ഒപ്പന

അബ്ബന’ എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്.

ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട് മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.