(ഏപ്രില്‍ 22 ലോക ഭൌമദിനം)EARTH DAY
പൂര്‍വികരില്‍നിന്നു നമുക്കു പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളില്‍നിന്നു കടംവാങ്ങിയതാണീ ഭൂമി – ഒരേയൊരു ഭൂമി (Only One Earth) എന്ന പുസ്തകത്തിലെ ഇൌ വാക്യങ്ങള്‍ ഒാരോ നിമിഷവും നാം ഓര്‍ക്കണം. ഒരേ ഒരു ഭൂമിയേ നമുക്കുള്ളൂ. ആ ഭൂമിയമ്മയാവട്ടെ പനിച്ചൂടില്‍ വിറച്ചും മലിനീകരണത്താല്‍ ശ്വാസംമുട്ടിയും ആസന്നമരണയായിക്കഴിഞ്ഞിരിക്കുന്നു. തണുപ്പും തണലും നീരുറവകളും കിളിക്കൊഞ്ചലുകളുമൊക്കെ ഭൂമിയമ്മയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇൌ ദുരവസ്ഥയ്ക്കു കാരണം മക്കളായ മനുഷ്യര്‍ തന്നെ. ഭൂമിയെ രക്ഷിക്കാന്‍, സുസ്ഥിര ഭാവിയിലേക്കു ചുവടുവയ്ക്കാന്‍ നമുക്കു കൈകോര്‍ക്കാം, ഒന്നിച്ചു ശബ്ദമുയര്‍ത്താം. ഇൌ സന്ദേശവുമായാണ് ഏപ്രില്‍ 22ന് ഭൌമദിനം കടന്നുവരുന്നത്. Mobilize the Earth ഇതാണ് ഇത്തവണത്തെ ദിനാചരണ വിഷയം. ഭൂമിയെ രക്ഷിക്കുക, ഭൂമി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു രാജ്യാന്തരതലത്തില്‍ അവബോധമുണ്ടാക്കുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ഭൌമദിനാചരണ ലക്ഷ്യങ്ങള്‍.
എന്നാണ് ഇൌ ഭൌമദിനാചരണം തുടങ്ങിയതെന്നറിയാമോ?
1962ല്‍ റേച്ചല്‍ കാര്‍സണ്‍ന്റെ സൈലന്റ് സ്പ്രിങ് എന്ന പുസ്തകം പുറത്തിറങ്ങിയതോടെ സ്ഥിതി മാറി. മലിനീകരണം എങ്ങനെ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി.
വിസ്കോന്‍സിനില്‍ നിന്നുള്ള യു എസ് സെനറ്റര്‍ ഗേ ലോര്‍ഡ് നെല്‍സണ്‍ പരിസ്ഥിതി സംരക്ഷണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആശയത്തിനും രൂപം നല്‍കി. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലേക്കും ആശയം എളുപ്പത്തിലെത്തിക്കാനായി. വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധങ്ങളിലും പരിസ്ഥിതിക്ക് നല്‍കേണ്ട പ്രാധാന്യം പ്രധാന മുദ്രാവാക്യമായി.
അന്താരാഷ്ട്ര തലത്തിലേക്ക് ഈ ആശയമെത്തിക്കാന്‍ 1970 ഏപ്രില്‍ 22 ഭൌമദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 20 ദശലക്ഷം അമേരിക്കന്‍ പൌരന്മാരാണ് ഭൌമദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത്. 1990ലെത്തിയപ്പോള്‍ 141 രാജ്യങ്ങളിലായി 200 ദശലക്ഷം പേര്‍ ഭൌമദിനാചരണത്തില്‍ പങ്കാളികളായി.
1992ല്‍ യുണൈറ്റഡ് നാഷണന്‍സ് എര്‍ത്ത് സമ്മിറ്റ് റിയോ ഡി ജനീറോയില്‍ ചേര്‍ന്നു ഇന്ന് 192 രാജ്യങ്ങളില്‍ ഭൌമദിനം ആചരിക്കുന്നുണ്ട്. ആയിരം കോടിയോളം മനുഷ്യര്‍ ഓരോ ഭൌമദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള ദൌത്യങ്ങളില്‍ പങ്കാളികളാകുന്നു. അര നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ തുടങ്ങിയ ഭൂമിയെക്കുറിച്ചുള്ള ഈ ചിന്ത ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആശങ്കയായി പടര്‍ന്നിരിക്കുന്നു.