Endz

Daily visual knowledge

നാഗസാക്കിയിലെ ജനങ്ങള്‍ അണുബോംബിന്‍റെ ഭീകരത ഏറ്റുവാങ്ങിയിട്ട്  74 വര്‍ഷം.നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം.

1945 ഓഗസ്റ്റ് 9നാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്. പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് നാഗസാക്കിയില്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണത്. ഒരു നിമിഷം കൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.

അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1941 ഡിസംബര്‍ ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന് അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ ആക്രമിക്കുവാന്‍ തീരുമാനിച്ചു.

യു കെ, കാനഡ എന്നി രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍ പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു.

ആറ്റംബോംബിന്‍റെ തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് ‘ഓട്ടോഹാന്‍’ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്‍റെ  കണ്ടെത്തലിന്‍റെ  സാധ്യത മനസ്സിലാക്കിയ ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. ‘ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.’

ഹിറ്റ്‌ലര്‍ ചോദിച്ചു. ‘ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും’ എന്ന്. ഒന്നോ രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍ ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ. ഓട്ടോഹാന്‍റെ  കണ്ടുപിടിത്തം മനസ്സിലാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന് മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക ആറ്റംബോംബുണ്ടാക്കിയതും.

ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍ നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 ഉപയോഗിക്കുന്നു. യുറേനിയത്തിന്‍റെ  ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ് ‘ലിറ്റില്‍ബോയ്’ എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്‍റെ  പേര് ‘ഗാഡ്‌ജറ്റ്’ എന്നായിരുന്നു.

ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്‍റെ  ആദ്യ ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍ റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്‍റെ  നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ, കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍.

1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17 സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന് ‘ലിറ്റില്‍ ബോയ് ‘ എന്ന് പേരുള്ള അണുബോംബ് താഴേക്ക് വീണു.  1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി. ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അമേരിക്ക ബോംബ് വര്‍ഷിച്ചത്.

ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്‍റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍ ഇവയായിരുന്നു.

ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.

ഇവ അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍ തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02, നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍ വിമാനം പറന്നുവന്നു. അതില്‍ നിന്ന് ‘ഫാറ്റ്മാന്‍’ എന്ന് പേരിട്ട അണുബോംബ് താഴേക്ക് വീണു. പ്ലൂട്ടോണിയം – 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു.

നാഗസാക്കിയില്‍ ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്.

ബോംബിംഗിന് ഇരയായ ആള്‍ക്കാര്‍ ‘ഹിബാക്കുഷ’ എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍ മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.

ആയിരം കടലാസ് കൊക്കുകള്‍

ആറ്റം ബോംബ് സ്‌ഫോടനത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിച്ച ലക്ഷക്കണക്കിന് ജനങ്ങളില്‍ സഡാകോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടിയുടെ കഥ നമ്മെ കരയിപ്പിക്കുന്നതാണ്. പന്ത്രണ്ട് വയസ്സ് വരെ മാത്രം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സഡാക്കോയ്ക്ക് അണുവികിരണമേല്‍ക്കുന്നത് രണ്ടാമത്തെ വയസിലാണ്. ഹിരോഷിമയില്‍ ബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ ഒരു നാഴികയകലെയുള്ള തന്‍റെ വീട്ടിലായിരുന്നു സഡാകോ. 1954 ല്‍ കഴുത്തിന് ചുറ്റും തുടര്‍ന്ന് കാലിലും പിങ്ക് നിറത്തിലുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. വിദഗ്ധപരിശോധനയില്‍ ലൂക്കേമിയ എന്ന കാന്‍സറാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഡാക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഡാക്കോയെ കാണാന്‍ വന്ന കൂട്ടുകാരി ചിസുക്കോ കടലാസ് കൊണ്ട് ഒരു കൊക്കിനെയുണ്ടാക്കി. ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ ആഗ്രഹിക്കുന്നത് സഫലീകരിക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ കൊക്കുകളെ ഉണ്ടാക്കാന്‍ തുടങ്ങി. കൂട്ടുകാരികള്‍ കൊണ്ടുവരുന്ന കടലാസ് കൊണ്ടും മരുന്ന് പൊതിഞ്ഞ കടലാസുകൊണ്ടും 644 കൊക്കുകളെ ഉണ്ടാക്കാനേ ആ ബാലികയ്ക്ക് കഴിഞ്ഞുള്ളു. അപ്പേഴേക്കും മരണം തട്ടിയെടുത്ത തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി സഹപാഠികള്‍ ബാക്കി കൊക്കുകള്‍കൂടി ഉണ്ടാക്കി സഡാക്കോയുടെ ഭൗതിക ശരീരത്തോടൊപ്പം അടക്കം ചെയ്തു. കയ്യില്‍ കൊക്കുമായി നില്‍ക്കുന്ന സഡാക്കോയുടെ പ്രതിമ യുദ്ധസ്മാരകമായി ഇന്നും നിലകൊള്ളുന്നുണ്ട്.

Menu