ജൂൺ 19 വായനാ ദിനം
സാക്ഷരകേരളത്തിന്‍റെ സാംസ്കാരിക തനിമ നില നിര്‍ത്തുന്ന അറിവിന്‍റെ മഹത്വം വിളിച്ചോതി മറ്റൊരു വായന ദിനം കൂടി. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ്പി.എന്‍ പണിക്കര്‍.

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി 1996 മുതല്‍ ആചരിച്ച് തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.

വായനാശീലം മറന്ന് ആധുനിക യുഗത്തിന്‍റെ മുഖഛായയായ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്‍റെ പ്രധാന്യം ഏറെയാണ്.വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത പി എന്‍ പണിക്കര്‍. ജൂണ്‍ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല, ഇന്ന് നാം അന്തസ്സോടെ ഉയര്‍ത്തിക്കാട്ടുന്ന സമ്പൂർണ്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാന്‍ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്‍റെ ദിനംകൂടിയാണ്. അത്തരത്തില്‍ പ്രഥമ സ്മരണീയനായ വ്യക്തിയാണ് പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍.1909 മാര്‍ച്ച് 1 ന് കോട്ടയത്തെ നീലംപേരൂരിലാണ് പണിക്കര്‍ ജനിച്ചത്. 1926 ല്‍ സ്ഥാപിച്ച ലൈബ്രറിയുടെ പേര് 17-ാം പി.എന്‍.പണിക്കര്‍ സനാതനധര്‍മം വായനശാല എന്നായിരുന്നു . അത് വിജയിച്ചതോടെ മറ്റു പ്രദേശങ്ങളിലും ഇത്തരം വായനശാലകള്‍ രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ രൂപീകരിക്കാനും അവ വായനശാലകള്‍ മാത്രമായി ഒതുങ്ങാതെ അതത് ദേശത്തെ സാംസ്കാരിക കേന്ദ്രങ്ങളായി ഉയര്‍ത്താനും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. തിരുവിതാംകൂറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് ഗ്രന്ഥശാലാസംഘം രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തതും പിന്‍.എന്‍. പണിക്കരാണ്. 1977 ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. 32 വർഷം ഗ്രന്ഥശാല സംഘത്തിന്‍റെയും സ്റ്റേറ്റ് റീഡേഴ്സ് സെനിറ്റിന്‍റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ് നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുത്തു പഠിച്ച് കരുത്തരാകുക വായിച്ചു വളരുകചിന്തിച്ചു പ്രബുദ്ധരാകുക …. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ…..” എന്നത്
കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന വാക്കുകളാണ്. സാക്ഷരത പ്രചരിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും അതിന്‍റെ പ്രചാരകര്‍ തെരുവുതോറും പാടിനടന്ന കവിത. പട്ടിണിയാണെങ്കിലും നീ വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ടവനോട്, പട്ടിണിയാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നുനിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകുമെന്നതായിരുന്നു ആ കവിത നല്‍കിയ സന്ദേശം. ലോകത്തില്‍ വിജയം കൈവരിച്ചവരുടെ എല്ലാം പൊതുഘടകമായി കാണുവാന്‍ സാധിക്കുന്നത് അവരുടെ പരന്ന വായനയാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 ജൂണ്‍ 19-ന് രാജ്യം അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍.പണിക്കരുടെ ശ്രമഫലമായാണ്. പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്‍റെ പ്രധാന്യം കുറയുന്നില്ല. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായനാ ദിനം ആചരിക്കാം.
വായനാ ദിനം. National Reading Day