ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ വടക്കുമാറി ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമവും സുതാര്യവുമായ ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിക്കുന്നു. ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്.കേരളത്തിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കൊല്ലവും ഉഷ്ണ കാലാവസ്ഥാ പ്രദേശമാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷതാപം ഉച്ചസ്ഥായിയില്‍ എത്തുന്ന ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റമ്പര്‍ വരെയാണ് മണ്‍സൂണ്‍.വലിപ്പത്തില്‍ കേരളത്തിലെ രണ്ടാമത്തെ കായലായ അഷ്ടമുടിക്കായല്‍; കൊല്ലത്തിന്‍റെ മാറിലൂടെ ബഹുശാഖിയായി ഒഴുകുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ബോട്ടിംഗ് കേന്ദ്രമായ ഈ കായലും നഗരഹൃദയത്തിലെ പ്രധാന ജലസ്രോതസ്സായ കൊല്ലം തോടും ചേര്‍ന്ന് കൊല്ലത്തിന് ഭാരതത്തിന്‍റെ ജലഗതാഗത ഭൂപടത്തില്‍ പ്രമുഖസ്ഥാനം നല്‍കുന്നു. ജില്ലയുടെയുടെ കിഴക്കുഭാഗത്ത് വിശാലമായ വനപ്രദേശം കാണാം. ശെന്തരുണി, തെന്‍മല, പാലരുവി തുടങ്ങിയ എക്കോ ടൂറിസം കേന്ദ്രങ്ങള്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സൗന്ദര്യമാണ്. പോര്‍ച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ കൊല്ലത്ത് നൂറുകണത്തിനു കശുവണ്ടി സംസ്കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ആകെ സംസ്കൃത കശുവണ്ടി കയറ്റുമതിയുടെ 75 ശതമാനവും കയ്യാളുന്ന കൊല്ലം ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്കൃത കശുവണ്ടി കയറ്റുമതി കേന്ദ്രമായി തുടരുന്നു. കൊല്ലത്തിന്‍റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഏറ്റവും ഒടുവിലത്തെ കനേഷുമാരി (2001) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2 585 208 ആണ്. ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥ്യാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളീൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്‍റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവിൽ വന്നതും കൊല്ലത്തുതന്നെ.
കൊല്ലത്തെ ടൂറിസം ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നേച്ചർ ടൂറിസം, ഹെറിറ്റേജ് ടൂറിസം, കൾച്ചറൽ ടൂറിസം, പിൽഗ്രിം ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ജില്ലയിൽ വികസനത്തിന് ശക്തമായ അടിത്തറയാണ്.കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമായി നടപ്പിലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം.