Endz

മോഹിനിയാട്ടം



കേരളത്തിന്‍റെ സ്വന്തമായ നൃത്തകലാരൂപമാണ് മോഹിനിയാട്ടം. കേരളീയക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ‘മോഹിനിയാട്ടം’. ഈശ്വരാരാധനയ്ക്കുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഇതു വളര്‍ന്നു വന്നത്. നൃത്തപ്രിയനായ നടാരജനെ നൃത്തത്തിലൂടെ ആരാധിക്കുക എന്നതായിരുന്നു ലക്ഷ്യം. പില്ക്കാലത്ത് ഇത് വെരുമൊരു വിനോദോപാധിയായി തീര്‍ന്നു.

മോഹിനി’ എന്ന വാക്കിന് ‘മോഹിപ്പിക്കുന്നവള്‍’ എന്നാണര്‍ത്ഥം. ‘ആട്ട’ത്തിന് ‘നൃത്തം’ എന്നും മോഹിനിയാട്ടത്തിന് ‘മോഹിപ്പിക്കുന്നവളുടെ നൃത്തം’ എന്നു ശബ്ദാര്‍ഥം പറയാം ‘മോഹിനി’ സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത രണ്ടു കഥകള്‍ വിഷ്ണു പുരാണത്തിലുണ്ട്. അതിലൊന്ന് പാലാഴി മഥനകഥയുമായി ബന്ധപ്പെട്ടതാണ്. ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നും അമൃത കുംഭം പൊന്തിവരികയും അസുരന്മാര്‍ അത് കൈക്കലാക്കുകയും ചെയ്തു. വിഷ്ണു മോഹിനിവേഷം ധരിച്ച് അസുരന്മാരെ വശീകരിച്ച് അമൃതം കൈക്കലാക്കി തിരിച്ചു പോന്നു എന്നാണ് കഥ. ഭസ്മാസുര വധവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കഥ. ഒരിക്കല്‍ ഭസ്മാസുരന്‍ ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷനാക്കി ‘തന്റെ കൈ ആരുടെ തലയില്‍ വെക്കുന്നുവോ അയാള്‍ ദഹിച്ച് ചാരമായിത്തീരണം’ എന്ന വരവും വാങ്ങി. വരലബ്ധിയില്‍ അഹങ്കാരിയായി തീര്‍ന്ന ഭസ്മാസുരനെ കൊണ്ട് ദേവകളും ജനങ്ങളും പൊറുതിമുട്ടി. ഈ സന്ദര്‍ഭത്തില്‍ വിഷ്ണു മോഹിനിയായി വന്ന്, ഭസ്മാസുരനെ കൊണ്ട് സ്വന്തം കൈ ശ്ശിരസ്സില്‍ തൊടുവിക്കുകയും ചെയ്തു. ഭസ്മാസുരന്‍ അങ്ങനെ മരണപ്പെട്ടു. മോഹിനിയുടെ ഈ നൃത്തരീതിയെ അനുകരിച്ചാകണം മോഹിനിയാട്ടം എന്ന പേര്‍ വന്നത്.

ക്ഷേത്രങ്ങളില്‍ ആരാധനയുടെ ഭാഗമായി കന്യകകളെ ദേവനര്‍പ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇങ്ങനെ അര്‍പ്പിക്കുന്ന കന്യകമാര്‍ ദൈവത്തിന്റെ പത്നിമാരായിട്ടാണ് കരുതപ്പെട്ടിരുന്നത്. സംഗീതവും നൃത്തവും അവതരിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. ദേവദാസികളെന്നോ ‘തേവടിച്ചി’കളെന്നോ ഇവരെ വിളിച്ചുപോന്നു. സമൂഹത്തിലെ ഉന്നതകുല ജാതകളായ കന്യകകളായിരുന്നു ഈ വിധം നൃത്താരാധന ചെയ്തിരുന്നത്.

ദേവദാസി നൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ് (എ.ഡി. 1813-1846) രാജ്യത്തിന്റെ പലഭാഗത്തു നിന്നും നര്‍ത്തകികളെ കൊണ്ടുവന്ന് കൊട്ടാരത്തില്‍ താമസിപ്പിക്കുകയും അവര്‍ക്ക് പരിശീലനത്തിനായി കളരികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മോഹിനിയാട്ടത്തിനുവേണ്ടി അനവധി പദങ്ങളും വര്‍ണ്ണങ്ങളും ജതിസ്വരങ്ങളും തില്ലാനകളും അദ്ദേഹം രചിക്കുകയുണ്ടായി. മോഹിനിയാട്ടത്തിന് കര്‍ണാടക സംഗീതശൈലി അദ്ദേഹം സ്വീകരിച്ചു. ഇരയിമ്മന്‍ തമ്പി, അദ്ദേഹത്തിന്റെ പുത്രി കുഞ്ഞിക്കുട്ടി തങ്കച്ചി എന്നിവരും മോഹിനിയാട്ടത്തിനുവേണ്ടി ഗാനങ്ങള്‍ രചിക്കുകയുണ്ടായി. മോഹിനിയാട്ടത്തെ ഇന്നു കാണുന്ന രീതിയില്‍ പരിഷ്കരിച്ചത് കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍ കൂടിയായ മഹാകവി വള്ളത്തോള്‍ ആണ്. നര്‍ത്തകിക്കൊപ്പം കുഴിത്താളവും കൊട്ടിവായ്ത്താരിയും ചൊല്ലി അരങ്ങില്‍ നടന്നിരുന്ന നട്ടുവനെ (ഗുരുനാഥനെ) അരങ്ങില്‍ വലതുവശത്ത് ഉചിതമായ സ്ഥാനം നല്‍കി ഇരുത്തി. വാദ്യോപകരണങ്ങള്‍ക്ക് രംഗവേദിയുടെ വലതുഭാഗത്ത് സ്ഥാനം നല്‍കി. തൊപ്പിമദ്ദളത്തിനു പകരം മൃദംഗം ഏര്‍പ്പെടുത്തി. കര്‍ണ്ണാടകസംഗീതത്തിനു യോജിക്കുന്ന വിധം വയലിന്‍, പുല്ലാങ്കുഴല്‍, ഇടയ്ക്ക എന്നിവ കൂടി ഉള്‍പ്പെടുത്തി. നാടോടി നൃത്താംശങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. ലാസ്യനൃത്തശൈലിക്ക് ഊന്നല്‍ നല്‍കി. അതിനനുസരിച്ച് ചതുര്‍വ്വിധാഭിനയങ്ങളെ ചിട്ടപ്പെടുത്തി. മുദ്രാഭിനയത്തിന് ഹസ്തലക്ഷണദീപികയിലെ മുദ്രകള്‍ കൂടി ഉള്‍പ്പെടുത്തി ഇതെല്ലാം മഹാകവിയുടെ പരിഷ്കരണങ്ങള്‍ ആണ്.

മോഹിനിയാട്ടത്തിന്റെ അരങ്ങ് തറ നിരപ്പിലോ അതില്‍ നിന്നും ഒരല്പം ഉയര്‍ന്നതോ ആകാം. ക്ഷേത്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്താണ് വേദി ഒരുക്കിയിരിക്കുന്നത്. നാലുഭാഗവും തുറന്നരംഗവേദിയാണിത്. നിലവിളക്കിനെ അടിസ്ഥാനമാക്കി അരങ്ങിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നു. അരങ്ങിന്റെ മുന്‍വശത്ത് മധ്യത്തിലായിട്ടാണ് നിലവിളക്കു കൊളുത്തി വെയ്ക്കുന്നത്. നിലവിളക്കിനൊപ്പം ഉണങ്ങല്ലരി, അവില്‍, മലര്, നെല്ല്, തേങ്ങ, കദളിപ്പഴം, കത്തിച്ച ചന്ദനതിരി എന്നിവയും വെയ്ക്കാറുണ്ട്. കൂടാതെ അരങ്ങിന്റെ മുന്‍ഭാഗത്ത് ഇടത്തെ കോണില്‍ നടരാജവിഗ്രഹം വെച്ച് പൂമാല ചാര്‍ത്തി പൂജിക്കുന്ന പതിവും കണ്ടുവരുന്നു.

കൈമുദ്രകള്‍ ഉപയോഗിച്ചു കൊണ്ടുള്ള അഭിനയമാണ് പ്രധാനം. പാട്ടിലെ വരികള്‍ ആവര്‍ത്തിച്ചു പാടുന്നതിനനുസരിച്ച് ഓരോ പദത്തിന്റെയും മുദ്രകള്‍ കാണിച്ച് അര്‍ത്ഥം വ്യക്തമാക്കുന്ന ശൈലിയാണ് പൊതുവേ കണ്ടുവരുന്നത്. മനോധര്‍മ്മം ആടുന്ന രീതിയും മോഹിനിയാട്ടത്തിലുണ്ട്. എന്നാല്‍ പദം പാടിക്കഴിഞ്ഞതിനുശേഷമല്ല, പദത്തോടൊപ്പമാണ് മനോധര്‍മ്മം ആടുന്നത്. ഒരു പദത്തിന്റെ ആശയവിപുലീകരണത്തിനു വേണ്ടിയുള്ളതാണിത്. ഇതിനെ ‘വിന്യസിച്ചു കാണിക്കുക’ എന്നാണു പറയുന്നത്. ഉദ്യാനം, കേശാദിപാദം, വിരഹം, ക്രീഡ, നായികാലങ്കാരം, കാമശരമേല്‍ക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വിന്യസിച്ചു കാണിക്കുന്ന രീതിയുണ്ട്. ഇത് രസാഭിനയത്തിന്റെ ഭാഗവുമാണ്.

മോഹിനിയാട്ടത്തില്‍ അരങ്ങിന്റെ വലതുവശത്തിരുന്നു പാടുന്ന പാട്ടുകളാണ് വാചികം. ഇത് കര്‍ണ്ണാടകസംഗീതരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആനന്ദഭൈരവി, അഠാണ, ഭൂപാളം, ചെഞ്ചുരുട്ടി, ചക്രവാകം, തോടി, ശങ്കരാഭരണം, കല്യാണി, നീലാംബരി, ഹിന്ദോളം, ആഹരി തുടങ്ങിയ രാഗങ്ങളിലാണ് പാട്ടുകള്‍ പാടുന്നത്.

ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം. നവരസങ്ങള്‍ക്ക് അഭിനയത്തില്‍ സ്ഥാനമുണ്ടെങ്കിലും പ്രാമുഖ്യം ശ്യംഗാരത്തിനു തന്നെയാണ്. ഏകാഹാര്യഭിനയമാണ് മോഹിനിയാട്ടത്തിലുള്ളത്. ഈ ആഹാര്യത്തിനെ ‘വിച്ഛിത്തി’ എന്നുപറയുന്നു. മുഖത്ത് നേരിയ തോതില്‍ മിനുക്കിടുന്നു. കണ്ണും പുരികവും അഞ്ജനമെഴുതി കറുപ്പിക്കും. താംബുല ചര്‍വ്വണം കൊണ്ടാണ് ചുണ്ടുകള്‍ ചുവപ്പിക്കുന്നത്. നെറ്റിയില്‍ കുറി തൊടുന്നു. തലമുടി കൊണ്ട കെട്ടുകയോ മെടഞ്ഞിടുകയോ ആണ് ചെയ്യുന്നത്. മുല്ലപ്പൂമാലയും തലയില്‍ അണിയും. രണ്ടു തരത്തിലാണ് ഉടുത്തുകെട്ട്. ബാലികമാരെ പത്തുമുഴം വരുന്ന കസവുപുടവ ഞൊറിഞ്ഞ് തറ്റുടുപ്പിക്കുന്നു. ഇതിന് അരച്ചാണ്‍ ഇറക്കം വരുന്ന മേല്‍ ഞൊറിയും കണങ്കാലിനു മേല്‍ വരെ എത്തുന്ന കീഴ് ഞൊറിയും വേണം. മുതിര്‍ന്നവര്‍ക്ക് പതിനെട്ടുമുഴം നീളം വരുന്ന കസവുവസ്ത്രത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ട് ഞൊറികളും ശേഷിക്കുന്നതു കൊണ്ട് നിതംബവും ഉദരവും മാറും മറയ്ക്കുന്ന രീതിയിലാണ് വസ്ത്രധാരണം. മേല്‍ഞൊറിക്ക് ഒന്നരച്ചാണ്‍ ഇറക്കം. ഞൊറികളില്‍ രണ്ടുവരി കസവും. വെള്ളയില്‍ കസവു തുണിചേര്‍ത്ത കുപ്പായമാണ് ധരിക്കുന്നത്. തോട, മൂക്കുത്തി, പതക്കം, പവന്‍മാല, നാഗപടത്താലി, പാലയ്ക്കാ മോതിരം, കടിബന്ധം, വള, പാദസരം, ചിലങ്ക എന്നീ ആഭരണങ്ങളും അണിയും. ഉള്ളം കൈ, നഖം, പാദം എന്നിവ മൈലാഞ്ചിയോ ചെമ്പഴഞ്ഞിച്ചാറോ ഉപയോഗിച്ച് ചുവപ്പിക്കുന്നതായിരുന്നു പഴയരീതി. ഈ വിധമാണ് മോഹിനിയാട്ടത്തിന്റെ ആഹാര്യം.

മോഹിനിയാട്ടത്തില്‍ വിവിധ ഇനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഗണപതി വന്ദനത്തോടുകൂടിയാണ് തുടങ്ങുന്നത്. പിന്നെ ചൊല്‍ക്കെട്ട്. ഇത് ശുദ്ധനൃത്തമാണ്. ഏതെങ്കിലും ഒരു ദേവനെയോ, ദേവിയെയോ സ്തുതിച്ചുകൊണ്ടുള്ള ചൊല്ലുകളുടെ നൃത്താവിഷ്കാരമാണിത്. അടുത്ത ഇനമായിട്ടവതരിപ്പിക്കുന്നത് ജതിസ്വരമാണ്. ഇതില്‍ ചുവടുകള്‍ക്കാണ് പ്രാധാന്യം. തുടര്‍ന്ന് വര്‍ണ്ണം. ഇത് ചുവടുകള്‍ക്കും സാഹിത്യത്തിനും അഭിനയത്തിനും പ്രാധാന്യം നല്‍കുന്നു. അടുത്ത ഇനം പദമാണ്. ഇതില്‍ അഭിനയത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. പിന്നെ തില്ലാന, ഇതില്‍ ദ്രുതഗതിയിലുള്ള നൃത്തചുവടുകള്‍ക്കാണ് പ്രാധാന്യം. ഇനി ശ്ലോകം. അഭിനയത്തിനു മാത്രമാണ് ഇതില്‍ പ്രാധാന്യം. ഏറ്റവും ഒടുവിലായി ‘സപ്തം’ എന്നൊരിനം കൂടി മോഹിനിയാട്ടത്തിന്റെ പൂര്‍ണ്ണമായ അവതരണത്തില്‍ (മോഹിനിയാട്ടകച്ചേരി) പതിവുണ്ട്. ഏതെങ്കിലും ഒരു പുരാണകഥ പൂര്‍ണ്ണമായും ആവിഷ്കരിക്കുകയാണിതില്‍ ചെയ്യുന്നത്. പിന്നെ മംഗളം പാടി അതിന്നനുസരിച്ച് ചുവടുകള്‍ വെച്ച് നൃത്തം അവസാനിപ്പിക്കുന്നു.

മൃദംഗം, വയലിന്‍, പുല്ലാങ്കുഴല്‍, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങള്‍ ഇതിന്റെ പക്കമേളത്തില്‍ കണ്ടുവരുന്നു.



Menu