സുഭാഷ് ചന്ദ്രബോസ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സുപ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23-നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജനനം. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അദ്ദേഹം രൂപവത്കരിച്ചിരുന്നു.
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നു പലായനം ചെയ്തു. ജര്‍മ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1945 ഓഗസ്റ്റ് 18-ന് അദ്ദേഹം തായ്‌വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് കരുതുന്നു.