Endz

ഇന്ന് ഭാരത്‌ സ്കൗട്ട്സ്‌ & ഗൈഡ്സ്‌ സ്ഥാപക ദിനം

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആന്‍ഡ്‌ ഗൈഡ്സ് സംഘടനയുടെ ആസ്ഥാനം ന്യൂ ഡല്‍ഹിയിലാണ്.

റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവല്‍(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാല്‍ അവര്‍ മുതിര്‍ന്നവരെ പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പട്ടാളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച്‌ അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവര്‍ത്തനശേഷിയും പ്രതികരണവും നേരില്‍ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉള്‍പ്പെടുത്തി 1907ല്‍ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗണ്‍സി ദ്വീപില്‍ വെച്ച്‌ ഒരു ക്യാമ്ബ് നടത്തി. ഈ ക്യാമ്ബിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്ബായി കണക്കാക്കാം.

ബേഡന്‍ പവല്‍ന്റെ ഇളയ സഹോദരി ആഗ്നസ് ബേഡന്‍ പവലാണ് ഗേള്‍ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തില്‍ ഗേള്‍ ഗൈഡ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

1909ലാണ് ഇന്ത്യയില്‍ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടന്‍ ടി.എച്ച്‌. ബേക്കര്‍ ബാംഗ്ലൂരില്‍ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബല്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികള്‍ക്കും ആംഗ്ലോ-ഇന്ത്യന്‍ കുട്ടികള്‍ക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ല്‍ ജബല്‍പൂരില്‍ ആദ്യത്തെ ഗൈഡ് കമ്ബനി ഉണ്ടാക്കി.

ഇന്ത്യക്കാരായ കുട്ടികള്‍ക്കുവേണ്ടി മദന്‍ മോഹന്‍ മാളവ്യ, ഹൃദയ് നാഥ് ഖുന്‍സ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവര്‍ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന തുടങ്ങി. മദ്രാസ്‌ കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യന്‍ ബോയ്‌ സ്കോട്ട് അസോസിയേഷന്‍ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി. ഇത് പോലെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഇന്ത്യക്കാരായ കുട്ടികള്‍ക്കുവേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.

ഈ എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാന്‍ സ്വാതന്ത്രലബ്ദിക്ക് മുന്‍പ് പല ശ്രമങ്ങളും നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ പ്രധാന കാരണം പ്രതിജ്ഞയില്‍ ബ്രിട്ടീഷ്‌ രാജാവിനോട് കൂറുകാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഇത് സ്വന്തം രാജ്യത്തോട് കൂറുള്ളവരായിരിക്കും എന്നാക്കണമെന്ന് ഇന്ത്യയിലെ ദേശീയനേതാക്കള്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുല്‍ കലാം ആസാദ്, മംഗല്‍ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുന്‍സ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയന്‍ ബോസ് തുടങ്ങിയവര്‍ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബര്‍ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആന്‍ഡ്‌ ഗൈഡ്സ് എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി.

ഗേള്‍ ഗൈഡ് അസോസിയേഷന്‍ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയില്‍ ഔദ്യോഗികമായി ചേര്‍ന്നു. ബി.ഐ.നാഗര്‍ലേയാണ് ഇപ്പോഴത്തെ ദേശീയ കമ്മീഷണര്‍.

ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാര്‍ക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1970ല്‍ സ്ഥാപകന്‍ ബി.പി യുടെ ഉദ്ദേശങ്ങള്‍,തത്വങ്ങള്‍,രീതികള്‍,മുതലായുടെ അടിസ്ഥാനത്തില്‍ ജാതി,മതം,വര്‍ഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളില്‍ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാന്‍ സഹായിക്കുന്നു.

വിഭാഗങ്ങള്‍

അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

സ്‍കൗട്ടുകള്‍

കബ്ബുകള്‍ – 5 മുതല്‍ 10 വരെ വയസ്സുള്ള ആണ്‍കുട്ടികള്‍
സ്‍കൗട്ടുകള്‍ – 10 മുതല്‍ 17 വരെ വയസ്സുള്ള ആണ്‍കുട്ടികള്‍
റോവറുകള്‍ – 16 മുതല്‍ 25 വരെ വയസ്സുള്ള ആണ്‍കുട്ടികള്‍
ഗൈഡുകള്‍
ബുള്‍ബുളുകള്‍ – 6 മുതല്‍ 10 വരെ വയസ്സുള്ള പെണ്‍കുട്ടികള്‍
ഗൈഡുകള്‍ – 10 മുതല്‍ 18 വരെ വയസ്സുള്ള പെണ്‍കുട്ടികള്‍
റയിഞ്ചറുകള്‍ – 18 മുതല്‍ 25 വരെ വയസ്സുള്ള പെണ്‍കുട്ടികള്‍
മുദ്രാവാക്യം
കബ്ബുകള്‍/ബുള്‍ബുളുകള്‍ – കഴിവിന്റെ പരമാവധി ചെയ്യുക(Do your best)
സ്കൌട്ടുകള്‍/ഗൈഡുകള്‍ – തയ്യാര്‍ (Be Prepared)
റോവറുകള്‍/റയിഞ്ചറുകള്‍ – സേവനം (Service)

പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതിനും
മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും
എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

നിയമങ്ങള്‍

ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കര്‍മണാ ശുദ്ധിയുള്ളവനാ(ളാ)ണ്.
അംഗങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍
പ്രവേശ്‌
സ്കൌട്ട്/ഗൈഡ് അംഗത്വ പുരസ്കാരം.

പ്രഥമ സോപാന്‍
അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പില്‍ തന്നെ വിവിധ പരീക്ഷകള്‍ നടത്തിയാണ് പ്രഥമ സോപാന്‍ പുരസ്കാരം നല്‍കുന്നത്.

ദ്വിതീയ സോപാന്‍
പ്രഥമ സോപാന്‍ ലഭിച്ചതിനു ശേഷം ദ്വിതീയ സോപാന്‍ സിലബസനുസരിച്ചുള്ള വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയതും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിലുള്ള അറിവും പരിശോധിച്ച്‌ ലോക്കല്‍ അസോസിയേഷനാണ് ദ്വീതീയ സോപാന്‍ പുരസ്കാരം നല്‍കുന്നത്.

തൃതിയ സോപാന്‍
ദ്വിതീയ സോപാന്‍ ലഭിച്ചതിനു ശേഷം തൃതിയ സോപാന്‍ സിലബസനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അസോസിയേഷനാണ് തൃതിയ സോപാന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്.

രാജ്യപുരസ്കാര്‍ സ്കൗട്ട്/ഗൈഡ്
സംസ്ഥാനങ്ങളിലെ സ്കൌട്ട് പ്രസ്ഥാനത്തിനു നല്‍കുന്ന ഉയര്‍ന്ന പുരസ്കാരമാണ് രാജ്യപുരസ്കാര്‍. സംസ്ഥാന ഗവര്‍ണര്‍മാരാണ് ഈ പുരസ്കാരം നല്‍കുന്നത്.

രാഷ്ടപതി സ്കൗട്ട്/ഗൈഡ്/റോവര്‍/റയിഞ്ചര്‍
ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം. പ്രത്യേക ചടങ്ങില്‍വെച്ച്‌ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങള്‍ നല്‍കിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവര്‍/റയിഞ്ചര്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Menu