Endz

AUGUST 6: HIROSHIMA DAY

ലോകമനസാക്ഷിയെ ഞെട്ടിച്ച  കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍  അണുബോംബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണിന്ന്.അമേരിക്കയുടെ അണവായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്റ്റിന്‍റെ  ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. ‘Little boy’ എന്നായിരുന്നു ആ ബോംബിന്‍റെ  പേര്.

1939 സെപ്റ്റംബര്‍ 1, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടി.എന്‍.ടി. സ്‌ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. ജനറല്‍ പോള്‍ടിബ്റ്റ്‌സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്.

യുദ്ധവിമാനത്തിലെ ക്യാപ്റ്റൻ വില്യം എസ് പാർസൻ എന്ന സൈനികന്‍ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്‍റെ  ലക്ഷ്യം. വിമാനം അതിന്‍റെ  ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്‍റെ  കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി.പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നിഗോളങ്ങള്‍. ആകാശത്തിന്‍റെ  ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്‍റെ  മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്‍റെ  ഹൃദയഭേദകമായ നിലവിളി. മനുഷ്യന്‍റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേറ്റ  മനുഷ്യ രൂപങ്ങള്‍.

അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിന്‍റെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.

അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റംബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്റ് ഏറ്റുപറ‍ഞ്ഞു.കുറ്റബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി.പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 70 വർഷം നീണ്ട അർപ്പണത്തിന്‍റെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്‍റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാര്‍ത്ഥന. യുദ്ധങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ തീര്‍ക്കില്ല. എല്ലായിടത്തും വിജയിക്കാനായി ലോക രാഷ്ട്രങ്ങള്‍ മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടരുതെന്നും ഹിരോഷിമ ദുരന്തം ഓര്‍മിപ്പിക്കുന്നു. സ്‌നേഹവും സമാധാനവുമാണ് രാഷ്ട്രങ്ങളെ കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍.

Menu