Endz

1 unit. ലക്ഷ്മണ സാന്ത്വനം

കവികുല ഗുരുവായ എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ അയോധ്യാകാണ്ഡത്തിലുള്ള “ലക്ഷ്മണോപദേശം’ എന്ന ഭാഗത്തു നിന്നാണ് പാഠഭാഗത്തിലെ വരികൾ എടുത്തിരിക്കുന്നത്. അധ്യാത്മരാമായണത്തിലെ ഏറ്റവും പ്രൗഡമായ ഒരു ഭാഗമാണിത്.

പാഠസന്ദര്‍ഭം

സൂര്യകുല വംശജനായ ദശരഥന്‍ തന്‍റെ പുത്രനായ രാമനെ യുവരാജാവാക്കാന്‍ തീരുമാനിച്ചു.  തന്‍റെ  മകൻ ഭരതനെ രാജാവാക്കണമെന്ന് ദശരഥന്‍റെ പത്നിമാരില്‍ ഒരാളായ കൈകേയി വാശി പിടിക്കുന്നു. സത്യം തെറ്റാതിരിക്കാൻ പണ്ടു നൽകി വരത്തിന്‍റെ പേരിൽ ദശരഥൻ വഴങ്ങി. കൈകേയിക്ക് വരം നല്‍കിയതോടെ രാമന്‍റെ അഭിഷേകം മുടങ്ങി. ശ്രീരാമന്‍റെ   പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞു അനുജന്‍  ലക്ഷ്മണന്‍  കുപിതനായി. പിതാവിനെ ബന്ധിച്ചാലും  വേണ്ടില്ല  രാമന്‍റെ അഭിഷേകം നടത്തണമെന്ന് ലക്ഷ്മണന്‍ വാശി പിടിക്കുന്നു. ലക്ഷ്മണന്‍റെ  കോപശക്തി  അറിയാവുന്ന രാമന്‍  ലക്ഷ്മണനെ ഉപദേശത്തിലൂടെ സാന്ത്വനിപ്പിക്കുന്നതാണ്  പാഠഭാഗം. ആത്മീയതയുടെ ശക്തിയും മനുഷ്യശരീരത്തിന്‍റെ നശ്വരതയും ചൂണ്ടിക്കാട്ടിയാണ് രാമന്‍ അനുജനെ സാന്ത്വനിപ്പിക്കുന്നത്.

തുഞ്ചത്ത് എഴുത്തച്ഛന്‍ (16-ാം നൂറ്റാണ്ട്)

തൃക്കണ്ടിയൂര്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ജനനം. ആധുനിക മലയാള ഭാഷയുടെ പിതാവ്, കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധന്‍. തൃക്കണ്ടിയൂരിലും ചിറ്റൂരിലും പാഠശാലകള്‍ സ്ഥാപിച്ച്  വിദ്യാപ്രചരണം നടത്തി.അദ്ധ്യാത്മരാമായണം കിളിപ്പാട്ട് , മഹാഭാരതം കിളിപ്പാട്ട് , ദേവീമഹാത്മ്യം, ബ്രഹ്മാണ്ഡപുരാണം ,ഹരിനാമകീര്‍ത്തനം, ശതമുഖപുരാണം ചിന്താരത്നം തുടങ്ങിവ കൃതികളാണ്

പാഠസംഗ്രഹം 

അനുജ , ലക്ഷ്മണ ,കുമാര നീ മത്സരബുദ്ധിയുപേക്ഷിച്ച്  എന്‍റെ (രാമന്‍റെ ) വാക്കുകള്‍ കേള്‍ക്കണം. നിന്‍റെ യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നു . എന്നോട് നിനക്കുള്ളതു – പോലെ സ്നേഹം മറ്റാര്‍ക്കുമില്ല . നീ നിശ്ചയിച്ചാല്‍ നടക്കാത്തതായി ഒരു കാര്യവുമില്ലെന്നും അറിയാമെങ്കിലും നീ ഒരു കാര്യം മനസ്സിലാക്കണം . ഇക്കാണുന്ന ലോകവും രാജ്യവും ധനധാന്യാദികളും യാഥാര്‍ത്ഥ്യമാണെങ്കില്‍ നിന്‍റെ പ്രയത്നം    കൊണ്ട് അര്‍ത്ഥമുണ്ട് . അല്ലെങ്കില്‍ അതുകൊണ്ട് എന്താണ് ഫലം ? ലൌകിക   സുഖങ്ങളെല്ലാം മിന്നല്‍പ്പിണര്‍ പോലെ പെട്ടെന്ന് മറയുന്നവയാണ്. അതുപോലെ വേഗത്തില്‍ നമ്മുടെ  ആയുസ്സും നഷ്ടമാകുമെന്ന് നീ അറിയണം. ചുട്ടുപഴുത്ത ലോഹപാത്രത്തില്‍   വീണ നീര്‍ത്തുള്ളി പോലെ പെട്ടെന്ന് നശിച്ചുപോകുന്നതാണ് മനുഷ്യജന്മം. പാമ്പിന്‍റെ  വായിലകപ്പെട്ട തവള ഇരതേടാനായി വായ്‌  പൊളിക്കുന്നത് പോലെ കാലമാകുന്ന പാമ്പിന്‍റെ വായിലകപ്പെട്ട മനുഷ്യര്‍ ചഞ്ചല മനസ്സോടെ സുഖങ്ങള്‍ അന്വേഷിക്കുന്നു. പുത്രന്മാര്‍ ,മിത്രങ്ങള്‍, ഭാര്യ ,  സമ്പത്ത് ഇവരോടൊക്കെ ചേര്‍ന്നുള്ള ജീവിതം അല്പകാലത്തേക്ക്  മാത്രമുള്ളതാണ്. ക്ഷീണിതരായ  വഴിയാത്രക്കാര്‍ പെരുവഴിയമ്പലത്തില്‍ ഒത്തുചേര്‍ന്ന് പിരിഞ്ഞുപോകുന്നത് പോലെയും നദിയിലൂടെ ഒഴുകിവരുന്ന തടികള്‍ ഒത്തുചേര്‍ന്നൊഴുകി പിരിഞ്ഞുപോകുന്നത് പോലെയും     അസ്ഥിരമാണ് ഗാര്‍ഹിക ജീവിതം. ഐശ്വര്യം മനുഷ്യര്‍ക്ക്‌ സ്ഥിരമായിരിക്കുകയില്ല. യൌവ്വനം എക്കാലവും  നിലനില്‍ക്കുകയില്ല. ഭാര്യാസുഖം  വെറും സ്വപ്നം പോലെയാണ് . ജീവിതം അല്പകാലത്തേക്ക് മാത്രമേയുള്ളൂ  എന്നറിയുക. രാഗം,ദ്വേഷം ,മദം,മാത്സര്യം എന്നിവ  ഇടകലര്‍ന്നുള്ള  ലൌകിക ജീവിതം ആകെക്കൂടി ചിന്തിച്ചാല്‍ സ്വപ്നതുല്യമാണ്.

ഈ ശരീരമാണ് ഏറ്റവും വലുതെന്നു വിചാരിച്ച് ഊറ്റം കൊള്ളുന്നവര്‍, ഞാന്‍ ബ്രാഹ്മണനാണ് , ഞാന്‍ രാജാവാണ്‌ , ഞാന്‍ ആഢ്യനാണ് എന്നൊക്കെ  ചിന്തിച്ച് അഹങ്കരിക്കുമ്പോള്‍ ശരീരം ചിലപ്പോള്‍ ജന്തുക്കള്‍ ഭക്ഷിച്ച് കാഷ്ഠിച്ച് പോകാം, ദഹിച്ച് ചാമ്പലായി പോകാം,അല്ലെങ്കില്‍  മണ്ണിട്ടുമൂടി കൃമികളായി തീര്‍ന്നേക്കാം.  അതുകൊണ്ട് ശരീരത്തോടുള്ള ആഗ്രഹം നല്ലതല്ല. പഞ്ചഭൂതങ്ങളാല്‍ (പൃഥ്വി, അപ് , തേജസ്സ്,   വായു , ആകാശം)നിര്‍മ്മിതമായ ശരീരം ത്വക്ക്, മാംസം, രക്തം,  മലം, മൂത്രം,  ശുക്ലം  ഇവയുടെ ചേരുവയാണ്.  മായാമയവും  നിരന്തരം മാറ്റത്തിന് വിധേയവുമായ   ശരീരം അസ്ഥിരമാണ് . ഈ ശരീരത്തിലുള്ള അഭിമാനമാണ്   ഈ ലോകത്തെ   ദഹിപ്പിക്കാന്‍ നീ  തയ്യാറാകാന്‍ കാരണം. അനുജാ,  ഇത് നിന്‍റെ അറിവുകേടാണെന്ന് നീ  ചിന്തിക്കണം. ശരീരം നിമിത്തമാണ് എല്ലാ ദോഷങ്ങളും ഉണ്ടാകുന്നത്. ഈ ശരീര- മാണ്  ഞാന്‍ എന്ന ചിന്ത മനുഷ്യര്‍ക്ക്‌ മോഹത്തെ ജനിപ്പിക്കുന്ന അവിദ്യയാകുന്നു. ഞാന്‍ ശരീരമല്ല ആത്മാവാണെന്ന ബോധം മോഹത്തെ ഇല്ലാതാക്കുന്ന വിദ്യയാകുന്നു.  ലൌകികദുഃഖങ്ങള്‍     അവിദ്യയുടെ സൃഷ്ടിയാണ് . ലൌകികദുഃഖത്തെ നശിപ്പിക്കുന്നത് അറിവും. അതിനാല്‍ മോക്ഷപ്രാപ്തിക്ക് ഏകാഗ്രതയോടെ വിദ്യ നേടണം. ഈ ലോകജീവിതത്തില്‍ കാമം, ക്രോധം,ലോഭം,മോഹം മുതലായ ശത്രുക്കളെ  മനുഷ്യന്‍ തിരിച്ചറിയണം. ഇവയില്‍ ക്രോധത്തിന് മോക്ഷത്തെ നശിപ്പിക്കാന്‍ കഴിയുമെന്നറിയുക. മാതാവ് ,പിതാവ് ,സഹോദരന്‍ , സുഹൃത്ത് എന്നിവരെക്കൂടി ക്രോധത്താല്‍ മനുഷ്യന്‍ കൊല്ലുന്നു. ക്രോധം  മനോദുഖത്തിന് കാരണമാകുന്നു. മനുഷ്യര്‍ക്ക്‌ ലൌകിക ബന്ധനം ഉണ്ടാക്കുന്നതും ധര്‍മ്മത്തെ ക്ഷയിപ്പിക്കുന്നതും ക്രോധമാണ്. അതുകൊണ്ട് ബുദ്ധിമാന്‍ ക്രോധം ഉപേക്ഷിക്കുക തന്നെ വേണം.

Menu