ഭരതനാട്യം
ഈ ലോകത്തെ ഓരോ രാജ്യവും അതിന്റേതായ ചില പ്രത്യേകതകൾ കൊണ്ടാണ് വേറിട്ടു നിൽക്കുന്നത്. ഭാരതത്തിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് ജീവിതത്തിനോട് നമുക്കുള്ള സമീപ നത്തിലും കാഴ്ചപ്പാടിലും ഉള്ള പ്രത്യേകതയാണ്. എല്ലാക്കാര്യങ്ങൾക്കും സംഭവവികാസങ്ങൾക്കും ഒരു ദാർശനിക വ്യാഖ്യാനം കണ്ടെത്താനുള്ള വ്യഗ്രത ഭാരതീയ മനസ്സുകൾക്കുണ്ട്. അത്തരം ദാർശനികവ്യാ ഖ്യാനങ്ങൾ ഒക്കെത്തന്നെ ഹിന്ദുമതവുമായി ഇഴചേർന്നു കിടക്കുകയും ചെയ്യുന്നു. ദാർശനികതയും ഹിന്ദുമതവും സമാന്തര രേഖകളായി പോകുന്നുവെങ്കിലും പലപ്പോഴും അവ രണ്ടും കൂടിച്ചേരുകയും ചെയ്യുന്നുണ്ട്. അത്രത്തോളം അവയ്ക്ക് ദൃഢബന്ധമുണ്ടെന്നർത്ഥം. അതുപോലെതന്നെയാണ് കലയുടെ കാര്യത്തിലും ഭാരതത്തിലെ ഓരോ കലാരൂപത്തിനും മത-ദാർശനിക പരിവേഷം ഉള്ളതായി കാണാൻ കഴിയും, പുരാതനകാലം മുതൽ ഭാരതത്തിൽ കല മതപരമായ ഒരു ആരാധനയായിത്തന്നെയാണ് നിലനിന്നി ,,
രുന്നത്. നാട്യം, വാദ്യം, ഗീതം എന്നിവ ഒരുവന് മോക്ഷപ്രാപ്തിക്കുവേണ്ടി അനിഷ്ഠിച്ചു പോന്നിരുന്ന ചടങ്ങായിരുന്നു.
– നമ്മുടെ രാജ്യത്ത് നൃത്തത്തിന്റെ ആരംഭത്തെക്കുറിച്ച് അന്വേഷിച്ചുപോയാൽ ചെന്നെത്തു ന്നത് ആത്മീയമായ കാരണങ്ങളിലേക്ക് അല്ലെങ്കിൽ നിമിത്തങ്ങളിലേക്കു തന്നെ. ത്രിമൂർത്തി ദൈവങ്ങ ളുടെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ ബുദ്ധിയിൽ ഉദിച്ചതാണ് ഈ ദിവ്യമായ നൃത്തം എന്നാണ് വിശ്വാസം. സത്യത്തിൽ നാം ഉപയോഗിച്ചു വരുന്ന നൃത്തം എന്ന വാക്കിന് അതിന്റെ ഒരു വിശാലമായ അർത്ഥം ലഭിക്കുന്നില്ല. എന്നാൽ സംസ്കൃതത്തിൽ ഉപയോഗിക്കുന്ന നാട്യം എന്നതിൽ നൃത്തം, നാടകം, സംഗീതം എന്നിവ അടങ്ങിയിരിക്കുന്നു. ഭാരതീയ കലയിൽ ഈ മൂന്ന് ഘടകങ്ങളും അവിഭാജ്യമായി നിലകൊള്ളു ന്നു. ഒന്നിനേയും അതിൽനിന്നും പൂർണമായി വേർപെടുത്താൻ കഴിയുന്നില്ല. പ്രധാനപ്പെട്ട നാലു വേദങ്ങളിൽ നിന്നും ഉൾക്കൊണ്ടുകൊണ്ടു ബ്രഹ്മാവ് സൃഷ്ടിച്ചതാണ് നാട്യവേദമെന്ന് മുമ്പ് സൂചിപ്പിച്ചു വല്ലോ. ഈ നാട്യത്തിന്റെ ശാസ്ത്രം ബ്രഹ്മാവ് ഭരതമുനിക്ക് പറഞ്ഞു കൊടുത്തുവെന്നും അദ്ദേഹവും അദ്ദേ ഹത്തിന്റെ നൂറു പുത്രന്മാരും ചേർന്ന് അതിന് ശരിയായ നിയമാവലികൾ തയാറാക്കിയെന്നുമാണ് ഐതി = ഹ്യം. അതാണ് പ്രശസ്തമായ ‘നാട്യശാസ്ത്രം’. അതുകൊണ്ടു തന്നെ ഭാരതത്തിലെ എല്ലാ നൃത്തശൈലി കളും ഭരതന്റെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാണാം. എന്നാൽ പല സ്ഥലങ്ങളി ലെയും നൃത്തശൈലിയിൽ പ്രാദേശികമായ സ്വാധീനങ്ങളും പ്രകടമാണ്. ഉദാഹരണത്തിന് ഉത്തരേന്ത്യ യിലെ കഥക് നൃത്തം രാജസദസ്സുകളിൽ അവതരിപ്പിച്ചു വന്നിരുന്നു. അക്കാലത്തു തുടർച്ചയായ അധിനി വേശങ്ങളാണ് കഥക്കിനെ ക്ഷേത്രങ്ങളിൽ നിന്നും രാജസദസ്സുകളിലേക്ക് പറിച്ചു നട്ടത്. എന്നാൽ ദക്ഷി ണേന്ത്യയിൽ ഇത്തരം രാഷ്ട്രീയസാമൂഹ്യവ്യതിയാനങ്ങൾ അധികംചലനം സൃഷ്ടിച്ചില്ല. അതുകൊണ്ടു
തന്നെ ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വന്നിരുന്ന പ്രശസ്തമായ ഭര തനാട്യം അവിടെത്തന്നെ നിലനിന്നു. എന്നാൽ കലാസ്നേഹികളായ രാജാക്കൻമാർ ഈ നൃത്തത്തെ രാജസദസ്സുകളിൽ അവതരിപ്പിക്കാൻ സഹായിച്ചിരുന്നു. മേൽപ്പറഞ്ഞ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ ഭാഗ മായി ഭരതനാട്യത്തിലും നല്ല വഴിക്ക് ചില മാറ്റങ്ങൾ വന്നു വന്നാണ് നാം ഇന്നു കാണുന്ന ഭരതനാട്യത്തിലെത്തി നിൽക്കുന്നത്.
– ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് തമിഴ് നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിൽപെടുന്ന ഈ നൃത്തശൈലിക്ക് ഭരതമുനി തന്നെ നൽകിയ പേരാണ് ഭരതനാട്യം. മറ്റൊന്ന് “ഭരത’ എന്നതിനർത്ഥം തന്നെ നൃത്തം എന്നാണ്. വേദാന്ത ദേശികർ എന്ന പണ്ഡിതന്റെ അഭിപ്രായത്തിൽ “ഭാ’ എന്നത് “ഭാവവും “ര’ എന്നത് രാഗവും ‘ത’ എന്നത് താളവും ആണെന്നാണ് . അപ്പോൾ ഭാവവും രാഗവും താളവും ചേർന്ന നൃത്തമാണ് ഭരതനാട്യം. ഒരു നർത്തകൻ /നർത്തകി വികാ രങ്ങൾ പ്രകടിപ്പിക്കുന്നത് ആ കലാകാരന്റെ കലാരൂപത്തിലൂടെയാണ്. ഒരു നർത്തകി ഭാവാഭിനയമില്ലാതെ നൃത്തം ചെയ്താൽ അത് ഒട്ടും സംവേദയോഗ്യമല്ലാതാവുന്നു. താളം എല്ലാ നൃത്തത്തിന്റെയും അടിസ്ഥാന ഘടകമാകുന്നു. താളത്തിനെക്കുറിച്ച് നല്ല ബോധമില്ലെങ്കിൽ നർത്തകിക്ക് നൃത്തം ചെയ്യാനാവില്ല. മറ്റൊന്ന് ഒരു നല്ല നൃത്തം അവതരിപ്പിക്കാൻ ഒരു പ്രചോദനവും അത്യാവശ്യമാണ്. ഈ പ്രചോദനം ലഭിക്കുന്നത് സംഗീതത്തിലൂടെയാണ്. അതിനാൽ ഭരതനാട്യഅവതരണത്തിന് സംഗീതവും ഒരു അവിഭാജ്യഘടകമായി മാറുന്നു. ശരീരത്തിന്റെ സംഗീതമാണ് നൃത്തം. നൃത്തത്തിൽ സംഗീതവും വേണം. സംഗീതത്തിൽ നൃത്തവും വേണം.
ശാസ്ത്രീയമായി അപഗ്രഥിച്ചാൽ ഭരതനാട്യത്തിന് മൂന്ന് ഘടകങ്ങളുണ്ട്. നൃത്തം, നൃത്യം, നാട്യം. നൃത്തം ശുദ്ധമായ നൃത്തം, അത് താളനിബദ്ധമാണ്. അലാരിപ്പ്, ജതിസ്വരം, തില്ലാന എന്നിവ ഈ വിഭാഗത്തിന് പറ്റിയ ഉദാഹരണങ്ങ ളാണ്. ഇവിടെ ഭാവാഭിനയത്തിന് സംഗീതത്തിന്റെ അകമ്പടി വേണമെന്നില്ല. അലാ രിപ്പ് വാദ്യത്തിനൊപ്പം ചൊൽക്കെട്ടുപോലെ കളിക്കുന്നതാണ്. ഇപ്പോൾ ഈ ചൊൽക്കെട്ടുകൾക്ക് സംഗീതവും അകമ്പടി സേവിച്ച് കൂടുതൽ ഹൃദ്യമാക്കാറുണ്ട്.
നൃത്യത്തിൽ ശുദ്ധമായ നൃത്തവും ഭാവവും ചേർത്ത് അഭിനയിച്ച് കളിക്കുന്നു. “വർണ്ണം’ എന്ന ഇനമാണ് ഈ വിഭാഗത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായി ഒരു നർത്തകി ഏറ്റെടുക്കുന്നത്. ഇതിൽ അടവുകൾ ചവി
ട്ടുന്നതോടൊപ്പം പാട്ടിലെ വരികളുടെ അർത്ഥം അറിഞ്ഞ് അഭിനയിക്കുകകൂടി ചെയ്യണം. നാട്യം എന്ന വിഭാഗത്തിൽ നൃത്തനാടകം ഉൾപ്പെടുത്താവുന്നതാണ്. ഇവിടെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് പ്രത്യേകം പ്രത്യേകം നർത്തകരാണ്. ഭരതനാട്യം ഒറ്റയ്ക്ക് ചെയ്യുന്ന ഒരു നൃത്ത മാണെങ്കിലും ചില നൃത്തനാടകാവിഷ്കാരങ്ങളായി നൂറ്റാണ്ടുകളായി ചെയ്തു വരുന്നുണ്ട്. അതിന് ഏറ്റവും പുരാതനമായ ഉദാഹരണമാണ് “കുറവഞ്ചി’ ‘ബാലെ’. ഇപ്പോൾ ധാരാളം പുതിയ നൃത്തനാടകങ്ങൾ അരങ്ങേറുന്നുണ്ട്. മേൽപ്പറഞ്ഞവയാണ് ഭരതനാട്യത്തിലെ പ്രധാന
വിഭാഗങ്ങളെങ്കിലും മറ്റു ചില ശൈലികളും ഉണ്ട്. തഞ്ചാവൂരിലെ വഴവൂർ ശൈലി -ഇതിൽ ന്യത്തത്തിന്റെ (അംഗവിക്ഷേപങ്ങളുടെ) ഒഴുക്കിനാണ് പ്രാധാന്യം (Grace) ഇവിടെ നന്ദികേശ്വരന്റെ അഭിനയദർപ്പണം അടിസ്ഥാനമാക്കുന്നു. വഴവൂർ രാമയ്യപിള്ള ചിദംബരം ക്ഷേത്രത്തിലെ ശിവ-നടരാജ ശിൽപത്തിലെയും മറ്റു ശില്പങ്ങളിലെയും 108 കരണങ്ങൾ ഭരതനാട്യത്തിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചിരുന്നു. അദ്ദേഹം ചിട്ട് ചെയ്ത “നടനം ആടിനാർ’ എന്ന നൃത്തത്തിൽ ഈ കരണങ്ങൾ ധാരാളം ഉൾപ്പെടുത്തിയിരിക്കുന്നു. അതിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് ഗോപാലകൃഷ്ണഭാരതിയും.
ഇങ്ങനെ പല ശൈലികളും ഭരതനാട്യത്തിലുണ്ടെങ്കിലും വ്യത്യാസങ്ങളൊക്കെ പുറമെ മാത്രം. അടിസ്ഥാനപരമായി എല്ലാം ഒന്നുതന്നെ. ദൈവികം.