എന്ന പ്രത്യാശയിലാണ് കവിത അവസാനിക്കുന്നത്.
വിജയലക്ഷ്മി
1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്‍റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്‍റ് ഹൈസ്കൂൾ,എറണാകുളം സെന്‍റ് തെരേസാസ് കോളേജ്,
മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും കേരളാ സർവ്വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
പൊയ്പോയ കാലം എന്തെല്ലാം സ്മരണകളാണ് കവയിത്രിയിൽ
ഉണർത്തുന്നത്?
അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന കുട്ടിക്കാലമാണ് കവയിത്രി
ഓർക്കുന്നത്. മാവേലിപ്പാട്ടുപാടി പൂക്കളിറക്കാൻ പോയ പൊന്നോണക്കാലം
ഇപ്പോഴും കവിമനസ്സിലുണ്ട്. കുഞ്ഞുടുപ്പിട്ട് അമ്മയോടൊപ്പം ദേവിയുടെ
കോവിലിന്‍റെ പടികൾ ഓരോന്നായി എണ്ണിക്കയറുമ്പോൾ കൈകൂപ്പിയാൽ കുഞ്ഞു
കൈകളിലെ വളകൾ കാപ്പായി മാറുമെന്ന് അമ്മ പറയുമായിരുന്നു. പുസ്തകസഞ്ചിയിൽ
കൊച്ചുനെല്ലിക്കയും പച്ചപ്പുളിയും ഒളിപ്പിച്ചുവച്ചതും അമ്മയോടൊപ്പം പൂക്കളം
തയാറാക്കിയതുമായി ആ പഴയകാലം ഇപ്പോഴും കവിമനസ്സിലുണ്ട്. മുറ്റത്തിന്
ഐശ്വര്യം നൽകിക്കൊണ്ട് പൂക്കളം ശോഭിച്ചിരുന്നു. അതിലെ തുമ്പ പോലെ അമ്മയും.
ആ നല്ല നാളുകളെക്കുറിച്ചുള്ള സ്മരണകളാണ് പൊയ്പ്പോയകാലം കവയിത്രിയിൽ ഉണർത്തുന്നത്.
“ഓണവും പൂവും മറന്ന മലയാള നാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു”
കവയിത്രിയെ ദുഃഖിപ്പിക്കുന്നത് എന്തെല്ലാമാവാം?
കാലം പരിസ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൂടുപോലെ തൊട്ടുതൊട്ടുള്ള
കൊച്ചുകൊച്ചുവീടുകളും ഫ്ളാറ്റുകളും. സമ്യദ്ധമായി പൂക്കൾ വിരിഞ്ഞിരുന്ന പുൽമേടുകളും
കുന്നിൻപുറങ്ങളും ഇല്ലാതായി. നാട്ടുപൂക്കൾ പലതും അപ്രത്യക്ഷമായി. ഫ്ളാറ്റിന്‍റെ ഇത്തിരി വട്ട ത്തിലേക്ക് മലയാളികളുടെ വീട് എന്ന സങ്കല്പം ചുരുങ്ങി. ഓണവും മറ്റ് ആഘോഷ ങ്ങളുമെല്ലാം വിപണിയുടെ സ്വാധീനത്തിൽപ്പെട്ടു. നമ്മുടെ തനതുസംസ്കാരം ഇല്ലാതാക ന്നതിന്‍റെ ദുഃഖമാണ് കവയിത്രി പങ്കുവയ്ക്കുന്നത്.
“ജീവിതത്തിലുടനീളം അമ്മ ഒരു പ്രത്യാശയായി മാറുന്നു”. ഈ പ്രസ്താവനയിലെ ആശയത്ത പാഠഭാഗവുമായി ബന്ധിപ്പിച്ച് വിശകലനക്കുറിപ്പ് തയാറാക്കുക?.
കുട്ടിക്കാലത്തെക്കുറിച്ചുള്ള മധുരസ്മരണകളിൽ തുടങ്ങുന്ന പുതുവർഷം എന്ന കവിത തുടർന്ന്
വർത്തമാനകാലത്തിന്‍റെ നോവുകളും സംഘർഷങ്ങളും അവതരിപ്പിക്കുന്നു. കുട്ടിക്കാലത്ത് വഴികാട്ടിയായി അമ്മയുണ്ടായിരുന്നു. ദേവിയെ കൈകൂപ്പി തൊഴുതാൽ കൈകളിലെ കരിവള കാപ്പായി മാറുമെന്നു പറഞ്ഞ് അമ്മ എപ്പോഴും കുഞ്ഞുമനസ്സിൽ പ്രത്യാശ നിറച്ചു. അമ്മയ്ക്ക് തുമ്പപ്പുവിന്‍റെ നൈർമല്യവും ഐശ്വര്യവും ഉണ്ടായിരുന്നു. അമ്മയുടെ നൈർമല്യം കവയിത്രിയുടെ ജീവിതത്തിൽ ഐശ്വര്യം പകർത്തി. കാലം മാറിയിട്ടും അമ്മയെക്കുറിച്ചുള്ള ഓർമകൾ കവയിത്രിയുടെ മനസ്സിൽ കരുത്തും പ്രത്യാശയുമായി നിറയുകയാണ്. ഫ്ളാറ്റിനു മുകളിൽ നിന്ന് താഴെയുള്ള ഇത്തിരിമണ്ണിലെ തുമ്പച്ചെടി കാണുമ്പോൾ അമ്മയുടെ മുഖമാണ് കവയിത്രിയുടെ മനസ്സിൽ ഓടിയെത്തുന്നത്. ഓണനാളിൽ വർത്തമാനകാലത്തിന്‍റെ കൂരിരുട്ടിനെ ഇല്ലാതാക്കുന്നഅറിവിന്‍റെ വെളിച്ചമായി അമ്മ വന്നുദിക്കും അപ്പോൾ ദുഃഖമകലും. വരുംവർഷം ഐശ്വര്യത്തോടെ വലതുകാൽവച്ച് വീട്ടിലേക്ക് കയറാം എന്ന് കവയിത്രി പ്രത്യാശിക്കുന്നു. അമ്മയുടെ അദൃശ്യസാന്നിധ്യം, ഓർമകൾ പ്രതിക്ഷയായി നിറയുന്നു. അമ്മയുടെ അദ്യശ്യഹസ്തങ്ങൾ ഇന്നും കവയിത്രിയെ വഴി നടത്തുന്നു.
“മുറ്റത്തിനൈശ്വര്യം ചാർത്തുമാ പൂക്കളോടൊപ്പമെന്നമ്മയും തുമ്പപോലെ” ഈ വരികളിലെ കാവ്യാ ഭംഗി കണ്ടെത്തുക?
പൂക്കളത്തിലെ തുമ്പപ്പുവിനോട് അമ്മയെ സാദ്യശ്യപ്പെടുത്തുകയാണ് കവയിത്രി. തുമ്പപ്പുവിന്‍റെ നൈർമല്യവും ഐശ്വര്യവും കവയിത്രി അമ്മയിൽ കാണുന്നു. മുറ്റത്തിന് ഐശ്വര്യം നൽകുന്ന പൂക്കളത്തിൽ തുമ്പ ശോഭിക്കുന്നതുപോലെ വീടിനു വിളക്കായി, ഐശ്വര്യമായി അമ്മ ശോഭിക്കുന്നു എന്നാണ് കവയിത്രി പറയുന്നത്. – തുമ്പപ്പൂവിന്‍റെ പവിത്രത,വെണ്മ, സത്വഗുണം ഇതൊക്കെ അമ്മയിലുമുണ്ട്. അമ്മയുടെ പരിശുദ്ധമായ ജീവിതമാണ് കവയിത്രിയുടെ ജീവിതത്തിന് ഐശ്വര്യം പകർന്നിരുന്നത്. തുമ്പപ്പുവിന്‍റെ ഗുണഗണങ്ങളിലേക്കും സവിശേഷതകളിലേക്കും അമ്മയെ ചേർത്തു നിരത്തുന്നു ഈ
കാവ്യഭാഗം.
“ഈ ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരിച്ചാരോടും കൂടി നടന്ന കാലം” കുട്ടിക്കാലത്തെക്കുറിച്ച് കവയിത്രി ഓർമ്മി ക്കുന്നതിങ്ങ നെ യാ ണ്. നിങ്ങളുടെ കുട്ടി ക്കാലത്തെക്കുറിച്ച് ഓർമ്മക്കുറിപ്പ് തയാറാക്കൂ ?
മാതൃക: ഒരു നാട്ടിൻപുറത്തുകാരിയുടെ ബാല്യ കാല ഓർമ്മകളാണ് എനിക്കുള്ളത്.വീടും വിശാലമായ പറമ്പും അവിടെ മാനംമുട്ടെ നിൽക്കുന്ന മരങ്ങളും എനിക്ക് ബാല്യത്തിൽ അത്ഭുതമായിരുന്നു. ഇത്രയും വലിയ പ്ലാവും മാവും ആഞ്ഞിലിയുമൊക്കെ എങ്ങനെ ഇവിടെ വന്നു എന്ന അമ്പരപ്പ് മനസ്സാകെ നിറഞ്ഞു നിന്നിരുന്നു. അയൽ വീടുകളിലെ ചങ്ങാതിമാരോടൊപ്പം മാമ്പഴം പെറുക്കി നടന്നതും കളിവീടുണ്ടാക്കി മണ്ണപ്പം ചുട്ട് അമ്മയും കുഞ്ഞും അച്ഛനും കളിച്ചതും എല്ലാം രസകരമായ ഓർമ്മയാണ്. കാറ്റിൽ പെരുമഴപോലെ വീഴുന്ന മാമ്പഴം പരസ്പരം പങ്കുവെച്ച് കഴിച്ചതിന്‍റെ രുചി ഇന്നും നാവിൽ നിറഞ്ഞു നിൽക്കുന്നു. മഴയത്ത് കൈകുമ്പിളില്‍ വെള്ളം തേകി പരസ്പരം മത്സരിക്കുമ്പോഴും ഞങ്ങളുടെ ഉള്ളിൽ സ്നേഹം നിറഞ്ഞിരുന്നു. പിണങ്ങിപ്പിരിഞ്ഞാലും വളരെപ്പെ ട്ടെന്ന് ഇണങ്ങാൻ കഴിയുന്ന സ്നേഹത്തിന്‍റെ അദൃശ്യമായ ചരടുകൾകൊണ്ട് ഞങ്ങൾ ബന്ധി തരായിരുന്നു. മഷിത്തണ്ടും വളപ്പൊട്ടും കല്ലുപെൻസിലും കളിയും ചിരിയും കൈമാറിയ ബാല്യം ഒരുമയുടെ ഓർമ്മയായി ഇന്നും എന്നിൽ ശേഷിക്കുന്നു..
അര്‍ഥം
മഹാബലി – മാവേലി
കോവിൽ – ക്ഷതം
കൂപ്പുക – കൈപ്പടം രണ്ടും ചേർത്ത് തൊഴുക, വന
കാപ്പ് – കൈയിൽ ഇടുന്ന ആഭരണം
ചൊന്ന – പറത്ത്
നിശ്ചയം – ഉറപ്പ്, സ്ഥിരമായ അഭിപ്രായം
ചാർത്തുക – പൂവും മറ്റും കൊണ്ട് അലങ്കരിക്കുക
ആകുല – ദുഃഖിത
ആകുലചിന്ത – ദുഃഖം നിറഞ്ഞ ചിന്ത
കുന്തം – കുത്താനുള്ള ഒരുതരം നീണ്ട ആയുധം
പക – ശത്രുത,വിരോധം
വീചി – രശ്മി,തിര
കാടുകാട്ടുക – കാടുകാണിക്കുക, (വേണ്ടാതനം പ്രവർത്തിക്കുക)
മജ്ജ – എല്ലിന്‍റെ അകത്തെ ഒരു ഭാഗം, ആറാമത്തെ ധാതു
മലയാളനാട് – കേരളദേശം
ഖിന്ന – ദുഃഖിത, വേദന അനുഭവിക്കുന്ന
ഇത്തിരി – അല്പം
ബാൽക്കണി – മാളിയുടെ മുകളിൽ മുൻഭാഗത്തേയ്ക്ക് ഉന്തിനില്ക്കുന്നഭാഗം
വിനീത് – വിനയമുള്ള, അടക്കവും ഒതുക്കവുമുള്ള
വേപഥു – വിറയൽ
സ്മരിക്കുക – ഓർമ്മിക്കുക
ഉജ്ജ്വലിക്കുക – നല്ലവണ്ണം പ്രകാശിക്കുക
കൂരിരുൾ – വലിയ ഇരുട്ട്
മാൽ(ല്) – ദുഃഖം
മാലറ്റു – ദുഃഖം ഇല്ലാതായി
അക്ഷയം – ക്ഷയിക്കാത്ത, കുറവില്ലാത്ത
ശ്രീ – ശ്രേയസ്, കീർത്തി, വിജയം (ലക്ഷ്മി )
പര്യായം
അമ്മ – മാതാവ്,ജനനി
കോവിൽ – അമ്പലം,ക്ഷേത്രം
കൈ – കരം,പാണി
നെല്ലിക്ക – ധാത്രി,ആമലകീഫലം
പുഞ്ചിരി – സ്മിതം,സ്മേരം
തുമ്പ – തിന്ദുകി,ദ്രൗണപുഷ്പി
ശിരസ്സ് – ശീർഷം,തല
തേൻ – മധു,മടു
രക്തം – നിണം,രുധിരം
മാംസം – പിശിതം,പലലം
മണ്ണ് – മൃത്ത്,മൃത്തിക
മഴ – മാരി,വർഷം
കൊടി – പതാക,കൊടിക്കൂറ
മുഖം – വദനം,ആസ്യം
ശ്രീ – മംഗലദേവത,മാ
സന്ധികള്‍
പറഞ്ഞതിനപ്പുറം – പറഞ്ഞതിന്+അപ്പുറം(ലോപസന്ധി)
പടിയെണ്ണിക്കേറുന്നേരം – പടി+എണ്ണിക്കേറുന്നേരം(ആഗമസന്ധി)
ആരോടുമില്ലാ – ആരോടും+ഇല്ലാ(ആദേശസന്ധി)
അക്കാലം – അ+കാലം(ദ്വിത്വസന്ധി)
പൂക്കളം – പു+കളം(ദ്വിത്വസന്ധി)
താഴത്തെയിത്തിരി – താഴത്തെ+ഇത്തിരി(ആഗമസന്ധി)
വിനീതയാം – വിനീത+ആം(ആഗമസന്ധി)
പാവത്തെ – പാവം+എ(ആദേശസന്ധി)
നീക്കിയെൻ – നീക്കി+എൻ(ആഗമസന്ധി)
സമാസങ്ങള്‍
പച്ചപ്പുളി – പച്ചയായ പുളി(കർമ്മധാരയൻ)
പുസ്തകസഞ്ചി – പുസ്തകം ഇടുന്നതിനുള്ള സഞ്ചി(മധ്യമപദലോപി)
തുമ്പപോലെ – തുമ്പയെപ്പോലെ(പ്രതിഗ്രാഹികാ തൽപുരുഷൻ)
ആകുലചിന്ത – ആകുലമായ ചിന്ത൯(കർമ്മധാരയൻ)
കാട്ടുതേൻ – കാട്ടിലെ തേൻ(പ്രതിഗ്രാഹികാ തൽപുരുഷൻ)
സ്നേഹമായുജ്ജ്വലിക്കെ – സ്നേഹമായി ഉജ്ജ്വലിക്കെ(കർമ്മധാരയൻ)