Endz

മറന്ന് പോയ ഒരു ചരമദിനം .. Madhavikutty

മലയാളത്തിന്‍റെ പ്രിയങ്കരിയായ മാധവിക്കുട്ടിയുടെ ചരമദിനമായ ഇന്ന് മുഖ്യധാര പത്രങ്ങളിലൊക്കെ അരിച്ചുപെറുക്കി നോക്കിയെങ്കിലും ഒരനുസ്മരണ കുറിപ്പ് പോലും എവിടേയും കാണാൻ കഴിഞ്ഞില്ല.ഒരു പക്ഷേ നാലാപ്പാട്ട് തറവാട്ട് പറമ്പിൽ ഒറ്റപ്പെട്ട് നില്ക്കുന്ന നീർമാതളമരം ഓർക്കുന്നുണ്ടായിരിക്കാം.. കമലയെന്ന ആമിയെ.. കണ്ണീർ കണങ്ങൾ പോലെ തൻ്റെ പൂക്കൾ പൊഴിച്ചു കൊണ്ട് പ്രണാമം അർപ്പിക്കുന്നുണ്ടായിരിക്കാം..ഈ ദിനത്തിൽ കമലദാസിൻ്റെ പ്രശസ്തമായ ഇംഗ്ലീഷ് കവിതയായ “middle age” എന്ന കവിതയെ നമുക്ക് അനുസ്മരിക്കാം.. വാർദ്ധക്യത്തിലേക്ക് കടക്കുന്ന അമ്മമാരെ മക്കൾ നിഷ്കരുണം തിരസ്കരിക്കുന്നത് എന്തൊരു കാവ്യാത്മകമായിട്ടാണ് കവയിത്രി എഴുതിയിരിക്കുന്നതെന്നോ … ഒരു നൊമ്പരം പോലെ അനുവാചക മനസ്സിൽ അത് പടർന്ന് കയറും.Middle age (Kamala das)ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവിയത്രി വിശദീകരിക്കുന്നു. എന്നാൽ കുട്ടി കാലത്തു അമ്മയുടെ കൂടെ പോകാൻ കുഞ്ഞു ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ അമ്മ തന്റെ മക്കളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെക്കുന്നു. മധ്യവയസ്സ് എത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായ ഉണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും മാത്രമായിരിക്കും. ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നെയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ഒറ്റക്കിരുന്നു വിങ്ങലോടെ തടവുന്നത് കവിയത്രി വിശദീകരിക്കുന്നുണ്ട്..ഇത്രയും ആകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു..ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ ‘മ്മമ്മയെയും കൂട്ടുമോ.. ‘ എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന ചോദ്യത്തിന് എനിക്ക് തിരക്കാണ്, നിങ്ങൾ ഒറ്റക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെ പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു..പ്രിയങ്കരിയായ കഥാകാരിക്ക് ഞങ്ങളുടെ നാടിൻ്റെ…. പുന്നയൂർക്കുളത്തിൻ്റെ പ്രണാമം.

marannu-poya-charama-dinam

Menu