post: 2020/07/05

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു . 1994 ജൂലൈ അഞ്ചിനാണ് അദ്ദേഹം കഥാലോകത്തുനിന്ന് വിടവാങ്ങിയത്. 1908 ജനുവരി 21-നു തലയോലപ്പറമ്പിലായിരുന്നു ജനനം. ഇന്നത്തെ ഗവണ്‍മെന്റ് യുപി സ്കൂളായ പഴയ മുഹമ്മദീന്‍ പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1924-ല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയെ കാണുന്നതിനായി വൈക്കത്തെത്തിയ ബഷീര്‍ സമരത്തില്‍ ആകൃഷ്ടനായി സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിയായി. 1930-ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി മലബാറിലെത്തിയ ബഷീര്‍ അറസ്റിലായി മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.
തലയോലപ്പറമ്പില്‍നിന്നു ചെറുപ്പത്തിലേ നാടുവിട്ട ബഷീര്‍ ജന്മനാടിനു വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. ഇവിടുത്തെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജന്മനാടിനെയും കഥകളാക്കി തലയോലപ്പറമ്പിനെ പ്രശസ്തിയിലെത്തിച്ചു. ബഷീര്‍ ഉപയോഗിച്ചിരുന്ന ചാരുകസേരയും കിണറും പഠിച്ച സ്കൂളുമെല്ലം തനിമ നഷ്ടപ്പെടാതെ ഇന്നും വൈക്കത്തെ വീട്ടിൽ പൊതുജനങ്ങള്‍ക്കു കാണാവുന്നവിധം സംരക്ഷിക്കുന്നുണ്ട്. പാലാംകടവ് പാലം, തലയോലപ്പറമ്പ് ബോയ്സ് ഹൈസ്കൂള്‍ എന്നിവയെല്ലാം ബഷീര്‍ സ്മാരകമായി മാറി. വൈക്കം മുഹമ്മദ് സെന്ററിന്‍റെ ആഭിമുഖ്യത്തില്‍ പാലാംകടവില്‍ മൂവാറ്റുപുഴയാറിന്‍റെ തീരത്ത് നിര്‍മിച്ച ബഹുനില മന്ദിരം അദ്ദേഹത്തിന്‍റെ സ്മരണകള്‍ നിലനിര്‍ത്തി സാംസ്കാരികകേന്ദ്രമായി പ്രവര്‍ത്തിക്കുന്നുമുണ്ടിപ്പോൾ.