കുമ്മാട്ടി.
തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
വേഷം
പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്.കുമ്മാട്ടിക്കളിക്കാർ വീടുകൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.
കുമ്മാട്ടിമുഖം
കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.
പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു.
ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.
അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.
അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.