Endz

Thiruvananthapuram – തിരുവനന്തപുരം

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്‍റെ തലസ്ഥാനവുമാണ് തിരുവനന്തപുരം ജില്ല. തിരുവനന്തപുരത്തെ ട്രിവാണ്ട്രം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇവിടുത്തെ ജനസംഖ്യ 957,730 ആണ്.സംസ്ഥാനത്തെ 14 ജില്ലകളില്‍ വിസ്തൃതിയില്‍ 12-ാം സ്ഥാനവും ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും വഹിക്കുന്നു. പടിഞ്ഞാറുഭാഗത്ത് ലക്ഷദ്വീപുകടലുമായി 59 കി.മീ. ദൈര്‍ഘ്യത്തില്‍ തീരദേശം ഉള്ള ഈ ജില്ലയുടെ മറ്റതിരുകള്‍ വടക്ക് കൊല്ലം ജില്ല; കിഴക്കും തെക്കും തമിഴ്നാട് സംസ്ഥാനത്തിലെ ജില്ലകളായ തിരുനെല്‍വേലിയും കന്യാകുമാരിയും എന്നിങ്ങനെയാണ്. ഭരണപരമായി തിരുവനന്തപുരം ജില്ലയെ ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. താലൂക്ക് ആസ്ഥാനങ്ങള്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ പട്ടണങ്ങളാണ്. കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ഇക്കാരണത്താല്‍ ജില്ലയിലെ നദികള്‍ താരതമ്യേന നീളം കുറഞ്ഞവയാണ്. വാമനപുരം ആറ്, കരമനയാറ്, നെയ്യാറ് എന്നിവയാണ് പ്രധാന നദികള്‍. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉള്‍ക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടില്‍ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം. ജില്ലയില്‍ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തില്‍പ്പെട്ട മണ്ണാണ്. ചുവപ്പുകലര്‍ന്ന തവിട്ടു മുതല്‍ മഞ്ഞകലര്‍ന്ന ചുവപ്പുവരെ വിവിധനിറങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണില്‍ തെങ്ങ്, റബ്ബര്‍, കവുങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ് തുടങ്ങിയവ സമൃദ്ധമായി വളരുന്നു.ജില്ലയുടെ 59 കി.മീ. നീളത്തിലുള്ള കടലോരമേഖല മത്സ്യസമൃദ്ധമാണ്. വര്‍ക്കല, അഞ്ചുതെങ്ങ്, പള്ളിത്തുറ, പൂന്തുറ, വിഴിഞ്ഞം, പൂവാര്‍ എന്നിവിടങ്ങളാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങള്‍.കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ മൂന്ന് റേഞ്ചുകളിലായി 4,95,145 ച.കി.മീ. സംരക്ഷിതവനങ്ങളും 3,534 ച.കി.മീ. നിക്ഷിപ്ത വനഭൂമിയുമാണ് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിക്കുള്ളില്‍ അവശേഷിച്ചിട്ടുള്ളത്.

പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. അഗസ്ത്യവനം, നെയ്യാര്‍ ഡാം, മീന്‍മുട്ടി-കൊമ്പൈകാണി ജലപാതങ്ങള്‍, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വര്‍ക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയര്‍ മ്യൂസിയം, പ്രിയദര്‍ശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തില്‍ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാര്‍ക്കര, ശിവഗിരി എന്നീ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ ജനസഹസ്രങ്ങളെ ആകര്‍ഷിക്കുന്നവയാണ്.

trivandrum

Menu