വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിന്‍റെ അന്താരാഷ്‌ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിന്റെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനവും ലോകഗതിക്കനുസരിച്ച് സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരള സമൂഹത്തിന്റെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം: (1) സഹ്യപർവതനിരയോട് ചേർന്ന് സമുദ്രനിരപ്പിൽനിന്ന് 75 മീറ്ററിലധികം ഉയരമുള്ള മലനാട്; (2) 7.5 മീറ്ററിനും 75 മീറ്ററിനും മധ്യേ ഉയരമുള്ള ഇടനാട്; (3) 7.5 മീറ്ററിൽ താഴെ ഉയരമുള്ള തീരപ്രദേശങ്ങള്‍. പെരിയാറിന്റെ വലത്തേക്കരയിലുള്ള വനപ്രദേശങ്ങള്‍ മാത്രമേ മലനാടിൽ ഉള്‍പ്പെടുന്നുള്ളൂ. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട് താലൂക്ക്, മൂവാറ്റുപുഴ താലൂക്ക്, കണയന്നൂർ താലൂക്കിന്റെ കിഴക്കന്‍ ഭാഗം എന്നിവ ഉള്‍പ്പെട്ട ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ ഈ നാടിൽപ്പെടുന്നു. കേരളത്തിന്റെ ഇതരഭാഗങ്ങളിൽ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാലാവസ്ഥ തന്നെയാണ് ഈ ജില്ലയിലുള്ളത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയും വേനൽക്കാലം മാർച്ച് മുതൽ മേയ് വരെയും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതൽ സെപ്‌തംബർ വരെയും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഒക്‌ടോബർ-നവംബർ മാസങ്ങളിലുമാണ്. കാലടി, കോടനാട്, തുണ്ടത്തിൽ, കോതമംഗലം, അടിമാലി എന്നീ റേഞ്ചുകളിൽ ഉള്‍പ്പെട്ടവയാണ് ഈ ജില്ലയിലെ വനങ്ങള്‍. നിത്യഹരിത മഴക്കാടുകളും പത്രപാതിവനങ്ങളും അർധപത്രപാതിവനങ്ങളും ഇവയിലുണ്ട്. പലതരം വൃക്ഷലതാദികള്‍ ഈ വനങ്ങളിലുണ്ട്. അവയിൽ പ്രധാനമായവ തേക്ക്, ഈട്ടി, ചന്ദനം, തമ്പകം, കരിഞ്ഞാലി, ആഞ്ഞിലി, വേങ്ങ, തേമ്പാവ് എന്നിവയാണ്. മറ്റു വനവിഭവങ്ങളിൽ മരോട്ടി, ഓടൽ, പുന്ന, പൂണ്ണം, ഇലുപ്പ, വെള്ളപ്പയിന്‍, നാങ്ക് എന്നിവയുടെ കുരുക്കളും ഉള്‍പ്പെടുന്നു. കടലാസ്, തീപ്പെട്ടി വ്യവസായങ്ങള്‍ക്ക് ആവശ്യമായ കടുപ്പം കുറഞ്ഞ മരങ്ങളും ഈറ, മുള എന്നിവയും ധാരാളമായി ഈ വനങ്ങളിൽനിന്ന് ലഭ്യമാകുന്നുണ്ട്. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് 32,79,860 പേരിൽ 16,17,602 പുരുഷന്മാരും 16,62,258 സ്‌ത്രീകളുമാണ് (സ്‌ത്രീ പുരുഷാനുപാതം 1000-1028) പറവൂർ താലൂക്കിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണ് കൂടുതൽ.
കേരളത്തിലെ പ്രധാന വന്‍കിടവ്യവസായങ്ങള്‍ മിക്കതും ഈ ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എറണാകുളം മുതൽ അങ്കമാലിവരെ, നാഷണൽ ഹൈവേയുടെ ഇരുപാർശ്വങ്ങളിലും പുതിയ പുതിയ വ്യവസായങ്ങള്‍ വളർന്നുകൊണ്ടിരിക്കുകയാണ്. വന്‍കിടവ്യവസായങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവ കൊച്ചി കപ്പൽനിർമാണകേന്ദ്രം, കൊച്ചി എണ്ണ ശുദ്ധീകരണശാല, ബ്രഹ്മപുരം ഡീസൽപ്ലാന്‍റ്, നാപ്‌താപ്ലാന്‍റ്, ഹിന്ദുസ്ഥാന്‍ യന്ത്രാപകരണശാല, ഏലൂരിലെ വളനിർമാണശാല (എഫ്.എ.സി.ടി.), ട്രാവന്‍കൂർ കൊച്ചിന്‍ കെമിക്കൽസ്, ട്രാന്‍സ്‌ഫോർമേഴ്‌സ് ആന്‍ഡ് ഇലക്‌ട്രിക്കൽസ് എന്നിവയാണ്.”അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചിതുറമുഖം ഈ ജില്ലയുടെ വ്യവസായവികസനത്തിൽ നിർണായകമായ പങ്കു നിർവഹിക്കുന്നു. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണിത്. വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധികേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ആലുവയിൽ നിന്ന് 12 കി.മീ. ദൂരെ പെരിയാർ (പൂർണ) നദീതീരത്ത് സ്ഥിതിചെയ്യുന്ന ആദിശങ്കരന്‍റെ ജന്മദേശമായ കാലടി അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു സ്ഥലമാണ്. കൊച്ചീപ്പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിദ്വീപ് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്.ഡച്ച്‌പാലസ്, ഹിൽപാലസ്, പരീഷത്ത് തമ്പുരാന്‍ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ചിൽഡ്രന്‍സ് പാർക്ക്, വെല്ലിങ്‌ടണ്‍ ഐലന്‍റ്, മറൈന്‍ഡ്രവ്, പള്ളിപ്പുറം ഫോർട്ട്, സാന്താക്രൂസ് ബസലിക്ക, സെന്‍റ് ഫ്രാന്‍സിസ് ചർച്ച്, ചീനവല മുതലായവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റുകേന്ദ്രങ്ങളാണ്.