രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്‍റ് സ്റ്റെയിനര്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരു തുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെയാണ് മനുഷ്യശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് രക്തം. അതിനാല്‍ രക്തദാനം ജീവദാനം എന്നും അറിയപ്പെടുന്നു. മനുഷ്യരക്തത്തെക്കുറിച്ചും രക്തദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് എല്ലാവര്‍ക്കും അറിയാം. ലോകാരോഗ്യ സംഘടനയാണ് ലോകരക്തദായക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുദ്ധരക്തം ദാനം ചെയ്യുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനും രക്തദാനം ചെയ്യുന്നവരെ നന്ദിയോടെ സ്മരിക്കാനുമാണ് രക്തദാനദിനം ആഘോഷിക്കുന്നത്.
ജീവന്‍റെ അടിസ്ഥാനഘടകം എന്ന നിലയ്ക്ക് രക്തത്തിന്‍റെ ആവശ്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. സങ്കീര്‍ണ്ണമായ ശസ്ത്രക്രീയ നടക്കുമ്പോഴും മനുഷ്യ നിര്‍മ്മിതമോ പ്രകൃതി ദത്തമോ ആയ ദുരന്തം നടക്കുമ്പോഴും ചില രോഗാവസ്ഥകളിലുമൊക്കെ ഇങ്ങനെ സംഭവിക്കാം. രക്തം ശേഖരിച്ചു കുറച്ചുകാലം സുക്ഷിച്ചുവയ്ക്കുന്നതിന് ഇന്ന് സാധ്യമാണ്. മുന്‍കൂട്ടി ദാതാക്കളെ കണ്ടെത്തി ശേഖരിച്ച് സൂക്ഷിച്ചുവച്ചിരിക്കുന്ന രക്തം ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളില്‍ നിരവധി ജീവനുകളെ രക്ഷിച്ചേക്കാം, ഒരാളുടെ ശരീരത്തിലെ ആകെയുള്ള രക്തത്തിന്‍റെ 15 ശതമാനം നഷ്ടപ്പെട്ടാല്‍പോലും പുറത്തുനിന്നും രക്തം സ്വീകരിക്കേണ്ടിവരും. പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് അഞ്ചുകോടി യൂണിറ്റ് രക്തം ആവശ്യമായിവരുന്നു. എന്നാല്‍, ഇതിന്‍റെ പകുതി മാത്രമെ രക്തദാനത്തിലൂടെ ലഭിക്കുന്നുള്ളൂ. എല്ലാ രണ്ടു സെക്കന്‍റിലും ഒരാള്‍ക്ക് രക്തം വേണ്ടിവരുന്നു. മനുഷ്യരക്തത്തിനു പകരം വയ്ക്കാന്‍ സാധിക്കുന്ന മറ്റൊരു വസ്തുവും പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അത് കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല. മറ്റൊരാളില്‍നിന്നും സ്വീകരിക്കാനേ കഴിയൂ. നിശ്ചിത ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതു കൊണ്ട് ദാതാവിന് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടാകുന്നില്ല, മറിച്ച് അതുകൊണ്ട് ഗുണങ്ങളെയുള്ളുതാനും. രക്തത്തിലെ പ്രധാനമൂലകങ്ങളിലൊന്നായ അയണിന്‍റെ അളവ് ഫലപ്രദമായി നിയന്ത്രിച്ച് കരളിന്‍റെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനം വളരെയധികം സുഗമമാക്കുന്നതിന് രക്തദാനത്തിലൂടെ കഴിയുന്നു..
ശരീരത്തില്‍നിന്നും രക്തം നല്‍കിയതിനു പകരം ഉണ്ടാകുന്ന പുതുരക്തകോശങ്ങളെല്ലാം ദാതാക്കളെ മികച്ച ആരോഗ്യമുള്ളവരാക്കുന്നു. രക്തദാതാവ് രക്തദാനത്തിനായി സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളെ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. നമ്മുടെ നാട്ടിലെ നിരവധി ആശുപത്രികളിലിത്തരം രക്തബാങ്കുകളുണ്ട്. രക്തദാനം ചെയ്യുന്നതിനുമുമ്പ് ഭക്ഷണമൊക്കെ കഴിച്ച് ശരീരത്തിനു ക്ഷീണമൊന്നുമില്ലായെന്ന് ഉറപ്പ് വരുത്തണം. നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.