ഗോപാല കൃഷ്ണ ഗോഖലെ (9 മെയ് 1866 – 19 ഫെബ്രുവരി 1915), ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ ഒരു ലിബറൽ രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്കർത്താവും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകനുമായിരുന്നു ഗോഖലെ. എഴുത്തുകാരൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, വിപ്ലവകാരി, തത്ത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ബാല ഗംഗാധര തിലക്, ദാദാഭായ് നവറോജി, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, ആനി ബസന്റ് തുടങ്ങിയ സമകാലിക നേതാക്കൾക്കൊപ്പം, സാധാരണ ഇന്ത്യക്കാർക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യവും പൊതുകാര്യങ്ങളിൽ അധികാരവും നേടിയെടുക്കുന്നതിനായി ഗോഖലെ പതിറ്റാണ്ടുകളോളം പോരാടി. മിതവാദിയായിരുന്ന ഗോഖലെ മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവാണ്. 1866 മെയ് 9 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ പ്രസിഡൻസിയിലെ രത്‌നഗിരി ജില്ലയിലെ കോട്‌ലുക്കിലാണ് അദ്ദേഹം ജനിച്ചത്.