Endz

മാർത്താണ്ഡവർമ്മ-2

രചന:സി.വി. രാമൻപിള്ള
അദ്ധ്യായം രണ്ട്

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ
സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ
വിസ്തൃതവക്ഷ‌ഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ
ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വിയുവാവേറ്റം.

പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നല്ലോ. അതിനു സമീപമായി ചാരോട് എന്നു വിളിക്കപ്പെടുന്ന ദിക്കിൽ ചെറുതായ ഒരു കൊട്ടാരം ഇക്കാലത്തും കാണുന്നുണ്ട്. കൊല്ലം 903-ലും ആ സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു. കൊട്ടാരം എന്നു നാമം മാത്രമേയുള്ളു. ചെറുതായൊരു നാലുകെട്ടും മഠപ്പള്ളിയും മാത്രമുണ്ടായിരുന്നു. രാജാക്കന്മാരുടെ പാർപ്പും മറ്റും ഇല്ലാതിരുന്നതിനാലും, ഇക്കാലങ്ങളിൽ ചില സംസ്ഥാനങ്ങളിൽ ചില ഉദ്യോഗസ്ഥന്മാർ സ്ഥലവിവരണയാദാസ്തുക്കൾ തയ്യാറാക്കുന്നതുപോലെ ആ കൊട്ടാരം വിചാരിപ്പുകാരൻ കൊട്ടാരം കാര്യങ്ങൾ അന്വേഷിച്ചുവരുന്നത് തന്റെ സ്വന്തഭവനത്തിൽ ഇരുന്നുതന്നെ ആയിരുന്നതിനാലും, ചാരോട്ടുകൊട്ടാരം ഇടിഞ്ഞും പൊടിഞ്ഞും വാവൽ, മൂഷികൻ, സർപ്പം മുതലായ ജന്തുക്കളുടെ മന്ദിരമായും കിടന്നിരുന്നു. ഇക്കാലത്തും അനേകം കൊട്ടാരങ്ങളിൽ കടന്നാൽ, അച്ചിട്ടു നിർമ്മിതമാകയാൽ എങ്ങനെ ഭേദമില്ലാതെ വരുന്നുവോ അതുപോലെ, ഒരേവിധത്തിലുള്ള ഗന്ധം നാസികാരന്ധ്രങ്ങളെ പരിതപിപ്പിക്കുന്നതാണ്. ഈ ഗന്ധം ചാരോട്ടുകൊട്ടാരത്തിന്റെ പ്രത്യേകലക്ഷണമായിരുന്നു. ഈ രാജമന്ദിരത്തിന്റെ ചുറ്റും ഒരു മതിൽക്കെട്ടും, മതിൽക്കെട്ടിൽ തെക്കും കിഴക്കും ഓരോ വാതിലും ഉണ്ടായിരുന്നു. ഒന്നാമത്തെ അദ്ധ്യായത്തിൽ വിവരിച്ച സംഭവങ്ങൾ നടന്ന് രണ്ടുകൊല്ലം കഴിഞ്ഞശേഷം ഒരു ദിവസം പ്രഭാതസമയത്ത് മേല്പറഞ്ഞ നാലുകെട്ടിന്റെ കിഴക്കേ വരാന്തയിൽ ഒരു മലയാളബ്രാഹ്മണൻ ഇരുന്നിരുന്നു. ഇരുപതിനുമേൽ ഇരുപത്തിയഞ്ചിനകം വയസ്സുകാണും. നമ്പൂതിരിയോ തിരുവല്ലാദേശിയായ പോറ്റിയോ(3) എന്നു സംശയിക്കാം. കേശവും മീശയും വളർത്തിയിരുന്നതുകൊണ്ട് ദീക്ഷയായിരിക്കാമെന്നും വിചാരിക്കാം. എന്നാൽ, മുഖത്തു വൈദികതേജസ്സ് തീരെ ഇല്ലതന്നെ. വീരരസമാണു നടനം ചെയ്യുന്നത്. വർണ്ണം നല്ല വെളുപ്പാണ്. നാസിക അസാധാരണമായ ദൈർഘ്യത്തോടും അല്പം സ്ഥൗല്യത്തോടും കൂടിയതാകയാൽ മുഖസൗന്ദര്യത്തെപ്പറ്റി ശ്ലാഘിക്കുന്നതു സൂക്ഷിച്ചുവേണ്ടിയിരിക്കുന്നു. ഈ അംഗം അധികമായി ജൃംഭിച്ചു നിൽക്കുന്നതുകൊണ്ടുള്ളൊരു വൈരൂപ്യമല്ലാതെ മറ്റു യാതൊരു കുറ്റവും അദ്ദേഹത്തിന്റെ മുഖാകൃതിയെ സംബന്ധിച്ച് ആരോപിച്ചുകൂടുന്നതല്ല. പിന്നെ ഇതരാംഗങ്ങൾ എല്ലാം പൂർണ്ണലക്ഷണസംയുക്തമായിട്ടുള്ളവ എന്നും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാണപ്പെടും. അദ്ദേഹത്തിന്റെ ബാഹുക്കൾ മുട്ടിനു താഴെവരെ എത്തുന്നുണ്ട്. ബ്രാഹ്മണവേഷമാണെങ്കിലും, ഉരുണ്ടുയർന്നുള്ള സ്കന്ധങ്ങളും നെടുതായ കണ്ഠപ്രദേശവും ലോഹയഷ്ടികൾ പോലെയുള്ള ബാഹുക്കളും ലേശവും മാർദ്ദവം തോന്നിക്കാത്ത വിശാലമായ വക്ഷഃപ്രദേശവും ഗജത്തെക്കണ്ട സിംഹംകണക്കുള്ള നോട്ടങ്ങളും ഇത്യാദിയായുള്ള ലക്ഷണങ്ങൾകൊണ്ട് ക്ഷത്രിയവംശജനാണെന്നു കാഴ്ചക്കാർ നിശ്ചയിച്ചു പോകും. എന്നാൽ സാധുവായ ഒരു ബ്രാഹ്മണന്റെ ഒറ്റമുണ്ടും കച്ചമുണ്ടും അല്ലാതെ രജോഗുണപ്രധാനന്മാരായ ക്ഷത്രിയന്മാരുടെ അലങ്കാരങ്ങളോ രസികത്വമോ യാതൊന്നുംതന്നെ ഇദ്ദേഹത്തിന് ഇല്ലായിരുന്നു. മേല്പറഞ്ഞ വസ്ത്രങ്ങളെത്തന്നെ ഒട്ടും ശ്രദ്ധയോടുകൂടി ധരിച്ചിരുന്നില്ല. കച്ചമുണ്ട് അരയിൽ ചുറ്റിയിരിക്കയായിരുന്നു.*

മുമ്പിൽ കാണപ്പെടുന്ന വേളിമലയിൽ നോക്കി എന്തോ മനഃക്ലേശങ്ങളോടു കൂടി ബ്രാഹ്മണൻ ഇരിക്കുന്നു. ഇടക്കിടെ കോപഭാവങ്ങളും മുഖത്തു പുറപ്പെടുന്നുണ്ട്. മേഘങ്ങൾ മേല്പറഞ്ഞ പർവ്വതത്തിന്റെ അഗ്രഭാഗത്തെ മുഴുവനും മറച്ചിരിക്കുന്നതിനെ കണ്ടിട്ട് ബ്രാഹ്മണന് ഇപ്രകാരമെല്ലാം ആത്മഗതമുണ്ടായി. “അല്ലേ പർവ്വതമേ, നിന്റെ ഔന്നത്യം തന്നെ നിനക്ക് ആപത്തായിത്തീർന്നിരിക്കുന്നല്ലോ. നിന്റെ താഴ്വരകളിലെ ചെറിയ കുന്നുകൾ ഉദയരവിയുടെ കിരണങ്ങൾ തട്ടി എത്ര ആനന്ദതുന്ദിലന്മാരായി കാണപ്പെടുന്നു! ആവിമയമായ മേഘങ്ങൾ അവയെ ബാധിക്കുന്നില്ലല്ലോ. ഒന്നു വിചാരിച്ചു നീ ആശ്വസിക്ക. നിന്നെക്കാൾ പൊക്കമേറുന്ന ഗിരികൾക്ക് ഹിമം എന്നുള്ള ഒരു ശത്രു കൂടി ഉണ്ടല്ലോ. നിനക്ക് അതിന്റെ പീഡയില്ല. താഴ്ച നല്ലതുതന്നെയാണ്. പീഡകൾ ഒഴിഞ്ഞു മനസ്സമാധാനത്തോടു കൂടി ജന്മം കഴിക്കാം. എന്നാൽ ഈ തത്വത്തെ മനുഷ്യർ ഗ്രഹിക്കുന്നുണ്ടോ? അതില്ല. തൃഷ്ണ വലുതായ ഒരു മൂർത്തി തന്നെയാണ്. തൃഷ്ണയെ വെടിഞ്ഞ് എല്ലാവരും ഇരുന്നാലോ? പിന്നെ പ്രപഞ്ചം ഇല്ല. എയ്! നടക്കാത്ത കാര്യങ്ങളെ പറ്റി ഞാൻ ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരുന്നാലോ! മറുകര കാണുകയില്ല. ഒടുവിൽ വ്യസനിക്കേണ്ടിയും വരും. നടപ്പുള്ള കാര്യങ്ങളെ ആലോചിച്ചു നേരെ നടത്തുന്നതാണ് ഉത്തമപുരുഷലക്ഷണം. ആട്ടെ.” ഇപ്രകാരമുള്ള മനോരാജ്യങ്ങൾ കഴിഞ്ഞ്, ബ്രാഹ്മണൻ, ‘പരമേശ്വരാ’ എന്ന് ഒന്നുവിളിച്ചു. ‘അടിയൻ’ എന്നു വിളികേട്ടുകൊണ്ട് മതിൽക്കെട്ടിനു പുറത്തുനിന്നിരുന്ന ഒരു നായർ അകത്തോട്ടു കടന്നിട്ട് ബ്രാഹ്മണന്റെ മുമ്പിൽ എത്തി കൈകെട്ടി വാപൊത്തി രാജസന്നിധിയിൽ എന്നപോലെ നിന്നു. ഈ നായർ സ്ഥാനമാനികളായ ഇടപ്രഭുക്കന്മാരുടെ അകമ്പടിക്കാരെപ്പോലെ വാളും പരിചയും ധരിച്ചിരുന്നു.

ബ്രാഹ്മണൻ: “പരമേശ്വരാ, എന്താണ് ഇനി നാം ചെയ്യേണ്ടത്? ഇവിടങ്ങളിൽ താമസിക്കുന്നത് അത്ര വെടിപ്പാണെന്നു തോന്നുന്നില്ല. തിരുവനന്തപുരത്തേക്കു പോകയല്ലേ?”

പരമേശ്വരൻപിള്ള: “ഭൂതപ്പാണ്ടിയിൽ ചെന്നു വന്ന കാര്യം സാധിക്കാൻ നോക്കാതെ പോയാലോ?”

ബ്രാഹ്മണൻ: “അമ്മാവനു സുഖമില്ലെന്ന വർത്തമാനം കിട്ടിയിരിക്കുന്ന സ്ഥിതിക്ക് ഉടനേ ഞാൻ അവിടെ എത്തേണ്ടതല്ലയോ? ഇവിടെ താമസിച്ചാൽത്തന്നെ എന്തു കാര്യസാധ്യമാണുള്ളത്? ദ്രവ്യവും ആളും ഇല്ലതെ ഒന്നും നടക്കയില്ല. രണ്ടും നമുക്കില്ല. ഒരു പഠാണിയുടെ സഹായം മാത്രം ലഭിച്ചു.”

പരമേശ്വരൻപിള്ള: “ഇനിയും ഈ ഭാഗത്ത് ആൾ ഉണ്ടാകും. ഉപേക്ഷകൊണ്ട് ഒന്നും അറിവാൻ ഇടവരാത്തതാണ്.”

ബ്രാഹ്മണൻ: (കോപവും ഈർഷ്യയും വർദ്ധിച്ച ഭാവത്തോടെ) “നാം എന്താണു ചെയ്യേണ്ടത്? ഈ സ്ഥലങ്ങളിലുള്ള പ്രമാണികളെ വരുത്താൻ, ആ ശനി(4) പത്മനാഭപുരത്തു വന്നിരിക്കുന്ന സ്ഥിതിക്കു കഴിയുന്നതല്ല. എന്നാൽ ഞൻ ഒന്ന് ആലോചിക്കുന്നു. നീ ഭൂതപ്പാണ്ടിയിൽപ്പോയി ആറുമുഖംപിള്ളയെ കാണാൻ നോക്കണം. ഞാൻ തിരുവനന്തപുരത്തേക്കു തന്നെ പോകാം.”

പരമേശ്വരൻപിള്ള: “അടിയൻ തിരുവനന്തപുരംവരെ കൂടിവിടകൊണ്ടിട്ട്, ഭൂതപ്പാണ്ടിയിലേക്ക് പിന്നീട് ആകാം. തനിച്ചെഴുന്നള്ളുന്നതു ശരിയല്ല. കള്ളിയങ്കാട്ടുവെച്ച് പറ്റിയതുപോലെ ഇനിയും ആപത്തിൽ ചാടരുത്.”

ബ്രാഹ്മണൻ: “ആപത്തിനെ ഭയന്നാലോ? നീ ഇന്നുതന്നെ ഭൂതപ്പാണ്ടിക്കു പുറപ്പെടണം. ഇപ്പോൾ ഉള്ളതിൽ വലിയ ആപത്ത് ഇനി വരാനുണ്ടോ?”

പരമേശ്വരൻപിള്ള: “ഇങ്ങനെ കല്പിക്കരുത്. എന്തായാലും കേരളപുരത്ത് എഴുന്നള്ളിയിട്ട് അവിടന്ന് തിരുവനന്തപുരത്തേക്കു തിരിക്കാം. കടവിലെഴുന്നള്ളത്തും(5) ഒന്നും കഴിക്കാതെ ഇവിടെ ഇരുന്നാൽ കണക്കല്ല.”

ബ്രാഹ്മണൻ: “ഞാൻ തിരുവനന്തപുരത്തേക്കു തന്നെ തിരിക്കയാണ്. ആലസ്യത്തിന്റെ വിവരം അറിഞ്ഞിട്ടു മേലിൽ നടത്തേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കാം. അതിനിടയിൽ നീ പോയി മധുരക്കാരെ സമാധാനപ്പെടുത്തണം. ആ കേൾക്കുന്ന ശബ്ദമെന്താണ്?–” എന്നു പറഞ്ഞുകൊണ്ട്, ബ്രാഹ്മണൻ എഴുന്നേറ്റു.

ഒടുവിലെ വാക്കുകൾ കേട്ടു പരമേശ്വരൻപിള്ള അരനിമിഷംകൊണ്ട് വാതിൽക്കൽ എത്തി പുറത്തു നോക്കീട്ട് ധൃതിയോടും പരിഭ്രമത്തോടും മടങ്ങിയെത്തി, “ക്ഷണം മതിൽ ചാടണം. പത്തുപന്ത്രണ്ടു വേൽക്കാർ ഇങ്ങോട്ടുതന്നെ വരുന്നു.” എന്നു പറഞ്ഞു. ബ്രാഹ്മണൻ ഇതു കേട്ടിട്ട് കുലുങ്ങാതെ വടക്കോട്ടുള്ള ഒരു വാതിൽ തുറന്ന് കെട്ടിനു പുറത്തു കടന്ന് നിഷ്പ്രയാസമായി വടക്കേ മതിൽ ചാടുകയും ചെയ്തു. പുറകെ പരമേശ്വരൻപിള്ളയും എത്തി. ഇവർ മതിൽക്കെട്ടിനു പുറത്തായപ്പോൾ വേൽക്കാർ കൊട്ടാരത്തിന്റെ തെക്കേ പടിക്കൽ എത്തി. ആകെ പതിനാലു വേൽക്കാർ ഉണ്ട്. ഇവരുടെ പ്രമാണിയായ വേലുക്കുറുപ്പ്, കട്ടിയും കവണിയും ഉടുത്ത്, തലയിൽ ഒരു പട്ടും കെട്ടി, വാളും പരിചയും ധരിച്ചു മുമ്പിൽ നടക്കുന്നുണ്ട്. ഇയാളുടെ പരിവാരങ്ങൾ ഓരോ കുന്തം ധരിച്ചിട്ടുള്ളതു കൂടാതെ അരയിൽ ഓരോ വാളും കെട്ടിയിട്ടുണ്ട്. വേലുക്കുറുപ്പിനെ ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുക പ്രയാസമാണ്. കേരളീയനാണെന്ന് പൂർവ്വശിഖ ഒന്നുകൊണ്ടു മാത്രം അറിയണം. കാഴ്ചയിൽ പടിഞ്ഞാറെക്കടലിന്റെ പടിഞ്ഞാറെ തീരത്താണോ ജനനം എന്നു ഭൂമിശാസ്ത്രപരിജ്ഞാനം ഉള്ളവരായ ആളുകൾ സംശയിക്കും. പൊക്കം ഒരു കരിങ്കൽച്ചക്കോളമേയുള്ളു. വണ്ണം, ദേഹകാഠിന്യം എന്നിവയാലും, ചക്കിനോടു സാദൃശ്യമുണ്ട്. നേത്രങ്ങൾ വൃത്താകാരമായി തുറിച്ചും, നാസിക ഒരു മാംസക്കഷണം ഉരുട്ടി മുഖത്ത് ഒട്ടിച്ചതുപോലെയും, ദന്തങ്ങൾ രണ്ടോ മൂന്നോ വരികൾ ഉള്ളവ തങ്ങളിൽ മത്സരം കലർന്നു കറുത്തു തടിച്ചുള്ള ചുണ്ടുകളെ ആക്രമിച്ചും, നെറ്റി ഉണ്ടോ എന്നു സംശയിക്കത്തക്ക വിധത്തിൽ വിസ്താരം കുറഞ്ഞും, ഇങ്ങനെ വികൃതമായുള്ള രൂപത്തോടുകൂടിയ ഈ ആളുടെ ധൈര്യത്തെ അയാളുടെ കണ്ടകത്വം ഒന്നിനോടു മാത്രമേ ഉപമിച്ചുകൂടൂ. ബന്ധുക്കൾ എന്നും, അബലകൾ എന്നും, ബ്രാഹ്മണർ എന്നും, കുട്ടികൾ എന്നും മറ്റുമുള്ള യാതൊരു ഭേദങ്ങളും വേലുക്കുറുപ്പിനു ഗ്രന്ഥമാർഗ്ഗമായിപ്പോലും പരിചയമില്ല. തന്റെ നാഥനായ വലിയ തമ്പിയുടെ ഉത്തരവുണ്ടായാൽ ‘വെട്ടൊന്ന് കണ്ടം രണ്ട്’ എന്നുള്ള പ്രമാണമേ അയാൾക്കു പാഠമുള്ളു.

വേലുക്കുറുപ്പും സന്നാഹങ്ങളും കൊട്ടാരത്തിനകത്തു കടന്നു ധൃതിയോടുകൂടി മുറ്റങ്ങളും മുറികളും തട്ടിൻപുറവും എല്ലാം പരിശോധന തുടങ്ങി. അല്പം ആലോചന കഴിഞ്ഞ് പതിനാലുപേരും വാനരന്മാരെപ്പോലെ മതിൽ ചാടിക്കടന്ന് ബ്രാഹ്മണനും ശിഷ്യനും പോയിട്ടുള്ള വഴി പുല്ലുകളും ചെടികളും പതിഞ്ഞു കിടക്കുന്നത് കണ്ടറിഞ്ഞ്, അവരെ പിന്തുടർന്നു. കുറച്ചുദൂരം ചെന്നപ്പോൾ ബ്രാഹ്മണനെയും ശിഷ്യനെയും കണ്ടുതുടങ്ങി. ‘പിടിച്ചോടാ’ എന്നു വേലുക്കുറുപ്പു വിളികൂട്ടി തന്റെ ഭടന്മാരെ ഉത്സാഹപ്പെടുത്തി. കല്ലും മുള്ളും കൊണ്ട് പാദങ്ങൾക്കുണ്ടായ വേദനയെ ഏതും ലക്ഷ്യമാക്കാതെ ബ്രാഹ്മണനും ശിഷ്യനും വ്യാധനെക്കണ്ട മാൻപേടകളെപ്പോലെ കുതിച്ചുപാഞ്ഞു. തലേദിവസം ഉപവാസമായിരുന്നതിനാൽ കുറച്ചുകഴിഞ്ഞപ്പോൾ രണ്ടുപേരും ക്ഷീണിച്ചുതുടങ്ങി. എങ്കിലും ജീവിതത്തിലുള്ള ആഗ്രഹംകൊണ്ട് പക്ഷിവേഗത്തെവെല്ലുന്ന ശീഘ്രഗതിയോടുകൂടി വൃക്ഷങ്ങളും പാറകളും ചുറ്റി, കുന്നുകളും കുഴികളും സമഭൂമികളും കടന്ന്, വേൽക്കാരുടെ മുമ്പിൽനിന്നു മറഞ്ഞു. അസ്ത്രങ്ങൾപോലെ പാഞ്ഞുപോകുംവഴിയിൽ മുമ്പിൽ വളരെ അകലെയായിട്ട് ഒരു ചാന്നാൻ നിന്ന് ചില ആംഗ്യങ്ങൾ കാട്ടുന്നത് കാണുകയുണ്ടായി. അവൻ നിന്നിരുന്നതിനു സമീപത്ത് വാർദ്ധക്യംകൊണ്ട് കാതൽ എല്ലാം ചാവി വീണു ദ്രവിച്ചും ഇലകൾ കൊഴിഞ്ഞും ഉള്ള ഒരു പ്ലാവു നിന്നിരുന്നു. ഇടിവീണും, മറ്റു ഹേതുക്കളാലും കൊമ്പുകൾ എല്ലാം നശിച്ചുപോയിരിക്കുന്നു. ചെറുതായ ഒരു മുറിയോളം വിസ്താരമുള്ള ഒരു പോട് ഈ വൃക്ഷശിഷ്ടത്തിൽ ഉള്ളതിനെ, വായുവേഗത്തോടു തന്റെ സമീപത്ത് എത്തിയ ബ്രാഹ്മണന്, ചാന്നാൻ കാണിച്ചുകൊടുത്തതിനെ കണ്ട് അവന്റെ ആംഗ്യങ്ങളുടെ താല്പര്യത്തെ മനസ്സിലാക്കീട്ട്, കാൽക്ഷണംകൊണ്ട് അദ്ദേഹവും ശിഷ്യനും അതിനകത്തുകടന്നു. ഇവർ രണ്ടുപേരും വൃക്ഷകോടരത്തിനുള്ളിൽ ആയതു കണ്ടശേഷം ചാന്നാൻ നേരെ പടിഞ്ഞാറുനോക്കി ഓടിത്തുടങ്ങി. വേൽക്കാർ വഴിതെറ്റാതെ, ബ്രാഹ്മണനും ശിഷ്യനും ശ്വാസത്തെ അടക്കി നിശ്ചേഷ്ടരായിരുന്ന വൃക്ഷത്തേയും കടന്ന്, മുമ്പിൽ കണ്ട കാലടികളെ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് തിരിഞ്ഞ് ഓടിപ്പോകയും ചെയ്തു. തങ്ങൾ ഇരുന്നിരുന്ന വൃക്ഷത്തെ കടന്ന് വേൽക്കാർ പോയ ഉടനെ ബ്രാഹ്മണനും പരമേശ്വരൻപിള്ളയും വൃക്ഷഗഹ്വരത്തിൽനിന്ന് പുറത്തിറങ്ങി വേഗത്തിൽ കിഴക്കോട്ടു നടന്നുതുടങ്ങി. ഏകദേശം കാൽനാഴിക ദൂരം ചെന്നപ്പോൾ വലുതായ ഒരു പനങ്കാലാ (പനകൾ നിറഞ്ഞുള്ള പറമ്പ്) കണ്ടിട്ട്, അതിൽ കടന്ന് അവിടെ നിന്നിരുന്ന ചില ചാന്നാന്മാരോട്, സമീപത്ത് നായർഗൃഹം ഏതെങ്കിലും ഉണ്ടോ എന്നും മറ്റും അന്വേഷിച്ചുതുടങ്ങി.

ഇതിനിടയിൽ വേൽക്കാർ വേഗം കുറയ്ക്കാതെ പായുന്നുണ്ട്. ‘ആണുങ്ങളെങ്കിൽ തല കൊണ്ടുപോരണം’ എന്നും മറ്റും ചില നിശ്ചയങ്ങളെ ഓടുന്നുതിനിടയിൽ വേൽക്കാരെ വേലുക്കുറുപ്പു ധരിപ്പിക്കുന്നു. എന്നാൽ കുറച്ചു മുമ്പിൽ കാണപ്പെട്ട ബ്രാഹ്മണനും ശിഷ്യനും ഒന്നു മറഞ്ഞതിന്റെ ശേഷം വീണ്ടും പ്രത്യക്ഷരാകുന്നതേയില്ല. കാലടികളും കാണാതായിത്തുടങ്ങി. എന്തോ ഒരു ശബ്ദം കേട്ടിട്ട് എല്ലാവരും നായാട്ടുനായ്ക്കളെപ്പോലെ കിതച്ചുകൊണ്ട് ആ സ്ഥലത്തെത്തുന്നു. അവിടെ ഒരു ഭ്രാന്തരൂപനായ ചാന്നാൻ പാട്ടുപാടി വെയിലുംകൊണ്ടു സുഖിച്ചു നിൽക്കുന്നു.

വേലുക്കുറുപ്പ്: “എടാ പയലേ, ഈ വഴിയേ രണ്ടു പേർ ഓടുന്നതു കണ്ടോടാ?”

ചാന്നാൻ: “കണ്ടോടാ കണ്ടോടാ പുലി ചാടിവരുന്നതു കണ്ടോടാ?” എന്നിങ്ങനെ പാടിക്കൊണ്ട് ചില കലാശങ്ങൾ തുടങ്ങി. വേലുക്കുറുപ്പിന്റെ കർണ്ണങ്ങളിൽ ചാന്നാന്റെ സ്വരം വ്യക്തമായി എപ്പോൾ പതിച്ചുവോ അപ്പോൾ അയാളുടെ ഉള്ളിൽ ഒരു സംഭ്രമമുണ്ടായി. അകാരണമായിട്ടുണ്ടായതെന്ന് അയാൾക്ക് അപ്പോൾ തോന്നിയതായ സംഭ്രമത്തെ അടക്കീട്ട് “എടാ ഭ്രാന്താ, ചോദിക്കുന്നതിന് ഉത്തരം പറയാണ്ടു ഭൂതംപോലെ നിന്നു തുള്ളിയാൽ അനുഭവം ചെള്ളയിലാണ്” എന്നു ദേഷ്യത്തോടു പറഞ്ഞു. ഇതിനുത്തരമായി “വേളിമലയിലേ പോവാതുങ്കോ–തീകോരിച്ചൊരികിറ പൂതമുണ്ടേ” എന്നു പാടിക്കൊണ്ട് ചില ചുവടുകളും വിസ്തരിച്ചു വച്ചതല്ലാതെ വേലുക്കുറുപ്പിന്റെ തുള്ളലിനെ കണ്ടിട്ട് ചാന്നാൻ ഒട്ടും തന്നെ അതിനെ ആദരിച്ചില്ല. ഈ അനാദരഭാവം കണ്ടുണ്ടായ കോപംകൊണ്ട്, ചാന്നാൻ ബുദ്ധിഹീനനാണെന്നു വിചാരിച്ചു സമാധാനപ്പെടേണ്ടതെന്നുള്ള സംഗതിയേയും മറന്ന്, അവനെ വേലുക്കുറുപ്പ് തന്റെ പാദത്തൽ ഒന്നു പ്രഹരിച്ചു. അപ്പോൾ എന്താശ്ചര്യമാണ്! എങ്ങുനിന്നു പുറപ്പെടുന്നു എന്നറിയാതെ ബാണങ്ങൾ വർഷിച്ചുതുടങ്ങി. ഒന്നുരണ്ടു വേൽക്കാർ അസ്ത്രമേറ്റു നിലത്തു പതിക്കയും ചെയ്തു. ഇങ്ങനെയുള്ള ആപത്തിനിടയിൽ ആ സ്ഥലത്തു നിൽക്കുന്നതു കണക്കല്ലെന്നു കരുതീട്ട് അതുവരെ ചാന്നാന്റെ ഗോഷ്ടികൾ കണ്ടു രസിച്ചുകൊണ്ടു നിന്നിരുന്ന വേൽക്കാർ കാറ്റു തട്ടിയ കരിയിലകൾ പോലെ പറന്നു പത്മനാഭപുരത്തെത്തി. തന്റെ പരിവാരങ്ങൾ ഓടിക്കളഞ്ഞതുകൊണ്ട് വേലുക്കുറുപ്പും പുറകേ എത്തി.

വേലുക്കുറുപ്പിന്റെ പാദം തന്റെമേൽ പതിച്ചപ്പോൾ മിന്നൽപോലെ തന്റെ മുഖത്തുപ്രകാശിച്ചതായ രൗദ്രത്തെ അടക്കീട്ട്, ശരങ്ങൾ തന്റെ മുമ്പിൽ വീഴുന്നതിനെ കണ്ടിട്ടും, ഏതും ഗണ്യമാക്കാതെ പാട്ടു പാടിയും ആട്ടം ആടിയും ഗോഷ്ടി കാട്ടിയും കൊണ്ടുതന്നെ ചാന്നാൻ ആ നിലത്തു നിന്നു. വേലുക്കുറുപ്പ് മുമ്പായവർ ഓടിപ്പോയതിന്റെ ശേഷം കുറച്ചകലെ ഒരു വൃക്ഷത്തിന്റെ മറവിൽ നിന്ന്, വില്ലും ആവനാഴിയും ധരിച്ച ഒരു നായർ ചാന്നാന്റെ മുമ്പിൽ പ്രത്യക്ഷനായി. വില്ലും വില്ലാളിയും തമ്മിൽ യോജിപ്പായിരുന്നു. വില്ലിൽ ചായം തേച്ചു മിനുക്കീട്ടുള്ളതു കൂടാതെ രണ്ടറ്റത്തും വെള്ളിക്കെട്ടുകളും ഉണ്ട്. അതിന്റെ നീളവും ഘനവും കണ്ടാൽ പൂർവ്വയുഗത്തിലെ മഹാരഥന്മാർ വല്ലവരും ഉപയോഗിച്ചിരുന്ന വില്ലാണോ എന്നു സംശയിച്ചുപോകും. നായർ തുലോം കറുത്തു കൃശനായ ഒരു പ്രാകൃതസ്വരൂപനായിരുന്നു. എങ്കിലും അയാളുടെ പൊക്കവും ഗാത്രത്തിന്റെ ദാർഢ്യവും നോട്ടങ്ങളുടെ ഉഗ്രഭാവവും ശൗര്യമുദ്രകളായി അയാളിൽ കാണപ്പെട്ടിരുന്നു. വലതുകൈയാൽ വില്ലിനെ ഈർക്കിലെന്ന പോലെ ചുഴറ്റിക്കൊണ്ടാണ് ചാന്നാന്റെ മുമ്പിൽ നായർ പ്രവേശിച്ചത്. തന്റെ കാലിൽ തടയുന്ന ചെറിയ ചെടികളെ കാലുകൊണ്ടുതന്നെ വേരോടെ പറിച്ചു ദൂരെ എറിഞ്ഞുകൊണ്ടായിരുന്നു യാത്ര. ആവനാഴിയിൽ അനേകവിധമായ അസ്ത്രങ്ങൾ കിടന്നിരുന്നു. ചാന്നാന്റെ സമീപത്തെത്തി അവിടെ വീണുകിടന്ന അസ്ത്രങ്ങളെ എടുത്ത് ആവനാഴിയിലും അസ്ത്രംകൊണ്ടു മരിച്ചുകിടന്നിരുന്ന രണ്ടു വേൽക്കാരെ പുറങ്കാലാൽ കോരി അനായേസേന അകലത്തുള്ള ഒരു ചുള്ളിക്കാട്ടിലും നിക്ഷേപിച്ചു. ഒടുവിലത്തെ ക്രിയ കണ്ട് ചാന്നാന്റെ ഭാവം അല്പം പകർന്നു. രണ്ടുപേരുമായി കുറച്ചു സംഭാഷണം കഴിഞ്ഞ് ഓരോ വഴിക്കു തിരിഞ്ഞുപോകയും ചെയ്തു. (marthanda varma/raman pilla)



Menu