ഭോപ്പാൽ വാതക ദുരന്തദിനം
1984 ഡിസംബർ 3 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിവസങ്ങളിലൊന്നാണ്. ലോകത്ത നടുക്കിയ ഭോപ്പാൽ ദുരന്തം. ഇന്ത്യയിലെ പ്രമുഖ നഗരമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ടക്കമ്പനിയുടെ കീടനാശിനി ഫാക്ടറിയിലാണ് ഈ ദുരന്തമുണ്ടായത്. ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന അപകടസാധ്യത ഏറെയുളള മീഥൈൽ ഐസോസൈനേറ്റ് സൂക്ഷിച്ചിരുന്ന ടാങ്കിന്റെ കുഴൽ വ്യത്തിയാക്കുന്നതിനിടയിൽ ഒരു വാൽവിലെ ചെറിയ പോർച്ചയിലൂടെ ടാങ്കിനുളളിൽ ജലം കയറി. അപകടകാരിയായ മീഥൽ ഐസോസൈനേറ്റ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് തിളച്ചു മറിഞ്ഞു. തുടർന്ന് മഞ്ഞനിറത്തിലുളള മേഘപാളികളായി ആകാശത്തുയർന്ന വിഷവാതകം ശ്വസിച്ച് രണ്ടായിരത്തിലേറെ പേർ മരിച്ചു. ആശുപത്രിക്കിടക്കകൾ രോഗികളെക്കൊണ്ട് നിറഞ്ഞു. ശ്വാസം മുട്ടൽ, വയറിളക്കം, ഛർദ്ദി, ബോധക്ഷയം, പനി എന്നിവയുമായി എത്തിയ രോഗികൾക്ക് വിദഗ്ദ ചികിത്സ നൽകാനാവാതെ ഡോക്ടർമാർ കുഴഞ്ഞു. രോഗികളായി പിന്നീട് മരിച്ചവരുടെ എണ്ണം 1000 നും 10000 നും ഇടയിലാണ്.