ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്.
റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് പറയുന്നത്. വിവിധ തരത്തിലുള്ള ശിലകളെ കുറിച്ച് വായിക്കാം.
ശിലാമണ്ഡലം (lithosphere)
രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന വലിയൊരു അറയാണ് ഭൂമി. ഭൂമിയ്ക്കുള്ളിലെ മാഗ്മ തണുത്തുറഞ്ഞാണ് ശിലകൾ രൂപം കൊള്ളുന്നത്. ഭൂവൽക്കവും (ഭൂമിയുടെ പുറമെയുള്ള ഭാഗം) മാൻഡിലിന്റെ ഉപരിഭാഗവും ചേർന്നതിനെയാണ് ശിലാമണ്ഡലം (lithosphere) എന്നു വിളിക്കുന്നത് (ലിത്തോസ് എന്ന വാക്കിനർഥം ശിലകൾ എന്നാണ്). ഈ ശിലാമണ്ഡലത്തിനു ഏകദേശം 100 കിലോമീറ്റർ കനമുണ്ട്. ഇതിനു താഴെ കാണുന്ന ഭാഗമാണ് അസ്തനോസ്ഫിയർ. ശിലകൾ ഉരുകി ദ്രാവസ്ഥയിലാണിത് ഇവിടെ കാണപ്പെടുന്നത്. അഗ്നിപർവതങ്ങളിലൂടെ പുറത്തേക്കുവരുന്ന മാഗ്മയുടെ സ്രോതസ്സാസ് അസ്തനോസ്ഫിയർ.
ശിലകൾക്ക് എപ്പോഴും രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വ്യത്യസ്ഥങ്ങളായ നിറത്തിലും കാഠിന്യത്തിലുമുള്ള ശിലകൾ നമുക്കുചുറ്റും ഉണ്ട്. ശിലകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് അവയുടെ കാഠിന്യം നിശ്ചയിക്കുന്നത്. ഈ ഘടകങ്ങളെ ധാതുക്കൾ (മിനറൽസ്) എന്നു വിളിക്കുന്നു. രൂപംകൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
ആഗ്നേയശിലകൾ
ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെ ഉരുകി ഉയരുന്ന ശിലാദ്രവം ഭൗമാന്തർഭാഗത്തുവച്ചോ ഭൂമിയുടെ ഉപരിതലത്തിൽവച്ചോ തണുത്തുറഞ്ഞു രൂപകൊള്ളുന്ന ശിലകളാണ് ആഗ്നേയശിലകൾ. രണ്ടു രീതിയിലാണ് ആഗ്നേയശിലകൾ രൂപംകൊള്ളുന്നത്. ശിലാദ്രവം ഭൂമിയുടെ ഉള്ളിൽ മാഗ്മയെന്നും വെളിയിൽ ലാവ എന്നും അറിയപ്പെടുന്നു. ഉദാ: ഗ്രാനൈറ്റ്, ബസാൾട്ട്.
ആഗ്നേയശിലകളിൽനിന്നാണ് മറ്റെല്ലാ ശിലകളും രൂപകൊള്ളുന്നത്. അതുകൊണ്ട് ഇവയെ പ്രാഥമിക ശിലകൾ അഥവാ പ്രൈമറി റോക്സ് എന്നും പറയുന്നു.
അവസാദശിലകൾ
അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാക്കുന്ന ശിലകളാണ് അവസാദശിലകൾ. കാലാന്തരത്തിൽ ആഗ്നേയശിലകൾ ക്ഷയിച്ചു പൊടിയുകയും അവ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് അപക്ഷയം (weathery). കാറ്റ്, ഒഴുകുന്ന ജലം തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ അടുക്കടുക്കായി നിക്ഷേപിക്കപ്പെട്ടാണ് അവസാദശിലകൾ ഉണ്ടാകുന്നത്. പാളികളായി നിക്ഷേപിക്കപ്പടുന്നതു കൊണ്ട് ഇവയെ അടുക്കുശിലകൾ (stratified rocks) എന്നും വിളിക്കാറുണ്ട്. ചുണ്ണാമ്പുകല്ല്, മണൽക്കല്ല് എന്നിവ ഇതിനു ഉദാഹരണമാണ്. പെട്രോളിയം, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കാണുന്നത് അവസാദശിലയിലാണ്.
കായാന്തരിത ശിലകൾ
ഉയർന്ന മർദ്ദമോ താപമോ മൂലം ശിലകൾ ഭൗതികപരമായും രാസപരമായും മാറ്റങ്ങൾക്കു വിധേയമാകും. ഇത്തരത്തിൽ രൂപപ്പെടുന്നവയാണ് കായാന്തരിത ശിലകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഇത്തരം ശിലകളാണ്. മാർബിൾ, സ്ലേറ്റ് എന്നിവ ഇതിന് ഉദാഹരണമാണ്.