Endz

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ

സംസ്ഥാന ഗവർണർ ഒരു ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്രത്തിൽ രാഷ്‌ട്രപതി ഗവൺമെന്‍റിന്‍റെ തലവൻ ആയിരിക്കുന്നതുപോലെ സംസ്ഥാനങ്ങളിൽ ഗവർണർ ഗവൺമെന്‍റിന്‍റെ തലവനാണ്. ഭരണഘടനയുടെ 155, 156 വകുപ്പുകൾ പ്രകാരം ഗവർണർമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിഷിപ്തമായിരിക്കുന്നു. അപ്രകാരം നിയമിക്കുന്ന ഗവർണർമാരുടെ കാലാവധി അഞ്ചു വർഷമാണ്. എന്നാൽ രാഷ്ട്രപതിക്ക് വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ ഒരാൾക്ക് ഗവർണറായി തുടരാൻ സാധിക്കൂ. 74ആം അനുച്ഛേദ പ്രകാരം കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കുന്നത്. അതിനാൽ ഗവർണറെ നിയമിക്കുക, ഡിസ്മിസ് ചെയ്യുക എന്നീ കാര്യങ്ങൾ ഫലത്തിൽ കേന്ദ്രഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ്.


ഗവർണറാകാനുള്ള യോഗ്യതകൾ
ഗവർണറാകുന്ന ആൾ ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം. അദ്ദേഹം കുറഞ്ഞത് 35 വയസ് പൂർത്തിയാക്കിയിരിക്കണം. പാർലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ നിലവിൽ അംഗമായിരിക്കരുത്. മറ്റു സാമ്പത്തിക ലാഭമുള്ള സ്ഥാനങ്ങൾ വഹിക്കുന്ന ആളായിരിക്കരുത്.

ഗവർണറുടെ അധികാരങ്ങളും ചുമതലകളും
ഗവർണർക്ക് എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യൽ അധികാരങ്ങൾ ഭരണഘടന നിർചിച്ചിരിക്കുന്നു. ഭൂരിപക്ഷം കിട്ടുന്ന കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള അധികാരം, മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പക്ഷം ഒരു മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം എന്നിവ ഗവർണർക്കുണ്ട്. നിയമസഭ വിളിച്ചുകൂട്ടാൻ, നിർത്തിവയ്ക്കാൻ, പിരിച്ചുവിടാൻ എന്നിങ്ങനെ ലെജിസ്ലേറ്റീവ് അധികാരങ്ങൾ
ഗവർണറില്‍നിഷിപ്തമാണ്. വർഷാദ്യ നിയമസഭാ സമ്മേളനം ഗവർണർ അഭിസംബോധന ചെയ്യുകയും ഒരു വർഷത്തെ ഗവൺമെന്‍റിന്‍റെ നയപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും ഗവർണർക്കു മുൻപിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. ഇവ കൂടാതെ ഗവർണർക്ക് ചില വിവേചന അധികാരങ്ങളുമുണ്ട്.

 

Menu