Endz

Idukki – ഇടുക്കി

1972 ജനുവരി 26 ന് രൂപംകൊണ്ട ഇടുക്കി കേരള സംസ്ഥാനത്തിലെ 14 ജില്ലകളിൽ ഒന്നാണ്. മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്. കേരളജനതയെ സംബന്ധിച്ചിടത്തോളം ഇടുക്കി വൈദ്യുതിയുടെ കലവറയാണ്. സംസ്ഥാനത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 66 ശതമാനത്തോളം ഇടുക്കിയിലെ വിവിധ ജലവൈദ്യുതി പദ്ധതികളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം വരുന്ന ഗ്രാമങ്ങളിൽ ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്. വടക്ക് തൃശ്ശൂർ ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ മധുര ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിർത്തികൾ. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയാണ് ജില്ലയിലെ ഏക മുനിസിപ്പാലിറ്റി. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ദേവികുളം,അടിമാ‍ലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ. കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. അവയിൽ ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി അടിമാലിക്കടുത്തുള്ള കുട്ടമ്പുഴ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ശാസ്ത്രീയമായ കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.

Menu