Endz

Kottarathil sankunni

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാലയുടെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. അറുപതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.ജനനം കൊല്ല വര്‍ഷം 1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രിസ്തു വര്‍ഷം 1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്‍റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.പിന്നീട് വയസ്കര ആര്യൻ നാരായണൻ മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും (1888), ഭാഷാപോഷിണിസഭയിലും (1892) സഹകരിച്ചു.കൊല്ല വര്‍ഷം 1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വര്‍ഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും, സമ്മാ‍നങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തിൽ 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വർണ്ണമെഡലും എടുത്തുപറയേണ്ടതാണ്.
മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന്) 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർ ചെയ്ത്പ്രവർത്തിച്ചുവരുന്നു. 1997-ൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ’ സമിതി പ്രസിദ്ധപ്പെടുത്തി.

Menu