പൂരക്കളി

പൂരക്കളി
കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നായ പൂരം നടക്കുന്ന ദിവസങ്ങളിൽ യുവാക്കൾ അവതരിപ്പിക്കുന്ന വേലയാണ്‌ പൂരക്കളി. മുന്നൂറ് വർഷത്തിലധികം പഴക്കമുള്ള പ്രധാനപ്പെട്ട വേലപൂരങ്ങൾ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണെങ്കിലും പൂരക്കളി ഉത്തരമലബാറിലാണ്‌ അനുഷ്ഠിച്ചു വരുന്നത്

പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല.) പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം.

പ്രാചീനമായ ആരാധനോത്സവമാണ്‌ പൂരവേല .കേരളോല്പത്തി പോലുള്ള ഗ്രന്ഥങ്ങളിൽ ഇതിനെപ്പരാമശിക്കുന്നുണ്ട്. അയ്യപ്പൻകാവ്, ഭദ്രകാളിക്കോട്ടം, ഗണപതിക്കാവ്, ഇങ്ങനെ ഓരോ സ്ഥാനങ്ങളിൽ ഊട്ടും പാട്ടും ആറാട്ട്, കളിയാട്ടം, പൂരവേല, താലപ്പൊലി എന്നിങ്ങനെ ഒരോരോ വേലകൾ കഴിക്കുവാൻ കല്പിതമായാണ്‌ അതിലെ വിവരണം. ഉത്തരകേരളത്തിൽ പൂരക്കളി ഈ പൂരവേലയുടെ അനുഷ്ഠാനകലാനിർവഹണമായിത്തീർന്നു. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. കാവുകളിലേയോ കഴകങ്ങളിലേയോ ഭാരവാഹികളും സ്താനികളും പൂരക്കളിയാശാനെ (പണിക്കരെ) കളിക്ക് ക്ഷണിച്ചേല്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കർ പൂരിക്കളിയിൽ വളരെ വിദഗ്ദ്ധനും മുഴുവൻ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പണിക്കരുടെ ഭവനത്തിൽ വച്ചാണ്‌ ഈ ചടങ്ങ്. ഇതിനെ വീട്ടിയം കൊടുക്കൽ എന്നാണ്‌ പറയുക. പണിക്കരുടെ വീട്ടിൽ വച്ച് ദീപത്തിനു മുന്നിലിരുന്ന് പണീക്കർക്ക് പ്രസാദവും വീട്ടിയപ്പണവും (വെള്ളി നാണയം) നൽകി പൂരക്ക്ക്കളി നടത്തിത്തരണേ എന്ന് മൊഴി പറഞ്ഞ് ഏല്പിക്കുകയാണ്‌ ചടങ്ങ്.

പണിക്കരെ കഴകത്തിലേക്കോ കാവിലേക്കോ കൂട്ടിക്കൊണ്ട് വരുന്നതാണ്‌ അടുത്ത ചടങ്ങ്. നല്ല മുഹൂർത്തവും നാളും നോക്കിയാണ്‌ ഇത് ചെയ്യുന്നത്. പണീക്കരുടെ വരവോടെ കാവിന്റെ മതിലിനു പുറത്തുള്ള പന്തലിൽ പൂവിടൽ ആരംഭിക്കണം.