കേരളത്തിന്‍റെ വടക്കേയടത്തുള്ള ജില്ലയാണ് കാസര്‍ഗോഡ്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്നു. പന്ത്രണ്ട് നദികൾ ഒഴുകുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കാസര്‍ഗോഡ്. തെങ്ങിന്‍ തോപ്പുകളും മലഞ്ചേരിവുകളും, മലച്ചെറിവുകളില്‍ നിന്നുല്‍ഭവിച്ച് കടലിലേക്കൊഴുകുന്ന പുഴകളും തോടുകളാലും സംപണമായ ഭൂപ്രദേശമാണ് കാസറഗോഡ്. ചെങ്കല്ല് കൊണ്ടുള്ള ചുമരും, പ്രാദേശികമായി കിട്ടുന്ന ചുവന്ന കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓട് മേഞ്ഞ വീടുകളും ജില്ലയില്‍ സാധാരണയായി കാണാം.മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസറഗോഡ് ജില്ല.ചെറുതും വലുതുമായ നിരവധി കോട്ടകൾ കാസറഗോഡ് ജില്ലയുടെ പ്രത്യേകതയാണ്. ബേക്കൽ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലുൾല കോട്ടകൾ ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കാണിക്കുന്നു. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി) യടക്കം പന്ത്രണ്ട് നദികൾ കാസറഗോഡ് ജില്ലയിലുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ : ബേക്കൽ കോട്ട, നിത്യാനന്ദാശ്രമം, ചന്ദ്രഗിരി കോട്ട, ആനന്ദാശ്രമം, റാണിപുരം, കോട്ടഞ്ചേരി മലനിരകൾ, ആനക്കല്ല് വെള്ളച്ചാട്ടം, എടക്കാനം വെളളച്ചാട്ടം, പള്ളിക്കര ബീച്ച്, തേൻവാരിക്കല്ല് വെള്ളച്ചാട്ടം എന്നിവയാണ്.