Endz

സൈലന്റ് വാലിക്ക് ഒരു കഥ പറയാനുണ്ട്..

ജൈവവൈവിധ്യ ദിനത്തിൽ മണ്ണും മരവും മലകളുമൊക്കെ സംരക്ഷിച്ചുകൊള്ളാം എന്നു തീരുമാനം എടുക്കുന്നവർക്ക് ഉറക്കെ വായിക്കാൻ ഒരു കഥയുണ്ട്. സൈലന്റ് വാലി എന്ന നമ്മുടെ സ്വന്തം നാഷണൽ പാർക്കിന്റെ കഥ. ഒരു നാഷണൽ പാർക്ക് ആകാനുള്ള വലുപ്പമൊന്നും സൈലന്റ് വാലിക്ക് പറയാനില്ല. പാലക്കാട് ജില്ലയിലെ നീലഗിരി കുന്നുകളിൽ വെറും 89.52 ചതുരശ്ര കിലോമീറ്റർ വലുപ്പത്തിൽ ഒതുങ്ങി കൂടിയിരിക്കുന്ന നിത്യഹരിത വനമാണിത്. ചുറ്റും ബഫർ സോണായി ഒരു 148 ചതുരശ്ര കിലോമീറ്റർ പ്രദേശവുമുണ്ട്. എന്നാൽ, ഈ കൊച്ചുപ്രദേശത്തെ ജൈവ വൈവിധ്യത്തെക്കുറിച്ച് കേട്ടാൽ ആരും ഒന്ന് അമ്പരക്കും.

പൂവിടുന്ന 1000 തരം ചെടികൾ, 108 തരം ഓർക്കിഡുകൾ, 200-ലധികം തരം ആൽഗകൾ, 100 തരം പന്നലുകൾ, 200 കൽപായലുകൾ, 730 തരം പ്രാണികൾ, 500-ലധികം ഇനം വിരകൾ, 34 ഇനം സസ്തനികൾ, 16 തരം പക്ഷികൾ.. ഇങ്ങനെ എണ്ണിത്തീർക്കാൻ പാടുപെടുന്ന അത്രയും ജീവിവിഭാഗങ്ങൾ ഏകമനസ്സോടെ പാർക്കുന്ന പാർക്ക്! ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ സ്പോട്ടുകളിൽ ഒന്ന്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങിന്റെ സ്വാഭാവിക ആവാസസ്ഥാനമായ ഈ പ്രദേശത്തെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ചത് 1980-ലാണ്. അതിനു പിന്നിൽ വലിയൊരു സമരത്തിന്റെ കഥയുണ്ട്. പ്രകൃതിയില്ലാതെ മനുഷ്യൻ ഇല്ല എന്നു വിശ്വസിക്കുന്ന നല്ല കുറെ ആളുകൾ ചേർന്ന് “സേവ് സൈലന്റ് വാലി” എന്നപേരിൽ നടത്തിയ ഇതിഹാസ സമരത്തിന്റെ കഥ.

ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ പഠനവിധേയമാക്കിയ പ്രദേശമാണ് സൈലന്റ് വാലി. 1847-ൽ റോബർട്ട് വിറ്റ് (Robert Wight) എന്ന ബ്രിട്ടീഷ് സസ്യ ശാസ്ത്രജ്ഞൻ ആയിരുന്നു അതിനു പിന്നിൽ. ഏതാണ്ട് 120 വർഷങ്ങൾക്ക് ശേഷം 1970 -കളിൽ സൈലന്റ് വാലി വളരെ പെട്ടന്ന് ചർച്ചാവിഷയമായി. സൈലന്റ് വാലിയിൽ നനവിറ്റിച്ചുകൊണ്ട് ഒഴുകിയിരുന്ന കുന്തിപ്പുഴയിൽ ഒരു ജലവൈദ്യുത പദ്ധതി സ്ഥാപിക്കാൻ കേരളാ ഗവണ്മെന്റ് തീരുമാനിച്ചതോടെ ആയിരുന്നു അത്. ജലവൈദ്യുത പദ്ധതി വന്നാൽ വെള്ളത്തിനടിയിൽ ആയിപ്പോകുന്ന കാടിനെക്കുറിച്ചോ വഴിമുട്ടുന്ന പുഴയെ കുറിച്ചോ അപകടത്തിലാകുന്ന ജീവജാലങ്ങളെ കുറിച്ചോ ഗവണ്മെന്റ് ചിന്തിച്ചില്ല. പക്ഷെ ജീവന് വേണ്ടി കേഴുന്ന പക്ഷിമൃഗാദികളുടെ നിശബ്ദമായ നിലവിളി കേൾക്കാൻ ഒരുപറ്റം പ്രകൃതി സ്നേഹികൾ കേരളത്തിൽ ഉണ്ടായിരുന്നു. അവർ ഏകമനസ്സോടെ സംഘടിച്ചു. സമര പരമ്പരകളായിരുന്നു പിന്നീട്. കേരളത്തിൽ പിന്നീടുണ്ടായ പരിസ്ഥിതി സമരങ്ങൾക്കെല്ലാം മാതൃകയായ ഒന്ന്. പ്രകൃതി മനുഷ്യന് വേണ്ടി മാത്രമുള്ളതാണ് എന്നു ചിന്തിച്ചിരുന്ന ആളുകളുടെ ഇടയിലേക്ക് അവർ വ്യത്യസ്തമായൊരു ചിന്തയുമായി ഇറങ്ങി. മനുഷ്യൻ പ്രകൃതിയുടെ ഭാഗം മാത്രമാണ്, പ്രകൃതി എല്ലാ ജീവികളുടെയും കൂടെയാണ് എന്ന മുദ്രാവാക്യം അവർ മുഴക്കി.

വർഷങ്ങൾ നീണ്ട സമരം. ഒടുവിൽ അധികൃതർ പദ്ധതി ഉപേക്ഷിച്ചു. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ഈ പ്രദേശത്തെ ബയോസ്ഫിയർ റിസർവ് ആയി പ്രഖ്യാപിക്കാനാണ് ശുപാർശ ചെയ്തത്. എല്ലാറ്റിനും ഒടുവിൽ 1980-ൽ ഈ പ്രദേശത്തെ നാഷണൽ പാർക്കാക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. 1985-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലി നാഷണൽ പാർക്ക് ഔദ്യോഗികമായി ഉദ്ഘാടനം നടത്തി. അങ്ങനെ ഒരു തലമുറയ്ക്ക് മുഴുവൻ മാതൃകയായി വരും തലമുറയ്ക്ക് ഓർത്തുവയ്ക്കാനുള്ള ചരിത്രമായി ആ സമരം അവസാനിച്ചു.