Endz

AUGUST 24: BIRTH ANNIVERSARY OF K KELAPPAN

K. Kelappan ( Koyapalli Kelappan Nair)
Born: 24 August 1889, Muchukunnu
Died: 7 October 1971, Kozhikode

കേരളഗാന്ധി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പന്‍ (കെ. കേളപ്പന്‍ നായര്‍).  1889 ഓഗസ്റ്റ് 24-നു കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മൂടാടി എന്ന ഒരു ഗ്രാമത്തിലെ സാധാരണ ഒരു നായര്‍ കുടുംബത്തിലാണ് കെ. കേളപ്പന്‍ ജനിച്ചത്. കലാലയ ജീവിതം കോഴിക്കോടും മദിരാശിയിലുമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി സ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നു. അതിനാല്‍ ബോംബെയില്‍‍ തൊഴില്‍ജീവിതം നയിച്ച്‌ ‍നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച്‌ ദേശീയ വിമോചനസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

നായര്‍ സര്‍വീസ് സൊസൈറ്റിചങ്ങനാശ്ശേരി സെന്‍റ്. ബര്‍ക്കുമാന്‍സ് സ്കൂളില്‍ അദ്ധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി. എന്‍.എസ്.എസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാന്‍ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ കേളപ്പന്‍ തന്റെ ജോലി ഉപേക്ഷിച്ച്‌ തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാന്‍ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊര്‍ജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കര്‍ത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പന്‍.

മലബാര്‍ ലഹളയുടെ കാലത്ത് ഒരുകൂട്ടം വിപ്ലവകാരികള്‍ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാന്‍ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു.

1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. എ.കെ.ജിയെഎ.കെ.ഗോപാലൻ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു. ഗാന്ധിജി യർവാദ ജയിലിൽ നിരാഹാരം ആരംഭിച്ച 1931 സെപ്തംബർ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു. തുടർന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബർ 2 ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തില്‍ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടില്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.

ഒരു വിദ്യാഭ്യാസ വിചക്ഷണനും നല്ലൊരു പത്രലേഖകനുമായിരുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രം ആരംഭിച്ചതില്‍ അദ്ദേഹത്തിനും പങ്കുണ്ട്. രണ്ടു പ്രാവശ്യം (1929ലും, 1936ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. 1954 ല്‍ സമദര്‍ശിനിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച്‌ സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിനുപരി കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ഒരിക്കലും പദവിക്കോ അധികാരത്തിനോ വേണ്ടി കേളപ്പന്‍ ആഗ്രഹിച്ചിരുന്നില്ല.

രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിച്ച നിസ്സ്വാര്‍ത്ഥമായ ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഗാന്ധിജിയുടെ ജീവിതവും ആദര്‍ശങ്ങളും കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബര്‍ 7-നു അവസാനിച്ചു.

Menu