Endz

ക്രിസ്മസ് – CHRISTMAS

   ആമുഖം

  • ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു
  • യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്.
  • ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
  • ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്.
  • എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌.
  • ശാന്തിയുടെയുംസമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്.

ചരിത്രം 

  • ക്രിസ്തുവിന്‍റെ യഥാര്‍ഥ ജന്മദിനം ഏതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് വ്യക്തതയില്ല.
  • ബൈബിളിൽ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ഇതു സംബന്ധിച്ച സൂചനയൊന്നും നല്‍കുന്നുമില്ല.
  • ദൈവശാസ്ത്രകാരന്മാരുടെ അഭിപ്രായപ്രകാരം ബി.സി ആറിനും ബി.സി നാലിനുമിടയിലാണ് ക്രിസ്തു ജനിച്ചതെന്നാണ് പറയപ്പെടുന്നത്.
  • മത്തായി, ലൂക്ക സുവിശേഷകന്മാര്‍ വിവരിക്കുന്ന ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ കാലഘട്ടം ദൈവശാസ്ത്രകാരന്മാര്‍ കണക്കാക്കിയിരിക്കുന്നത്.
  • ക്രിസ്തുവിന്‍റെ കുര്‍ബാന എന്ന അര്‍ഥം വരുന്ന ‘ക്രിസ്റ്റസ്’, ‘മാസെ’ എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്മസ് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.
  • പുരാതന റോമാ സാമ്രാജ്യത്തില്‍ സൂര്യദേവന്‍റെറ ജന്മദിനമായി ഡിസംബര്‍ 25 ആഘോഷിച്ചിരുന്നു.
  • റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റൈൻ ക്രിസ്തുമതം സ്വീകരിച്ചതോടെ റോമാ സാമ്രാജ്യത്തിലും അതിന്‍റെ സ്വാധീനം വ്യാപകമാകുകയായിരുന്നു.
  • അങ്ങനെ, ഡിസംബര്‍ 25 ക്രിസ്തുവിന്‍റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടുതുടങ്ങിയെന്നാണ് ദൈവശാസ്ത്രകാരന്മാരുടെ വാദം.
  • സാറ്റേര്‍ണാലിയ എന്ന ശനിയെ പൂജിക്കുന്ന പേഗന്‍ ഉത്സവമായും ഡിസംബര്‍ 25നെ വിശേഷിപ്പിക്കാറുണ്ട്.
  • ആദ്യമായി ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിച്ചത് എ.ഡി 336ല്‍ ആണെന്നാണ് ചരിത്രം പറയുന്നത്.
  • എന്നാൽ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലിയസ് ഒന്നാമന്‍ മാര്‍പാപ്പയാണ് ഡിസംബര്‍ 25 ക്രിസ്മസ് ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ക്രിസ്തുമസിനു പിന്നില്‍

  • രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനിൽക്കുന്നത്‌.
  • മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം.

ലൂക്കായുടെ സുവിശേഷം

  • ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌:
  • കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു.നസ്രത്തില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ മേരിയേയും കൂട്ടി ജോസഫ് ബത്‌ലഹേമിലേക്കു പുറപ്പെട്ടു.
  • യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ട മേരിക്കായി ഒരുക്കപ്പെട്ടത് പുല്‍ത്തൊഴുത്തായിരുന്നു.
  • ഒടുവില്‍ പുല്‍ത്തൊട്ടിയില്‍ ഉണ്ണിയേശു പിറന്നു.

മത്തായിയുടെ സുവിശേഷം

  • മത്തായിയുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌:
  • ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌.
  • ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയ പൂജരാജാക്കന്മാർ പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന.
  • ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.
  • യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌.

ആഘോഷദിനം

  • ക്രിസ്തു മതത്തിലെ തന്നെ വിവിധ ഗ്രൂപ്പുകളായ കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവരെല്ലാം ഡിസംബര്‍ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
  • ഇതിൽ നിന്ന് വ്യത്യസ്തമായി പൗരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ മിക്കവയും ജനുവരി ആറ് യേശുവിന്‍റെ ജനനദിനമായി ആചരിക്കുന്നുമുണ്ട്.

ആഘോഷ രീതികൾ,ആചാരങ്ങൾ

  • ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്.
  • എന്നാല്‍ പല ആഘോഷരീതികളും വിദേശത്തു നിന്നും കടമെടുത്തതാണ് എന്നതാണ് സത്യം.
  • ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു.
  • ക്രിസ്തുമസ് മരം,പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം.
  • ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌.

മതപരമായ ആചാരങ്ങൾ

  • ക്രിസ്ത്യന്‍ മതവിഭാഗങ്ങളെല്ലാം തന്നെ ഡിസംബര്‍ ആദ്യത്തില്‍ തന്നെ ക്രിസ്തുമസിനുള്ള ഒരുക്കം തുടങ്ങും.
  • കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ആഗമന കാലം എന്നാണ് പറയപ്പെടുന്നതും.
  • യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാര്‍ത്തയും പ്രവചനങ്ങളുമാണ് ഈ കാലത്ത് സ്തുതിക്കപ്പെടുന്നത്.

നോമ്പ് കാലം

  • കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്.
  • നോണ്‍വെജിറ്റേറിയന്‍ ഒഴിവാക്കിയാണ് ഇത്തരത്തില്‍ നോമ്പ് എടുക്കുന്നതും.

അനുസ്മരണ കര്‍മ്മങ്ങള്‍

  • ക്രിസ്തീയ ദേവാലയങ്ങളില്‍ 24ന് അര്‍ദ്ധരാത്രി യേശുവിന്റെ പിറവിയോടനുബന്ധിച്ച് അനുസ്മരണ കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും.
  • എന്നാല്‍ ചിലയിടങ്ങളില്‍ ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണ് ഇത്തരം ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്.

മതേതര ആചാരങ്ങൾ

 ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആഘോഷമാണെങ്കിലും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ് ക്രിസ്തുമസില്‍ പ്രാധാന്യം നല്‍കുന്നത്.

സാന്റാക്ലോസ്‌ അപ്പൂപ്പൻ

  • ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് സാന്താക്ലോസ് അപ്പൂപ്പന്‍.
  • നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം മാറ്റി വെച്ച  സെന്റ് നിക്കോളാസ് ആണ് സാന്താക്ലോസ് ആയി മാറിയത്.
  • ക്രിസ്മസ് തലേന്ന് ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഓരോ വീടിന്റേയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കി തിരിച്ചു പോകുന്നു എന്നാണ് ഐതിഹ്യം.
  • നൂറ്റാണ്ടുകൾക്കു മുൻപ് തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് സെന്‍റ് നിക്കോളാസിന്‍റെ ജനനം.
  • പത്തൊൻപതാം വയസ്സിൽ അദ്ദേഹം വൈദികനാവുകയും ഈജിപ്ത്,പാലസ്തീൻ തുടങ്ങിയ രാജ്യങ്ങൾ സന്ദര്‍ശിച്ച ശേഷം തിരിച്ചു വന്ന് പത്താറക്കടുത്ത് മീറയിലെ ബിഷപ്പായി സ്ഥാനമേറ്റു.
  • എന്നാൽ റോമാ ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമങ്ങൾ അഴിച്ച് വിട്ട സമയമായിരുന്നു അത്.
  • ആക്രമത്തിനിരയായവരെ രക്ഷിക്കുന്നതിലായിരുന്നു നിക്കോളാസിന്‍റെ ശ്രദ്ധ.
  • ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് കാരാഗൃഹ വാസം അനുഭവിക്കേണ്ടി വന്നു.
  • എന്നാൽ കാരാഗൃഹ മോചനം ലഭിച്ച ശേഷവും നിക്കോളാസ് തന്‍റെ സേവന പ്രവര്‍ത്തനങ്ങൾ തുടര്‍ന്നു.
  • പഴയകാല സാന്താക്ലോസ് ചിത്രങ്ങളിൽ ബിഷപ്പിന്‍റെ വസ്ത്രം ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് കാണുന്നത്.
  • ചുവന്ന കോട്ടും വെളുത്ത കോളറും, ചുവന്ന ട്രൗസറും, കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച് വെള്ള താടിയും മുടിയും മീശയുമുള്ള തടിച്ച രൂപമാണ് ആധുനിക സാന്താക്ലോസിന്.
  • ഈ രൂപം നൽകിയതാകട്ടെ പൊളിറ്റിക്കൽ കാര്‍ട്ടൂണുകളുടെ പിതാവെന്ന് അറിയപ്പെടുന്ന തോമസ് നാസ്റ്റാണ്.
  • അമേരിക്കയിൽ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് തോമസ് നാസ്റ്റ് സാന്തക്ക് ആധുനിക രൂപം നൽകിയത്.

ക്രിസ്തുമസ്‌ നക്ഷത്രം

  • യേശുവിന്റെ ജനനമറിഞ്ഞ് ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തേയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്.
  • ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌.

ക്രിസ്തുമസ്‌ മരം

  • ഒരു ക്രിസ്മസ് രാത്രിയില്‍ ഒരു വനപാലകനും കുടുംബവും കൂടി തീ കായുകയായിരുന്നു.
  • വാതിലില്‍ ഒരു മുട്ടുകേട്ട് അയാള്‍ വാതില്‍ തുറന്നപ്പോള്‍, ഒരു നിസ്സഹായനായ ചെറിയ കുട്ടി വാതില്‍പ്പടിയില്‍ നില്‍ക്കുന്നു.
  • അദ്ദേഹം അവനെ സ്വീകരിച്ച് അവനു കുളിക്കാനും ഭക്ഷിക്കാനും വേണ്ടതുനല്കിയശേഷം തന്റെ കുട്ടികളുടെ കിടക്കയില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു.
  • നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്മസ് ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്.
  • ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണിയേശുവായി മാറി.
  • ഉണ്ണിയേശു അവരുടെ കുടിലിന്റെ മുറ്റത്തെ ദേവതാരുവില്‍നിന്ന് ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചശേഷം അപ്രത്യക്ഷനായി.
  • ഇതിനുശേഷമാണത്രേ, ക്രിസ്മസ് രാത്രിയില്‍ മരങ്ങള്‍ അലങ്കരിക്കുന്ന പതിവാരംഭിച്ചത്.
  • പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ.
  • അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്നും പറയപ്പെടുന്നു.
  • ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു.
  • മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌.
Menu