പുസ്തകങ്ങളുടെ അദ്ഭുതലോകത്തേക്ക് പോകാനുള്ള സുവര്‍ണാവസരമാണ് അവധിക്കാലം. ഈ സമയത്ത് കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട മലയാളത്തിലെ മികച്ച ചില ബാലസാഹിത്യകൃതികള്‍ പരിചയപ്പെടുത്താം.
പാത്തുമ്മയുടെ ആട്
വ്യത്യസ്തമായ രചനാശൈലി കൊണ്ടും മറ്റാര്‍ക്കും പറയാനാവാത്ത കഥകള്‍ കൊണ്ടും ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളെ കൊതിപ്പിച്ച എഴുത്തുകാരനാണ് മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച പാത്തുമ്മയുടെ ആട് എന്ന നോവല്‍ വായിച്ചുതന്നെ തുടങ്ങാം ബഷീര്‍ സാഹിത്യത്തിലേക്കുള്ള യാത്ര. സ്വന്തം കുടുംബവീട്ടിലുണ്ടായ രസകരമായ ചില സംഭവങ്ങളാണ് ബഷീര്‍ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹവും ഈ കഥയിലുണ്ട്.
ഉണ്ണിക്കുട്ടന്റെ ലോകം
നന്തനാര്‍ എന്ന തൂലികാനാമത്തില്‍ പ്രശസ്തനായ പി.സി ഗോപാലന്റെ പ്രശസ്തമായ നോവലാണ് ഉണ്ണിക്കുട്ടന്റെ ലോകം. ഉണ്ണിക്കുട്ടന് എന്ന ബാലന്റെ ജീവിതത്തിലെ ഒരു ദിവസത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി അവന് സ്കൂളില്‍ പോകുന്നതും വളരുന്നതും വരെയുള്ള മൂന്ന് ഭാഗങ്ങള്‍ ഈ നോവലിനുണ്ട്. വായിച്ചുതുടങ്ങിയാല് പിന്നെ നമ്മളെല്ലാം ഉണ്ണിക്കുട്ടന്റെ ലോകത്താകും എന്ന കാര്യം തീര്‍ച്ച.
സര്‍ക്കസ്
മൃഗങ്ങളെല്ലാം കൂടി സര്‍ക്കസ് ഏറ്റെടുത്ത് നടത്തിയാല്‍ എങ്ങനെയുണ്ടാവും? മലയാളത്തിലെ ഏറ്റവും മികച്ച ബാലസാഹിത്യകാരന്മാരില്‍ മുന്‍നിരയിലുള്ള മാലി (മാധവന് നായര്‍) രചിച്ച സര്‍ക്കസ് എന്ന രസകരമായ ബാലനോവലിന്റെ കഥയാണിത്. മാലി രാമായണം, മാലി ഭാഗവതം തുടങ്ങി വേറെയും ധാരാളം മികച്ച കൃതികള്‍ മാലി രചിച്ചിട്ടുണ്ട്.
കുഞ്ഞിക്കൂനന്
മുതുകത്തൊരു കൂനുമായി ജനിച്ച കുട്ടി. എല്ലാവരും കുഞ്ഞിക്കൂനന് എന്നു വിളിച്ച അവന് നാടിന്റെ രക്ഷകനായി മാറുന്ന മനോഹരമായ കഥയാണ് പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന് എന്ന നോവല്‍ പറയുന്നത്.
ഐതിഹ്യമാല
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാമൊഴിയായി പ്രചാരത്തിലുണ്ടായിരുന്ന അദ്ഭുതവും സാഹസികതകളും നിറഞ്ഞ ഐതിഹ്യകഥകളുടെ സമാഹാരമാണ് ഐതിഹ്യമാല. കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ് ഇത് രചിച്ചത്.
മാണിക്യക്കല്ല്
മലയാളത്തിലെ മുന്‍നിര സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ രചിച്ച ബാലസാഹിത്യകൃതിയാണ് മാണിക്യക്കല്ല്. ദേശാടനത്തിനിറങ്ങുന്ന സാഹസികനായ സത്യന് എന്ന രാജകുമാരന്റെയും ജയചന്ദ്രന് എന്ന ബുദ്ധിമാനായ മന്ത്രികുമാരന്റെയും യാത്രയുടെ കഥ പറയുന്ന ഫാന്റസി നോവലാണിത്.
പഞ്ചതന്ത്രകഥകള്‍
മൂന്ന് രാജകുമാരന്മാരെ സദ്ഭരണം പഠിപ്പിക്കാനായി വിഷ്ണു ശര്‍മ എന്ന ബ്രാഹ്മണന് പറഞ്ഞുകൊടുക്കുന്ന കഥകളുടെ രൂപത്തിലാണ് പഞ്ചതന്ത്രകഥകള്‍ എഴുതപ്പെട്ടിട്ടുള്ളത്. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലിഷ് അടക്കം ധാരാളം വിദേശഭാഷകളിലേക്കും ഈ സംസ്കൃതകൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സുമംഗല എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ലീല നമ്പൂതിരിപ്പാടിന്റെ പഞ്ചതന്ത്രകഥകള്‍ ആണ് മലയാളത്തിലെ മികച്ച പഞ്ചതന്ത്രം വിവര്‍ത്തനം.
ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥ കുട്ടികള്‍ക്കു വേണ്ടി ലളിതമായി പുനരാഖ്യാനം ചെയ്തിരിക്കുന്ന കൃതിയാണ് കെ രാധാകൃഷ്ണന് രചിച്ച ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്. 2011-ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണ് ലഭിച്ചത്.
അത്ഭുത വാനരന്മാര്
സ്കൂളില്‍നിന്ന് വിനോദയാത്ര പോയ അപ്പുക്കുട്ടനും ഗോപിയും കാട്ടില്‍ വച്ച് കൂട്ടം തെറ്റിപ്പോകുന്നു. പഞ്ചവന്‍ കോട്ടയിലെത്തുന്ന അവരെ ഒരു ശാസ്ത്രജ്ഞന് കുരങ്ങന്മാരാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കെ.വി രാമനാഥന്റെ അത്ഭുത വാനരന്മാര് എന്ന ബാലനോവലിന്റെ ഇതിവൃത്തം.
ജാതകകഥകള്‍
തന്റെ പൂര്‍വജന്മങ്ങളില്‍ മൃഗങ്ങളായും മനുഷ്യനായുമെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ ഗൗതമ ബുദ്ധന് ഭൂമിയില്‍ അവതരിച്ചിരുന്നു എന്നാണ് വിശ്വാസം. ബുദ്ധന്റെ 500-ല്‍ അധികം മുന്‍ജന്മങ്ങളിലെ കഥകളുടെ സമാഹാരമാണ് ജാതകകഥകള്‍.