ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതൽക്കാണ്. ക്രി.മു (ക്രിസ്ത്വബ്ദത്തിന് മുൻപ്) 3300 മുതൽ ക്രി.മു 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ ക്രി.മു 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ [1] (ഏകദേശം ക്രി.മു 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ [2] (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ ക്രി.മു 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിൻറെ ആരംഭം.
ക്രി.മു 4-ാം നൂറ്റാണ്ടിനും 3-ാം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ “ഇന്ത്യയുടെ സുവർണ്ണകാലം” എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.
കേരളത്തിന് ക്രി.വ 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രി.വ 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം.[4] ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.[5]
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്‌ലിം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.