Endz

ചേമ്പ്

പണ്ടു പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ട് ഒരു നാട്ടിൽ ഒരു പാണനും പാട്ടിയും ജീവിച്ചിരുന്നു.
പാണന് ചേമ്പ് വളരെ ഇഷ്ടമാണ്. ഇഷ്ടമെന്ന് പറഞ്ഞാൽ പെരുത്തിഷ്ടം. ഒരു പക്ഷേ പാട്ടിയേക്കാളും ഇഷ്ടം.
എന്നും പാണന് ചേമ്പ് വേവിച്ചത് വേണം.പാട്ടി എന്നും അലൂമിനിയ ചെമ്പിൽ ചേമ്പ് പുഴുങ്ങി ഉടയ്ക്കും .എന്നിട്ട് അത് പാണൻ വെട്ടിക്കൊണ്ടു വരുന്ന നാക്കിലയിൽ ചെമ്പോടെ കമഴ്ത്തും. ഇതാണ് പതിവ്.
പാണന് പാട്ടിക്ക് തന്നോടുള്ള സ്നേഹം കാണുമ്പോൾ കരച്ചിൽ വരും. സ്വന്തം കാര്യം നോക്കാതെ ഉണ്ടാക്കിയ ചേമ്പ് മുഴുവൻ തൻ്റെ ഇലയിൽ വിളമ്പിയ പാട്ടിയെ ഓർത്ത് പാണൻ അഭിമാനം കൊള്ളും. എന്നിട്ട് സ്നേഹത്തോടെ തൻ്റെ ഇലയിൽ കുറച്ച് ചേമ്പ് തിന്നാതെ ബാക്കി വെയ്ക്കും.. തൻ്റെ പ്രാണനായ പാട്ടിക്കു വേണ്ടി .
പാട്ടിയുടെ ഈ ചേമ്പ് സ്നേഹം ഒരിക്കൽ പാണൻ തൻ്റെ കൂട്ടുകാരനോട് അത്ഭുതത്തോടെ പറഞ്ഞു. ഉണ്ടാക്കിയ ചേമ്പ് മുഴുവൻ ഇലയിൽ തട്ടിത്തരുന്ന പാട്ടിയുടെ സ്നേഹം പക്ഷേ കൂട്ടുകാരന് അത്ര ദഹിച്ചില്ല.
ഇങ്ങനെയും ഒരു ഭാര്യയോ.. താനെത്ര ഭാര്യമാരെ കണ്ടതാ.. കൂട്ടുകാരൻ പറഞ്ഞു.
കൂട്ടുകാരൻ്റെ വാദം പാണൻ അംഗീകരിച്ചു കൊടുത്തില്ല. പാണൻ്റെ വാദം കൂട്ടുകാരനും.
അവസാനം കൂട്ടുകാരൻ പാണനോട് പറഞ്ഞു. നീ പറയുന്ന കാര്യം ഞാൻ വിശ്വസിക്കാം. പക്ഷേ ആദ്യം ഞാൻ പറയുന്ന ഒരു കാര്യം നീ ചെയ്യണം.
പാണന് തൻ്റെ ഭാര്യയുടെ സ്നേഹം തെളിയിക്കാനായി എന്തും ചെയ്യാൻ തയ്യാറായിരുന്നു.
കൂട്ടുകാരൻ പറഞ്ഞു. നീ നാളെ ചേമ്പ് പുഴുങ്ങി ഉടയ്ക്കുന്നതിനു മുമ്പായി പാട്ടി കാണാതെ കുറച്ച് വെളിച്ചെണ്ണ ചെമ്പിൽ ഒഴിക്കണം.
ഓ, ഇത്രയേ ഉള്ളോ കാര്യം, അതു ഞാനേറ്റു.
ഇത്തിരി വെളിച്ചെണ്ണ ഒഴിക്കുന്ന കാര്യമല്ലേ ! പാണൻ പറഞ്ഞു.
അങ്ങനെ പിറ്റെ ദിവസം പാണൻ പാട്ടി കാണാതെ ചേമ്പ് പുഴുങ്ങുന്നതിനു മുമ്പായി ചേമ്പ് പുഴുങ്ങുന്ന ചെമ്പിൽ സ്വൽപ്പം വെളിച്ചെണ്ണ ഒഴിച്ചു.
ഇതൊന്നുമറിയാതെ പാട്ടി പതിവുപോലെ ചേമ്പ് പുഴുങ്ങിയുടച്ച് പാണൻ വെട്ടിക്കൊണ്ടു വന്ന നാക്കിലയിലേക്ക് ചേമ്പ് ചെമ്പോടെ തട്ടി.
പക്ഷേ, പതിവിനു വിരുദ്ധമായൊന്നു സംഭവിച്ചു. വെളിച്ചെണ്ണയുടെ വഴുവഴുപ്പ് കാരണം ചെമ്പിലെ ചേമ്പ് മുഴുവൻ പാണൻ്റെ നാക്കിലയിൽ.
നാക്കിലയിൽ കമഴ്ത്തിയ ചെമ്പ് തിരികെയെടുത്ത പാട്ടി ഞെട്ടിപ്പോയി. തനിക്ക് കഴിക്കാൻ ചെമ്പിൽ ചേമ്പിൻ്റെ അംശം പോലുമില്ല.
സാധാരണ ചേമ്പിൻ്റെ പാതിയിലധികവും ചെമ്പിലുണ്ടാവും.കൂടാതെ പാണൻ സ്നേഹത്തോടെ നാക്കിലയിൽ ബാക്കി വെയ്ക്കുന്ന ചേമ്പും കൂടിയായാൽ തൻ്റെ കാര്യം കുശാൽ. ഇന്ന് പാണനെന്തോ സൂത്രം ഒപ്പിച്ചിട്ടുണ്ട്. പാട്ടി ചിന്തിച്ചു.
വിളമ്പൽ കഴിഞ്ഞ പാട്ടി പാണനെ ശക്തമായി ഒന്നു തോണ്ടി. എന്നിട്ട് ദേഷ്യത്തോടെ പറഞ്ഞു
എടാ കാലമാടാ, തനിക്കു മാത്രമല്ല ചേമ്പിനോടിഷ്ടം. ഞാനും ചേമ്പ് കഴിക്കൂട്ടോ.. !!
കൂട്ടുകാരൻ്റെ കരിനാക്ക് ഫലിച്ചിരിക്കുന്നു.
ഒരു തുള്ളി വെളിച്ചെണ്ണയിൽ അലിഞ്ഞലിഞ്ഞില്ലാതായ തൻ്റെ പ്രാണപ്രേയസി പാട്ടിയുടെ സ്നേഹം ഓർത്ത് പാണൻ ചേമ്പ് തൊണ്ടക്കുഴിയിലേക്കിറങ്ങാതെ ഒരു ഗദ്ഗദത്തോടെ എഴുന്നേറ്റ് ഒരു ലക്ഷ്യവുമില്ലാതെ തെക്കോട്ട് നടന്നു.
തെക്കോട്ട്…

Menu