Independence Day Speech: Importance,
ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ ഓര്‍മപുതുക്കലാണ് ഓരോ ഓഗസ്റ്റ് പതിനഞ്ചും.
രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ വേഷത്തിന്റെയും ഭാഷയുടെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപ്പോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, ഓരോ ഭാരതീയനും.
1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം, ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ ലോകചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. നെഹ്റുവിന്റെ തന്നെ ഭാഷയില്‍, ‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെന്ന്’ പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം.
അന്ന് മുതല്‍ പതിറ്റാണ്ടുകളായി രാജ്യം വളരെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നതാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. ഓഗസ്റ്റ് 15ന് ഡല്‍ഹി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്നതാണ് സ്വാതന്ത്ര്യദിന പ്രസംഗം. ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നിലെ തട്ടില്‍ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങളും വിജയകഥകളും രാജ്യം നേരിടുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും എടുത്ത് പറയും. സ്വാതന്ത്ര്യം നേടിത്തന്ന ധീരപോരാളികളെയും പ്രസംഗത്തില്‍ സ്മരിക്കും.
സ്വാതന്ത്ര്യദിന പ്രസംഗത്തിലുള്‍പ്പെടുത്തേണ്ട ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളിൽ നിന്നും ക്ഷണിക്കാറുണ്ട്. അതിനായി കഴിഞ്ഞ നാലുവര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ വഴി ജനങ്ങൾക്ക് സന്ദേശമയച്ചിരുന്നു. ഇത്തവണയും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. ഓഗസ്റ്റ് 15ലെ പ്രസംഗത്തിലേക്ക് വിലയേറിയ നിര്‍ദേശങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരന്റെ ചിന്തകളാവണം രാജ്യം മുഴുവന്‍ കേൾക്കേണ്ടതെന്നാണ് തന്റെ ഈ ആശയത്തിന് പിന്നിലെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാദം.
2014 – പ്രധാനമന്ത്രിയല്ല, പ്രധാന സേവകൻ
പ്രധാനമന്ത്രിയായല്ല, പ്രധാന സേവകനാണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം തുടങ്ങിയത്. ആണ്മക്കളെപ്പോലെ പെണ്മക്കളെയും തുല്യപ്രാധാന്യം നല്കി വളര്‍ത്തണമന്ന് നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ രാജ്യത്തെ പുരോഗതിയിലെത്തിക്കും. പ്ലാനിങ് കമ്മിഷന് പകരം പുതിയ സംവിധാനം നിലവില്‍ വരും. സാര്‍ക്ക് രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് ദാരിദ്ര്യത്തിനെതിരെ പോരാടും എന്നിങ്ങനെ വാഗ്ദാനങ്ങള്‍. അതീവജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന സൈന്യത്തിന്റെ സേവനങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ഉപസംഹാരം.
സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് നടത്തേണ്ട കലാ, സാംസ്കാരിക പരിപാടികളുടെ പരിശീലനത്തിന് നടുവിലായിരിക്കും വിദ്യാർഥികള്‍. അടുത്ത വര്‍ഷം ഇതേ ദിവസം വരെ ഓര്‍ത്തിരിക്കാന്‍ തക്കവിധം നല്ല രീതിയില്‍ കാര്യങ്ങള്‍ ഏകോപിക്കുന്ന തിരക്കിലാകും വിദ്യാർഥികളും അധ്യാപകരും. സ്വാതന്ത്ര്യദിനപ്രസംഗം നടത്താന്‍ തിരഞ്ഞെടുക്കുന്ന കുട്ടിയുടെ പങ്കും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ആനുകാലികപ്രസക്തിയും അതേസമയം കേള്‍ക്കാന്‍ താല്പര്യമുള്ളതുമായ ഒരു പ്രസംഗം തയ്യാറാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് സ്വാതന്ത്ര്യദിന പ്രസംഗം തയ്യാറാക്കാന്‍ വിദ്യാർഥികളെ സഹായിക്കും.
വിഷയം തീരുമാനിക്കുക
പ്രസംഗത്തിനുള്ള വിഷയം തീരുമാനിക്കുക. സങ്കീര്‍ണ്ണമായ വിഷയങ്ങളെടുക്കാതിരിക്കുന്നതാകാം നല്ലത്. രാജ്യത്തിന്റെ പുരോഗതിയും വികസനവും, രാജ്യപുരോഗതിയില്‍ വിദ്യാർഥികള്‍ക്കുള്ള പങ്ക്, സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുളള ഓര്‍മകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഇങ്ങനെ എന്തും വിഷയമാക്കാം.
വിവരങ്ങള്‍ ശേഖരിക്കുക
ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക.
പല ഭാഗങ്ങളാക്കി തിരിക്കുക
നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ ശേഖരിച്ച വിവരങ്ങളെ കൃത്യമായി പല ഭാഗങ്ങളാക്കി തിരിക്കുക.
എഴുതി തുടങ്ങുക
പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ആമുഖത്തില്‍ പ്രസംഗത്തിന്റെ വിഷയത്തെക്കുറിച്ചും അത് തിരഞ്ഞെടുക്കാനുള്ള കാരണവും ഉള്‍പ്പെടുത്തണം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം.
കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ
പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷയുടെ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ മഹാന്മാരുടെയും നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രശസ്തമായ വാചകങ്ങള്‍ ചേര്‍ക്കാവുന്നതാണ്.