ഇന്ത്യ ജനുവരി 30 കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുകയാണ്.
നിലവിൽ 950 കുഷ്ഠരോഗികളാണ് കേരളത്തിൽ ചികിത്സ സ്വീകരിച്ചു വരുന്നത് എന്നാണ് ഇന്‍ഫോ ക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ ആവിഷ്കരിച്ച കുഷ്ഠ രോഗ നിർണ്ണയ പ്രചരണപരിപാടി (Leprosy case detection campaign) യായ അശ്വമേധത്തിന്റ ഭാഗമായി 500ൽ പരം വ്യക്തികളിൽ കഴിഞ്ഞ വർഷം പുതിയതായി കുഷ്ഠരോഗം സ്ഥിരീകരിക്കപ്പെട്ടു. ഇതിൽ 41പേർക്ക് അംഗവൈകല്യങ്ങൾ വന്നു കഴിഞ്ഞിരുന്നു എന്നതും, 40 പേർ കുട്ടികളാണെന്നുള്ളതും ആശങ്കാജനകമാണ്. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന രോഗവാഹകരിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്….
മറ്റുള്ള പല രോഗങ്ങളെ അപേക്ഷിച്ചു കാര്യമായ ശാരീരികാസ്വാസ്ഥ്യമോ ചർമ്മത്തിൽ ചൊറിച്ചിലോ വേദനയോ ഇല്ലാത്തതിനാൽ കുഷ്ഠരോഗലക്ഷണങ്ങൾ നിസാരവത്കരിക്കപ്പെടാനും രോഗനിർണയം വൈകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ലോകത്താകമാനം ഏകദേശം 3 ദശലക്ഷം രോഗികൾ രോഗമുണ്ടെന്നറിയാതെ
അണുവാഹകരായി നമുക്കിടയിൽ ജീവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുഷ്ഠരോഗത്തിനു കുബേര-കുചേല വേർതിരിവുകൊളൊന്നും ഇല്ല തന്നെ. വൃത്തിയും വൃത്തിക്കുറവും, സമ്പത്തും ദാരിദ്ര്യവും ഒന്നും തന്നെ കുഷ്ഠരോഗം വരാനും വരാതിരിക്കാനുമുള്ള കാരണങ്ങളേയല്ല. ആർക്കും വരാമിത്, ഒരു പനി വരും പോലെ. ഒരു പനി പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കുകയും നിസ്സാരം, പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തണം എന്നു മാത്രം…..
നമ്മളിൽ പലരും ഇപ്പോൾ തന്നെ അണുവാഹകരാകാം, അല്ലെങ്കിൽ നമുക്കും ഏതു നിമിഷവും ഈ രോഗം വരാം എന്നറിഞ്ഞിട്ടുഎന്തു കൊണ്ടാണ് നിപയെയും, കോറോണയെയും പേടിക്കുന്ന നമ്മൾ കുഷ്ഠരോഗത്തെ അത്ര കണ്ടു കാര്യമാക്കാത്തത്….
കാരണങ്ങൾ പലതാണ് : കുഷ്ഠരോഗം മൂലം മരണം സംഭവിക്കുന്നത് വളരെ വിരളമാണ്. കുഷ്ഠരോഗം മൂലം കാര്യമായ ശാരീരികാസ്വാസ്ഥ്യമോ ചർമ്മത്തിൽ ചൊറിച്ചിലോ വേദനയോ ഉണ്ടാകാറില്ല….
രോഗാണു ശരീരത്തിൽ കടന്നു വർഷങ്ങൾക്കു ശേഷം മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളു…
എന്താണ് കുഷ്ഠരോഗം?
Leprosy
മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ദീർഘകാല സാംക്രമിക രോഗമാണ് കുഷ്ഠം അഥവാ ലെപ്രസി(leprosy). ബാക്റ്റീരിയയെ രോഗകാരണമായി കണ്ടെത്തിയ ഡോക്ടർ ഹാൻസെന്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു….
ക്ഷയരോഗമുണ്ടാക്കുന്ന മൈക്കോബാക്റ്റീരിയം ട്യൂബെർക്കുലോസിസ് എന്ന ബാക്റ്റീരിയക്ക് സമാനമാണ് മൈക്കോബാക്റ്റീരിയം ലെപ്ര.മൈകോബാക്റ്റീരിയം ലെപ്രയ്ക്കിഷ്ടം തണുത്ത ശരീരഭാഗങ്ങളോടാണ്, അതിനാൽ തന്നെ ത്വക്കിനെയും, പുറമെയുള്ള നാഡിവ്യൂഹത്തെയും (peripheral nervous system), കണ്ണുകളെയും പ്രധാനമായും ഇത് ബാധിക്കുന്നു. വളരെ പതിയെ പെരുകുന്ന ബാക്ടീരിയ ആയതിനാൽ ഇവ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ രണ്ടു മുതൽ അഞ്ചു വർഷങ്ങൾ വരെ എടുത്തേക്കാം.
എങ്ങനെ പകരുന്നു?
വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. രോഗിയുടെ നാസാരന്ധ്രങ്ങളിലെ സ്രവങ്ങളിലൂടെയും ഉച്ഛ്വാസവായുവിലൂടെയുമാണ് രോഗാണു മറ്റുള്ളവരിലേക്കെത്തുന്നത്. എന്നാൽ രോഗാണുക്കൾ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചു എന്നത് കൊണ്ട് കുഷ്ഠരോഗം വരണം എന്നു നിർബന്ധമില്ല. അതിനു കാരണം മൈക്കോബാക്റ്റീരിയം ലെപ്രെക്കെതിരെ ആ വ്യക്തിക്കുള്ള പ്രത്യേക(specific) പ്രതിരോധശേഷിയാണ്.രോഗാണുവുമായി സമ്പർക്കത്തിൽ വന്ന ഭൂരിഭാഗം ആളുകൾക്കും രോഗം വരില്ല. ചുരുക്കം ആളുകളിൽ അവരവരുടെ പ്രതിരോധശേഷിക്കനുസൃതമായി ട്യൂബർക്കലോയ്ഡ് (tuberculoid), ലെപ്രോമാറ്റസ് ( lepromatous) എന്നിങ്ങനെ പല തരത്തിൽ കുഷ്ഠരോഗം പ്രകടമാകാം. താരതമ്യേന പ്രതിരോധശേഷി കൂടുതലുള്ളവർക്ക് ട്യൂബർക്കലോയ്ഡ് ഇനം രോഗമാണ് ഉണ്ടാവുക, ഇവരുടെ ശരീരത്തിൽ അണുക്കൾ താരതമ്യേന കുറവാണ് (paucibacillary) എന്നു മാത്രമല്ല, മറ്റുള്ളവർക്ക് ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയും കുറവാണ്. ചർമത്തിലെ പാടുകളും തടിച്ച നാഡികളും എണ്ണത്തിൽ കുറവായിരിക്കും.പ്രതിരോധശേഷി കുറവുള്ളവരിൽ രോഗാണു രക്തത്തിലൂടെ ശരീരമാസകലം പടരുന്നു, ചർമത്തിൽ നിരവധി പാടുകളുണ്ടാവുകയും, അനവധി നാഡികൾക്കു തടിപ്പുണ്ടാകുകയും ചെയ്യുന്നു. ശരീരത്തിൽ രോഗാണുക്കളുടെ എണ്ണം വളരെ കൂടുതലായതു( multibacillary) കൊണ്ടു തന്നെ, ഇവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്.
രോഗലക്ഷണങ്ങൾ
ചർമ്മത്തിൽ നിറം മങ്ങിയതോ ചുവന്നതോ ആയ സ്പർശന ശേഷിക്കുറവുള്ള പാടുകൾ. പാടുകൾക്ക് ചൊറിച്ചിൽ ഉണ്ടാകാറില്ല.
നാഡികളുടെ വീക്കം, തടിപ്പ്, ഒപ്പം സ്പർശനശേഷിക്കുറവ്, പേശികളുടെ ബലക്കുറവ്
കൈകാലുകളുടെ മരവിപ്പ്, ഉണങ്ങാത്ത വേദനയില്ലാത്ത വൃണങ്ങൾ
അംഗവൈകല്യങ്ങൾ- കൈ കാൽ വിരലുകൾ വളഞ്ഞു പോവുക (claw hand, claw toes), കാല്പാദം മുകളിലേക്കു നിവർത്താനാകാത്ത അവസ്ഥ (foot drop), മുഖത്തെ പേശികളുടെ ബലക്കുറവ് (facial palsy), മുഖത്തും ചെവിക്കുടയിലും കണ്ടു വരുന്ന ചെറിയ മുഴകളും തടിപ്പുകളും, പുരികം കൊഴിഞ്ഞു പോകൽ എന്നിങ്ങനെ പലതരം പൂർവസ്ഥിതിയിലേക്കു മാറ്റാൻ കഴിയാത്ത വൈരൂപ്യങ്ങളും വൈകല്യങ്ങളും പ്രാരംഭഘട്ടത്തിൽ ചികിത്സ ലഭിക്കാത്തതിന്റെ അനന്തരഫലങ്ങളാണ് …
ലെപ്ര റിയാക്ഷൻ – ചികിത്സയിലിരിക്കുമ്പോൾ, ചികിത്സക്കു മുൻപ്, ചികിത്സക്കു ശേഷം ഇങ്ങനെ എപ്പോൾ വേണമെങ്കിലും കുഷ്ഠരോഗികളിൽ പ്രതിരോധശേഷിയിലുള്ള ഏറ്റ കുറച്ചിൽ മൂലം ഇത്തരം റിയാക്ഷനുകൾ ഉണ്ടാകാം.
രണ്ടു തരത്തിൽ ലെപ്ര റിയാക്ഷൻ കണ്ടു വരുന്നു.
ടൈപ്പ് 1 റിയാക്ഷൻ
ഇവിടെ ചർമ്മത്തിലെ പാടുകൾ വേദനയോടെ തടിച്ചു പൊന്തുന്നു. നാഡികൾക്കു വേദനയും, പെട്ടന്നുള്ള പെരുപ്പ്, ബലക്കുറവ് എന്നിവയും സംഭവിക്കാം. നേരത്തെ രോഗിയുടെ ശ്രദ്ധയിൽ പെടാതിരുന്ന പാടുകൾ ഇത്തരത്തിൽ ശ്രദ്ധയിൽ പെടുന്നത് രോഗനിർണയത്തിന് സഹായകമായേക്കാം
ടൈപ്പ് 2 റിയാക്ഷൻ
കയ്യിലും മുഖത്തും രണ്ടു മൂന്നു ദിവസം നിലനിൽക്കുന്ന ചുവന്ന തടിപ്പുകൾ ഉണ്ടാകുന്നു, ഒപ്പം ശരീരോഷ്മാവ് വർധിക്കുകയും, ക്ഷീണം, കണ്ണിൽ ചുവപ്പ്, സന്ധി വേദന, വൃഷണവീക്കം, വൃക്ക, കരൾ വീക്കം എന്നിവയും ഉണ്ടാകാം.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഒപ്പം, ചികിത്സയിലുള്ള രോഗികൾ മരുന്നുകൾ തുടരേണ്ടതും അനിവാര്യമാണ്.
എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി കുഷ്ഠരോഗത്തിനുള്ള മരുന്നുകൾ ലഭ്യമാണ്. 28 ദിവസത്തിനായുള്ള ബ്ലിസ്റ്റർ കലണ്ടർ പാക്കുകളിൽ ആണ് മരുന്ന് ലഭിക്കുക.
6 മുതൽ 12 മാസം വരെയാണ് ചികിത്സാ കാലയളവ്.
ആദ്യ ദിനത്തിലെ മരുന്നുകൾ കഴിക്കുന്നതോടെ തന്നെ രോഗിയുടെ മറ്റൊരാൾക്ക് രോഗം പരത്താനുള്ള കഴിവ് ഇല്ലാതാകുന്നു.
പ്രാരംഭവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ നിർദിഷ്ട കാലയളവിൽ സ്വീകരിക്കുന്ന ഒരു രോഗിക്ക് മറ്റേതൊരാളെയും പോലെ സാധാരണ ജീവിതം നയിക്കാവുന്നതാണ്.
ഗുളിക- രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന വ്യക്തികൾക്ക് ഒരു ഡോസ് റിഫാമ്പിസിൻ ഗുളിക പ്രതിരോധാർത്ഥം നൽകാവുന്നതാണ്.
വാക്‌സിൻ- കുഷ്ഠരോഗത്തിനെതിരെയുള്ള MIP – Mycobacterium indicus pranii (മൈക്കോബാക്റ്റീരിയം ഇൻഡിക്കസ് പ്രാനി ) എന്ന ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിനേഷൻ നിലവിലുണ്ട്
രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലൂടെയോ, ഭക്ഷണം പങ്കു വയ്ക്കുന്നതിലൂടെയോ കുഷ്ഠരോഗം പകരില്ല.
(kushtarogam)രോഗത്തെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ചർമ്മരോഗ വിദഗ്ദ്ധനെ സമീപിക്കുക.
നിശ്ചിതകാലയളവിലുള്ള തുടർച്ചയായ ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണമായും ഭേദമാക്കാം.
പ്രാരംഭഘട്ടത്തിൽ തന്നെയുള്ള ചികിത്സയിലൂടെ അംഗവൈകല്യങ്ങൾ തടയാം.
ആരോഗ്യവകുപ്പിന്റെ രോഗനിർണയ പദ്ധതികളോട് സഹകരിക്കുക, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.
കുഷ്ഠരോഗമെന്നാൽ മറ്റേതൊരു രോഗവും പോലെ തന്നെയാണ്. ഏറ്റവും ഫലപ്രദമായ ചികിത്സയും ഇന്ന് നമുക്കുണ്ട്. അതുകൊണ്ട്, രോഗികളെ നമ്മളോടൊപ്പം ചേർത്തു നിർത്തി കൊണ്ടു തന്നെ നമുക്ക് നമുക്ക് ഒരു കുഷ്ഠരോഗരഹിത ലോകത്തിനായി അണിചേരാം. രോഗത്തെ അകറ്റാം, രോഗിയെ ചേർത്ത് നിർത്താം,