ഡയറിക്കുറിപ്പ് തയാറാക്കുക
പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ എന്തെല്ലാം കാഴ്ചകളും അനുഭവങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. നിങ്ങളുടെ ഒരു ദിവസത്തെ സംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡയറിക്കുറിപ്പ് തയാറാക്കുക ————————————-
തീയതി
ദിവസം
ഞാന്‍ ഇന്ന് പതിവിലും നേരത്തേ ഉണര്‍ന്നു. സാധാരണയായി അവധിദിവസങ്ങളില്‍ ഞാന്‍ താമസിച്ചാണ് എഴുന്നേല്‍ക്കാറുള്ളത്. ഇന്ന് ആ പതിവു തെറ്റിയിരിക്കുന്നു. അമ്മ അടുക്കളയില്‍ എന്തോ തിരക്കിട്ട പണിയിലാണ്. പതുക്കെ മുറ്റത്തേക്കിറങ്ങി. സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളൂ. നേരിയ കുളിരുണ്ട്. കാക്കകളുടെയും മറ്റു പലതരം പക്ഷികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ട്. അവ കൂട്ടില്‍നിന്ന് പുറത്തേക്കിറങ്ങുവാന്‍ തുടങ്ങി. ഇത്രയധികം കിളികള്‍ നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഞാനിന്നാണ് മനസ്സിലാക്കിയത്. പല കിളികളുടെയും പേരുകള്‍ എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ മുത്തശ്ശിക്കറിയാമായിരിക്കും. ഓരോന്നിന്‍റെയും
പേര് ചോദിച്ചു മനസ്സിലാക്കണമെന്ന് ഞാന്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചു. ഓരോ പുല്‍ത്തുമ്പിലും മഞ്ഞുതുള്ളികളുണ്ട്. അവയില്‍ ഉദയസൂര്യന്‍റെ കിരണങ്ങള്‍ തട്ടുമ്പോള്‍ മുത്തുപോലെ തിളങ്ങുന്നു. ആകാശത്തിനാകെ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറമാണ്. ഏതൊക്കെയോ പൂക്കളുടെ മണവും ചുറ്റിലും പരക്കുന്നുണ്ട്. ആകെക്കൂടി മനസ്സിന് ഒരു ഉന്മേഷം തോന്നി. അപ്പോഴാണ് അമ്മ വിളിക്കുന്നതുകേട്ടത്. ഞാന്‍ ഓടിച്ചെന്നു. കിടക്കയില്‍ എന്നെക്കാണാത്തതുകൊണ്ട് അമ്മ വിളിച്ചതാണ്. പല്ലുതേച്ചിട്ട് കാപ്പികുടിക്കാന്‍ അമ്മ എന്നോടു പറഞ്ഞു.
കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറച്ചുമുമ്പ് കണ്ട കാഴ്ചകളെക്കുറിച്ച് ഞാന്‍ അമ്മയോട് പറഞ്ഞു. എന്നും അതിരാവിലെ എഴുന്നേറ്റാല്‍ പ്രഭാതത്തിന്‍റെ സൗന്ദര്യവും നൈര്‍മല്യവും നുകരുവാന്‍ സാധിക്കുമെന്നും ഒപ്പം മനസ്സിന് ഉന്മേഷമുണ്ടാകുമെന്നും അമ്മ പറഞ്ഞു. നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതലറിയുവാന്‍ ഇത് നമ്മെ സഹായിക്കുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രാവിലെ കണ്ട കിളികളെക്കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി കുറേ പേരുകള്‍ പറഞ്ഞുതന്നു. ഹോംവര്‍ക്കുകള്‍ ചെയ്യുമ്പോഴും അതുകഴിഞ്ഞ് കളിക്കുമ്പോഴുമെല്ലാം രാവിലെ ലഭിച്ച ഉന്മേഷം എന്നിലുണ്ടായിരുന്നു. രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നാളെ അതിരാവിലെതന്നെ എഴുന്നേല്‍ക്കണമെന്നും പ്രഭാതക്കാഴ്ചകള്‍ ആസ്വദിക്കണമെന്നും ഞാന്‍ മനസ്സില്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.