Endz

EARTH DAY- 22 – APRIL

This image has an empty alt attribute; its file name is endsss.jpg

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി അന്താരാഷ്ട്ര ഭൌമദിനത്തില്‍ തന്നെ യാഥാര്‍ത്ഥ്യമായി. ഇന്ത്യയടക്കം 175 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. ആഗോള താപനത്തിനു കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തിനെങ്കിലും കാരണക്കാരായ 55 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പിടുക എന്ന കടമ്പ ഇതോടെ പൂര്‍ത്തിയായി. ഇനി ഒരുമാസം കഴിയുന്നതോടെ പാരിസ് ഉടമ്പടി നിയമമാകും. മെയ് 21 നാണ് ഉടമ്പടി നിയമമായി പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ഡിസംബറില്‍ 190 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണ് ഭൌമദിനത്തില്‍ യാഥാര്‍ഥ്യമായത്.

ഭൌമദിനത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തിലാണ് രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കൊടു ചൂടില്‍ ലോകം വെന്തുരുകുമ്പോള്‍, ഭൂഗോളത്തില്‍ മനുഷ്യരാശിയുടെയും ജന്തുജാലങ്ങളുടെയും നിലനില്‍പ്പിന് ഏറെ സുപ്രധാനമായ തീരുമാനത്തിനായാണ് ലോകരാജ്യങ്ങള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേര്‍ന്നത്. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പാരീസ് ഉച്ചകോടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബഹു ഭൂരിപക്ഷം വരുന്ന രാജ്യങ്ങളും അംഗീകരിച്ചത്

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ബഹുമുഖ നടപടികള്‍ എടുക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പാരിസ് ഉടമ്പടി. ഒറ്റദിവസം ഇത്രയും അധികം രാഷ്ട്രങ്ങള്‍ ഒരു ഉടമ്പടി ഒപ്പുവയ്ക്കുന്നതും ഇതാദ്യമാണ്. മുമ്പ് 1982ല്‍ 119 രാഷ്ട്രങ്ങള്‍ ലോ ഓഫ് ദ സീ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.

ആഗോള താപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിര്‍ത്തുക, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു ക്രമേണ നിര്‍ത്തുക, കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടുന്നതിനു കൂടുതല്‍ പണം ചെലവാക്കാന്‍ പ്രോല്‍സാഹിപ്പിക്കുക, അഞ്ചു വര്‍ഷം കൂടുമ്പോള്‍ രാജ്യങ്ങള്‍ അവയുടെ പ്രവൃത്തി വിലയിരുത്തി ലക്ഷ്യം നേടിയോ എന്നു റിപ്പോര്‍ട്ട് ചെയ്യുക, 2050നും 2100നും ഇടയില്‍ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍. 2015 ഡിസംബറിലാണ് പാരിസ് ഉടമ്പടി മുന്നോട്ടു വച്ചത്.

Menu