Endz

Pathanamthitta – പത്തനംതിട്ട

സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും . 5 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ്. ഭൂപ്രകൃതിയനുസരിച്ച് പത്തനംതിട്ട ജില്ലയെ മലനാട്, ഇടനാട്, തീരസമതലം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ജില്ലയുടെ കിഴക്കനതിര്‍ത്തികള്‍ പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന മലനിരകളാണ്. ഉയര്‍ന്ന മലനാട് പ്രദേശത്തുനിന്നും പടിഞ്ഞാറോട്ട് പോകുന്തോറും ഭൂമി ചരിഞ്ഞാണ് കിടക്കുന്നത്. ഈ ചരിവ് ഇടനാട് പ്രദേശത്തോടടുക്കുന്തോറും കുറഞ്ഞുവരികയും തീരപ്രദേശത്തെത്തുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും സമതലരൂപം കൈവരിക്കുകയും ചെയ്യുന്നു. പത്തനംതിട്ട ജില്ലയുടെ ആകെ ഭൂവിസ്തൃതിയില്‍ അഞ്ചു ശതമാനത്തിലേറെ ഭാഗം വനമേഖലയാണ്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ഐതിഹ്യവുമായി ബന്ധമുള്ള അച്ചന്‍കോവിലാര്‍ നദി ഈ ജില്ലയുടെ ഹൃദയഭാഗത്തു കൂടിയാണ് ഒഴുകുന്നത്. 2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്. പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. മാര്‍ത്തോമാ കോളേജ്, ബി.എ.എം.കോളേജ്, സെന്റ് തോമസ്സ് കോളേജ് റാന്നി, കത്തോലികേറ്റ് കോളേജ് എന്നിവ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ ജില്ലയില്‍കൂടി എം.സി റോഡുള്‍പ്പെടെ പ്രമുഖ സംസ്ഥാന ഹൈവേകള്‍ കടന്നുപോകുന്നുണ്ട്. തിരുവല്ലയിലാണ് ജില്ലയിലെ ഏക റെയില്‍വേസ്റ്റേഷന്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരമില, ശ്രീ വല്ലഭ വൈഷ്ണവക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കടമ്മനിട്ട ദേവീ ക്ഷേത്രം, തേക്കടി ഗുഹാക്ഷേത്രം, വലിയകോയിക്കല്‍ ക്ഷേത്രം, പത്തനംതിട്ട മുസ്ളീം പള്ളി, കുറ്റൂര്‍ മുസ്ളീം പള്ളി, പത്തനംതിട്ട മുസ്ളീം ജമാഅത്ത് പള്ളി, പരുമല ക്രിസ്ത്യന്‍ പള്ളി, മഞ്ഞനിക്കര ക്രിസ്ത്യന്‍ പള്ളി, തിരുവല്ല മാര്‍ത്തോമ്മാ പള്ളി, കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളി, മാരാമണ്‍ മാര്‍ത്തോമ്മാ പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പ്രശസ്തമായ പാര്‍ത്ഥസാരഥി ക്ഷേത്രം പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. പമ്പാനദിയില്‍ നടത്തുന്ന പ്രശസ്തമായ പാമ്പന്‍ വള്ളംകളി, ചരല്‍ക്കുന്ന്, കക്കി ജലസംഭരണി, ചരിത്രപ്രധാനമായ മണ്ണടി തുടങ്ങിയവയാണ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

Menu