Endz

Laika the Space Dog

62 Years Later Remembering the Story

മോസ്കോയിലെ തെരുവ് വീഥികളിൽ അലഞ്ഞു നടന്ന അനാഥയായിരുന്നു അവൾ.റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവിൽ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു ലെയ്ക.മിടുക്കിയായിരുന്നു ,ആ മിടുക്ക് തന്നെയാണ് അവളെ മരണത്തിലേക്ക് നയിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതും.ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവിൽ അവർ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാൻ പറ്റാത്ത ഉയരത്തിൽ എത്തിച്ചു.അന്നുവരെ ഭൂമിയിലിരുന്ന് മനുഷ്യൻ കണ്ടതിനെയൊക്കെ ബഹുദൂരം പിന്നിലാക്കിയ ആ സഞ്ചാരിയുടെ പേരാണ് ലെയ്ക എന്ന പട്ടി കുട്ടി.ബഹിരാകാശതെത്തുന്ന ഭൂമിയിലെ ആദ്യ ജീവിയാണ് ലെയ്ക.റഷ്യൻ ഭാഷയിൽ കുരയ്ക്കുന്ന എന്നർത്ഥമാണ് ലെയ്ക എന്ന പേര്.ബഹിരാകാശ രംഗത്തെ വൻ ശക്തിയായി സോവിയറ്റ് യൂണിയൻ കുതിച്ചു കൊണ്ടിരിക്കുന്ന കാലം.എന്തു വില കൊടുത്തും ബഹിരാകാശത്ത് ആളെ അയക്കാൻ അവർ തീരുമാനിച്ചു.അതിനു മുന്നോടിയായാണ് നായയെ അയക്കാനുള്ള ശ്രമങ്ങൾ തുടർന്നത്.ഓസോൺ പാളിയുടെ സംരക്ഷണമില്ലാത്ത അവസ്ഥ,ഭാരമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ,ബഹിരാകാശ ജീവിതം ജീവികളുടെ മാനസിക നിലയിലുണ്ടാക്കുന്ന അവസ്ഥ എന്നിങ്ങനെ പലതും.ബഹിരാകാശ വേഷം ഇടുവിച്ച് മർദ്ദം ക്രമീകരിച്ച പേടകത്തിലിരുത്തി പല പട്ടികളേയും പരീക്ഷിച്ചു.ആൽബിന, സൈഗാങ്ക എന്നീ പട്ടികളെ 85 കിലോമീറ്ററോളം ഉയരത്തിൽ പറത്തി സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചു.അവസാന പറക്കലിനായി തെരഞ്ഞെടുത്തത് ലെയ്കയെ ആയിരുന്നു.ഒടുവിൽ ആ ദിവസം വന്നെത്തി 1957 നവംബർ 3.ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 1 ന്റെ വിക്ഷേപണത്തിനു ശേഷം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ മുഹൂർത്തത്തിന് തുടക്കമായി.ആറൽ കടലിനു വടക്കുള്ള ബൈകോനൂർ കോസ്മോഡ്രോമിൽ ഒരു കൂറ്റൻ റോക്കറ്റ് മുഖം കൂർപ്പിച്ചു നിന്നു. അണിയറയിൽ ലെയ്കയുടെ യാത്രക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു.
ലെയ്കയെ കുളിപ്പിച്ച് രോമങ്ങൾ ഭംഗിയായി ചീകിയൊതുക്കി.ശ്രദ്ധാപൂർവ്വം അവളുടെ ശരീരത്തിൽ പലയിടത്തും ഇലക്ട്രോഡുകൾ ഘടിപ്പിച്ചു.ലോകത്തിലെ രണ്ടാമത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്നിക് – 2 ലാണ് ലെയ്കയുടെ പേടകം ഒരുക്കിയിരുന്നത്.അല്പം വലിയൊരു കിളി കൂട്പോലെ തോന്നിച്ച ഒരു പേടകം.അതിന്റെ ഭിത്തികളിൽ പതുപതുത്ത പാഡുകൾ ഘടിപ്പിച്ചിരുന്നു.അവളുടെ ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ ചുറ്റിലും ഉണ്ടായിരുന്നു.പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുറംചട്ടയണിഞ്ഞ് ലെയ്കയെ പേടകത്തിലിരുത്തി.അവൾക്കുള്ള ഭക്ഷണവും വെള്ളവും അതിൽ കരുതിയിരുന്നു.
ബഹിരാകാശ യാത്രയിൽ ” രക്ഷപ്പെടൽ ” എന്ന വാക്ക് അക്കാലത്ത് ഇല്ലായിരുന്നു.അതറിഞ്ഞുതന്നെയാണ് ജീവൻ നിലനിർത്തുന്നതിനുള്ള താല്കാലിക ഉപകരണങ്ങളുമായി ശാസ്ത്രലോകം ലെയ്കയെ യാത്രയയച്ചതും.
കൗണ്ട് ഡൗൺ ആരംഭിച്ചു.അവളറിഞ്ഞില്ല എണ്ണപ്പെടുന്നത് സ്വന്തം ജീവിത നിമിഷങ്ങൾ കൂടിയാണെന്ന്.സ്പുട്നിക് 2 നേയും അതിലെ യാത്രക്കാരിയേയും വഹിച്ച് കൊണ്ട് റോക്കറ്റ് ആകാശത്തേക്കുയർന്നു.ലെയ്കയുടെ ശരീരത്തിലുള്ള ഇലക്ട്രോഡുകൾ ഹൃദയമിടിപ്പും,രക്തസമ്മർദ്ദവും കൃത്യമായി ഭൂമിയിലേക്കയച്ചു കൊണ്ടിരുന്നു.സ്പുട്നിക് 2 ഭ്രമണപഥത്തിൽ എത്തുന്നതു വരെയും അതു തുടർന്നു.ആരും വിളിപ്പുറത്തില്ലാത്ത ആ വിചിത്രലോകത്തിൽ ലെയ്ക എത്ര ദിവസം ജീവിച്ചിരിക്കാം..?
ലെയ്കയുടെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.ജീവൻ രക്ഷാ ഉപകരണങ്ങളുടെ ബാറ്ററി തീരുന്നതിനു മുൻപ് വേഗത്തിലൊരു മരണം അവൾക്ക് നൽകാനായി ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നു,പേടകത്തിനകത്ത് വിഷവാതകം നേരത്തെ തന്നെ നിറച്ചിരുന്നു,ഓക്സിജൻ കിട്ടാതെയോ കൊടും തണുപ്പ് മൂലമൊ അവൾ മരിച്ചിരിക്കാം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉണ്ടായി.ബഹിരാകാശ ഗവേഷകനായ ഗ്യോർഗി ഗ്രക്കോവിന്റെ അഭിപ്രായത്തിൽ വിക്ഷേപണത്തിന്റെ അടുത്ത ദിവസം തന്നെ പേടകത്തിലെ അമിതമായ ചൂടു മൂലം അവൾ മരിച്ചിരിക്കാം എന്ന് പറയുകയുണ്ടായി.
ലെയ്കയുടെ മരണശേഷവും സ്പുട്നിക് – 2 ഭൂമിയെ ചുറ്റി കൊണ്ടിരുന്നു.163 ദിവസത്തെ കറക്കത്തിനൊടുവിൽ 1958 ഏപ്രിലിൽ അത് കത്തിനശിച്ചു.ഒപ്പം ലെയ്കയുടെ ശരീരവും.1957 നും 1961 നും ഇടക്ക് 13 ഓളം നായ്ക്കളെ റഷ്യ പരീക്ഷിച്ചു.അതിന്റെ ഫലമായാണ് 1961 ഏപ്രിലിൽ യൂറി ഗഗാറിനെ എന്ന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ കഴിഞ്ഞത്.എന്നാൽ മരിക്കാൻ വേണ്ടി മാത്രം ബഹിരാകാശത്തേക്ക് അയച്ച ഒരേയൊരു ജീവി ലെയ്കയായിരുന്നു.
അനിമൽസ് ഇൻ സ്പേസ് എന്ന പദ്ധതിക്കായി പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു.” ദിവസം ചെല്ലുംന്തോറും ലെയ്കയെ കുറിച്ചുള്ള എന്റെ സങ്കടം ഏറിവരുകയാണ്.ഞങ്ങൾ ഒരിക്കലും അത് ചെയ്യരുതായിരുന്നു.ഒരു പട്ടിക്കുട്ടിയുടെ ജീവന് പകരം വെക്കാൻ ഒന്നും തന്നെ പഠിക്കാൻ ഞങ്ങളുടെ ശാസ്ത്രത്തിന് കഴിഞ്ഞില്ലല്ലോ ”
ലെയ്കയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വീണ്ടും നടന്നു.അവസാനത്തെ റിപ്പോർട്ട് പ്രകാരം ലെയ്ക 4 ദിവസമാണ് ഭ്രമണപഥത്തിൽ ജീവിച്ചതെന്നാണ്.പേടകം അമിതമായി ചൂടുപിടിച്ചതു മൂലം നാലാംനാൾ അവൾ മരിച്ചിരിക്കാം അതായത് നവംബർ 7 ന്.ലെയ്കയുടെ അവസാനയാത്രയ്ക്ക് 40 വർഷത്തിനു ശേഷം 1997ൽ മോസ്കോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏവിയേഷൻ ആൻഡ് സ്പേസ് മെഡിസിൻ ഒരു ഫലകം പുറത്തിറക്കി. ആ ഫലകത്തിൽ മാനത്തേക്കുയർത്തിയ ചെവികളുമായി നിൽക്കുന്ന ഒരു പട്ടിക്കുട്ടിയുടെ ചിത്രമുണ്ട്.നമുക്കുവേണ്ടി അത്യുന്നതങ്ങളിലെത്തിയ പ്രിയപ്പെട്ട ലെയ്ക

Menu