Endz

The Post Master A Great Short story

By Rabindranath Tagore

ബംഗാളിലെ ഒരു വെറും കുഗ്രാമമായ ഉലാപൂർ . അവിടെ കൽക്കത്തക്കാരനായ പുതിയ പോസ്റ്റ് മാസ്റ്റർ ജോലിയിൽ പ്രവേശിച്ചു. ഓഫീസിനും താമസത്തിനുമായി ഉണ്ടായിരുന്നത് കാടുപിടിച്ച ഒരു കുളത്തിനരികിലുള്ള പുല്ലു മേഞ്ഞ ചെറിയ കെട്ടിടം മാത്രം. നഗരത്തിൻ്റെ സൗകര്യങ്ങളിൽ നിന്നും, വീട്ടുകാരുടെ കരുതലിൽ നിന്നും ഒറ്റപ്പെട്ട അദ്ദേഹത്തിന് ഗ്രാമത്തിലെ ഏകാന്തത സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. ഒരു ബ്രിട്ടീഷുകാരൻ്റെ ഉടമസ്ഥതയിലുള്ള നീലം നിർമ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് പ്രധാന ഇടപാടുകാർ. അവരുടെ കഠിനമായ ജോലിത്തിരക്കുകൾക്കിടയിൽ സൗഹൃദ ബന്ധങ്ങൾക്ക് പ്രസക്തിയില്ല. വിദ്യാസമ്പന്നനായ പോസ്റ്റ്മാസ്റ്റർക്കാകട്ടെ , അവർ, തനിക്കുചേർന്ന കൂട്ടാളികളായി തോന്നിയതേയില്ല. നഗരത്തിൻ്റെ വിരഹത്തിൽ നിന്നുമുണ്ടായ ഏകാന്തതയിൽ, രണ്ടുവരി കവിത കുറിക്കുക മാത്രമായിരുന്നു ആകെയുള്ള ഒഴിവു സമയ വിനോദം. കാറ്റിലാടുന്ന ഇലകളുടെ മർമ്മരങ്ങളും ആകാശത്തിലൂടെ അച്ചടക്കമില്ലാതെ പാറി നടക്കുന്ന അലസമേഘങ്ങളും പുസ്തകത്താളിലേക്കിറങ്ങി വന്നു.ശമ്പളം തുച്ഛമായിരുന്നു. സ്വയം പാകം ചെയ്യുന്ന ഭക്ഷണം, ചെറു സഹായിയായി കൂട്ടു കിട്ടിയ ‘രത്തൻ’ എന്ന പതിമൂന്നുകാരി അനാഥ ബാലികയുമായി പങ്കുവെക്കും. രാത്രിയിലെ ഇരുട്ടിനു കനം കൂടുമ്പോൾ, ചീവീടുകളുടെ ശബ്ദവും കാറ്റിലുലയുന്ന മുളങ്കാടുകളുടെ മർമ്മരവും കട്ട പിടിച്ച നിശ്ശബ്ദതയെ ഭഞ്ജിക്കുമ്പോൾ നേരിയ വിറയലോടെ, ചിമ്മിനിയുടെ നാളമുയർത്തി, ഭയമകറ്റാനായി അയാൾ വിളിക്കും.രത്തൻ…..ദാദാ …. എന്നെ വിളിച്ചോ?(ഈ വിളിക്കായി കാത്തിരുന്ന പോലെ രത്തൻ്റെ മറുമൊഴി വരും.)നീയെന്താണ് ചെയ്യുന്നത്?…..ഞാൻ അടുക്കളയിൽ തീ കൂട്ടാൻ പോകുകയാണ്…..അത് പിന്നീടാകാം… ആദ്യം നീയെൻ്റെ പൈപ്പ് കത്തിച്ചു താ….അൽപ്പസമയത്തിനുള്ളിൽ ഊതിജ്ജ്വലിപ്പിച്ച ഒരു ചെറുകനൽ പൈപ്പിൽ നിറച്ച പുകയിലയിലിട്ടുകൊണ്ട് അവൾ തിരിച്ചു വരും…രത്തൻ…. നിനക്ക് , നിൻ്റെ അമ്മയെ ഓർമ്മയുണ്ടോ ? …..ഒരു സംഭാഷണമാരംഭിക്കാനായി വെറുതെ അയാൾ ചോദിക്കും…അമ്മയെക്കുറിച്ച് രത്തന് മങ്ങിയ ഓർമ്മകൾ മാത്രമെയുള്ളൂ. അമ്മയേക്കാൾ രത്തൻ്റെ ഹൃദയത്തിൽ വ്യക്തത, ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തിയിരുന്ന അച്ഛനെ കുറിച്ചായിരുന്നു. വളരെ ആഹ്ലാദപൂർവ്വം, ഓർമ്മകളുടെ ചെപ്പു തുറന്ന്, ഓമനിച്ചൊതുക്കി വെച്ച ബാല്യസ്മരണകൾ ഒന്നൊന്നായി നിരത്തിവെച്ച്, രത്തൻ പോസ്റ്റ്മാസ്റ്ററുടെ കാൽച്ചുവട്ടിലിരിക്കും. അവൾക്കുണ്ടായിരുന്ന കുഞ്ഞനിയനേയും, അവനോടൊത്ത് കുളക്കരയിലിരുന്ന് ചൂണ്ടയിട്ടതുമായ ചിത്രങ്ങൾ ദാദയുടെ ഹൃദയ ഭിത്തിയിൽ ശ്രദ്ധാപൂർവ്വം വരച്ചു ചേർക്കും. അവസാനം സമയം ഏറെ വൈകി, ഉറക്കം വരുമ്പോൾ, മിച്ചം വന്ന ഉച്ചഭക്ഷണം ചൂടാക്കി സംതൃപ്തരായി രണ്ടു പേരും കഴിക്കും. ചിലപ്പോൾ ….മറ്റാരോടും പറയാനിഷ്ടപ്പെടാത്ത, വീടിനെക്കുറിച്ചും അമ്മ, സഹോദരി എന്നിവരെക്കുറിച്ചുമുള്ള.. തികട്ടി വരുന്ന ഓർമ്മകൾ രത്തനോടു മാത്രമായി അയാൾ പങ്കുവെക്കും. വർഷങ്ങൾക്കു മുൻപേ പരിചയമുള്ളവരുടേതെന്ന പോലെ, ദാദയുടെ അമ്മയുടേയും സഹോദരീ സഹോദരൻമാരുടേയും ചിത്രങ്ങൾ, സ്വന്തമെന്നപോല അവൾ, അവളുടെ കുഞ്ഞു ഹൃദയത്തിൽ വർണ്ണം ചാലിച്ച് വരച്ചെടുത്തു.ഒരുച്ചനേരം. മഴയുടെ ഇടവേളയിൽ തണുത്ത കാറ്റു പതിയെ വീശുന്നുണ്ട്. മേഘശകലങ്ങൾക്കിടയിലൂടെ ഭൂമിയുടെ പച്ച വിരിച്ച വിരിമാറിലേക്ക് സൂര്യകിരണങ്ങൾ എത്തി നോക്കുന്നു. ഒരൊറ്റപ്പക്ഷി രാവിലെ മുതൽ പ്രകൃതിയോടു പരാതി പറഞ്ഞുകൊണ്ടേയിരുന്നു..ഏകാന്തത വീർപ്പുമുട്ടിച്ച ഒരു നിമിഷത്തിൽ അയാൾ നീട്ടി വിളിച്ചു….രത്തൻ……മുറ്റത്തെ പേരമരച്ചുവട്ടിൽ വീണു കിടന്ന പാതി പഴുത്ത പേരക്കായ്കൾ തിന്നുകൊണ്ടിരുന്ന രത്തൻ വിളി കേഴ്ക്കേണ്ട താമസം .ദാദാ…. എന്നെ വിളിച്ചോ ? എന്ന പതിവു ചോദ്യവുമായി ഓടിയെത്തി.രത്തൻ…..ഇന്നു മുതൽ ഞാൻ നിന്നെ അക്ഷരമാല പഠിപ്പിക്കാം. പിന്നീടുള്ള ഉച്ചനേരങ്ങളിലെ ഒഴിവു സമയത്ത് അയാളവളെ അക്ഷരമാല പഠിപ്പിക്കാൻ തുടങ്ങി. വളരെ ചുരുങ്ങിയ ദിവസങ്ങളിൽത്തന്നെ അവൾ അക്ഷരമാലയും ചില്ലക്ഷരങ്ങളും സായത്തമാക്കി.തോരാമഴ തുടർന്നുകൊണ്ടേയിരുന്നു. താഴ്ന്ന നിലങ്ങൾ ഒന്നൊന്നായി മഴവെള്ളം കീഴടക്കി. എങ്ങും തവളകളുടെ പരുക്കൻ ശബ്ദം മാത്രം. അത്യാവശ്യ സാധനങ്ങൾക്കു വരെ തോണികളെ ആശ്രയിക്കേണ്ട അവസ്ഥ. കോച്ചി വിറങ്ങലിച്ച ഒരു പുലർച്ചെ, തനിക്കായുള്ള വിളിക്കു കാതോർത്ത് രത്തൻ മുറിക്കു പുറത്ത് കാത്തിരുന്നു. സമയമേറെ കഴിഞ്ഞും വിളി വരാത്തതിനാൽ തൻ്റെ എഴുത്തു പുസ്തകവുമായി അവൾ പതിയെ മുറിയിൽ പ്രവേശിച്ചു. ദാദ കട്ടിലിൽ ഉറങ്ങുന്നതു കണ്ട് നിശ്ശബ്ദമായി പിൻതിരിയുമ്പോൾ , രത്തൻ……. എന്ന ക്ഷീണിച്ച വിളികേട്ടു .ദാദ ഉറങ്ങുകയായിരുന്നോ?….എനിക്ക് തീരെ സുഖമില്ല രത്തൻ…എൻ്റെ നെറ്റിയിൽ തൊട്ടു നോക്ക്…വേദന കലർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.തികഞ്ഞ ഒറ്റപ്പെടലിൽ, കോച്ചി വിറക്കുന്ന മഴത്തണുപ്പിൽ, സ്നേഹപൂർണ്ണമായ ഒരു പരിചരണം അയാൾ പ്രത്യാശിച്ചു. അമ്മയുടെ കിലുങ്ങുന്ന കുപ്പിവളയിട്ട കൈകൾ നെറ്റിയിൽ തലോടുന്നതായി അയാർക്കോർമ്മ വന്നു.അയാളുടെ പ്രത്യാശകൾ വിഫലമായില്ല. രത്തൻ എന്ന കൊച്ചുബാലിക നിമിഷങ്ങൾക്കകം ശുശ്രൂഷകയുടെ സ്ഥാനം ഏറ്റെടുത്തു. ഗ്രാമ വൈദ്യൻ നിർദ്ദേശിച്ച മരുന്നുകൾ സമയാസമയം നൽകിയും, കഞ്ഞി കോരികുടിപ്പിച്ചും തലയിണക്കരികിൽ നിന്നും മാറാതെ അവളയാളെ പരിപാലിച്ചു.ഇടക്കിടെ നെറ്റിയിൽ കൈ വെച്ച്അവൾ ചോദിക്കും…ദാദാ…. ഇപ്പോൾ സ്വൽപ്പം കുറവുണ്ടോ?ദിവസങ്ങൾക്കു ശേഷം, കട്ടിലിൽ നിന്നെണീറ്റ പോസ്റ്റ് മാസ്റ്റർ , ഇനിയിവിടെ തുടരാനാവില്ലെന്ന തീരുമാനത്തോടെ സ്ഥലം മാറ്റത്തിനായി, കൽക്കത്തയിലെ മേലധികാരികൾക്ക് അപേക്ഷ നൽകി കാത്തിരുന്നു.ശുശ്രൂഷകയുടെ ഉത്തരവാദിത്തത്തിൽ നിന്നും വിടുതലായ രത്തൻ, സാധാരണ പോലെ അവൾക്കായുള്ള, രത്തൻ…. എന്ന വിളിക്കായി പ്രതീക്ഷയോടെ എന്നും മുറിക്കു പുറത്ത് കാത്തിരുന്നു. എന്തുകൊണ്ടോ ആ വിളി വന്നതേയില്ല.ഇടക്കിടെ വാതിൽക്കലൂടെ മുറിയിലേക്ക് വലിഞ്ഞു നോക്കും. ദാദയുടെ ആലസ്യത്തിൻ്റേയും ഉല്ലാസക്കുറവിൻ്റേയും കാരണം അവൾക്ക് മനസ്സിലായില്ല. അവൾ, രത്തൻ….. എന്ന വിളിക്കായി കാത്തിരിക്കുമ്പോൾ , അയാൾ സ്ഥലം മാറ്റ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു.പണ്ടു പഠിപ്പിച്ച പാഠഭാഗങ്ങൾ അവൾ വീണ്ടും വീണ്ടുമെഴുതി. കൂട്ടക്ഷരങ്ങൾ പഠിക്കാനായി പ്രതീക്ഷയോടെ കാത്തിരുന്നു. ആഴ്ചകൾക്കുശേഷം അവൾക്കായിരത്തൻ…… എന്ന വിളി വന്നു. ആഹ്ളാദത്തോടെ, ” ദാദാ …. എന്നെ വിളിച്ചോ? “… എന്ന ചോദ്യവുമായി അവൾ മുറിയിലേക്കോടിക്കയറി.രത്തൻ… ഞാൻ നാളെ പോകുകയാണ്.എങ്ങോട്ടാണ് പോകുന്നത്?.. ദാദാ..ഞാൻ വീട്ടിലേക്ക് പോകുകയാണ്.എന്നാണ് തിരിച്ചു വരിക? .. ദാദാ..ഞാനിനി മടങ്ങി വരില്ല…വീണ്ടും രത്തനിൽ നിന്നും ചോദ്യങ്ങളൊന്നുമുയർന്നില്ല. സ്ഥലംമാറ്റ അപേക്ഷ നിരസിച്ചതും ജോലി രാജി വെച്ചതുമായ കാര്യങ്ങൾ അയാൾ ആരോടെന്നില്ലാതെ വെറുതെ പറഞ്ഞു കൊണ്ടിരുന്നു.ഒരു നീണ്ട ഇടവേളയിൽ രണ്ടു പേരും ഒന്നും സംസാരിച്ചതേയില്ല. ചിമ്മിനി വിളക്ക് താഴ്ന്ന് കത്തിക്കൊണ്ടിരുന്നു. തളം കെട്ടിക്കിടന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് മേൽക്കൂരയിലെ ചോർച്ചയിലൂടെ ഇറ്റിറ്റു വീണ വെള്ളം താഴെ വെച്ച മൺപാത്രത്തിൽ പതിയുന്ന ശബ്ദം മാത്രം ബാക്കിയായി.അത്താഴമുണ്ടാക്കാൻ അടുക്കളയിൽ കയറിയ അവൾ പതിവിൽ കൂടുതൽ സമയമെടുത്തു. പറയാനുള്ള ഒരു പാട് വാക്കുകളും വാചകങ്ങളും അവളിൽ വീർപ്പുമുട്ടി നിന്നു. അവസാനം… ഹൃദയത്തിൽ കരുങ്ങിനിന്ന ആഗ്രഹം വാക്കുകളായി കുതറി പുറത്തു ചാടി..ദാദാ … എന്നെയും കൂടെ വീട്ടിലേക്ക് കൊണ്ടു പോകുമോ?…..എന്തസംബന്ധമാണ് പറയുന്നത്?….അതും പറഞ്ഞയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്തുകൊണ്ടോ അസംബന്ധത്തിൻ്റെ കാരണം അയാൾ വിശദീകരിച്ചില്ല. അന്നു രാത്രി രത്തനുറങ്ങാനായില്ല.”എന്ത് അസംബന്ധം.. എന്നു പറഞ്ഞുള്ള പൊട്ടിച്ചിരി” അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. അർഹതയില്ലാത്തത് ആഗ്രഹിച്ചതിന് കിട്ടിയ അവഹേളനം അവളുടെ മനസ്സിന് താങ്ങാവുന്നതിലും അധികമായിരുന്നു.എപ്പോഴാണ് പോകുന്നത് എന്ന് ചോദിക്കാൻ കരുത്തില്ലാതിരുന്ന രത്തൻ പിറ്റേന്നു കാലത്ത് പോസ്റ്റ് മാസ്റ്റർ ഉണർന്നപ്പോഴേക്കുതന്നെ കുളിക്കാനുള്ള വെള്ളം തയ്യാറാക്കി വെച്ചിരുന്നു.കുളി കഴിഞ്ഞ് തയ്യാറാകുന്നതിനിടെ അയാൾ വീണ്ടും വിളിച്ചു. നിശ്ശബ്ദയായി, തല താഴ്ത്തി, യജമാനൻ്റെ അടുത്ത ആജ്ഞ്ഞക്കായി കാത്തു നിന്ന അവളോടായി അയാൾ പറഞ്ഞു…” രത്തൻ… നീ വ്യാകുലപ്പെടേണ്ട….നിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പുതിയ പോസ്റ്റ് മാസ്റ്ററോട് ഞാൻ പറയുന്നുണ്ട്. “കരുണാർദ്രമായ ആ വാക്കുകൾ, പക്ഷെ വളരെ വേദനാജനകമായാണ് രത്തൻ്റെ ഹൃദയത്തിൽ പതിഞ്ഞത്. ഓഫീസിലെ സാധന സാമഗ്രികൾ കൈമാറുന്ന അത്രയും എളുപ്പത്തിൽ കൈമാറാൻ കഴിയുന്നതല്ലല്ലോ പാവപ്പെട്ട, ഒരു പെൺകട്ടിയുടെ നിഷ്കളങ്കമായ ഹൃദയം…. അയാളുടെ ഏതു ശകാരവും ഒരു പരാതിയുമില്ലാതെ എന്നുമവൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷെ ഈ കരുണാർദ്രമായ വാക്കുകൾ അവൾക്ക് തീരെ താങ്ങാനായില്ല. “അരുത്.. ദാദാ … ദയവായി എന്നെക്കുറിച്ച് ആരോടും ഒന്നും പറയരുത്. എനിക്കിനി ഇവിടെ നിൽക്കാൻ കഴിയില്ല. ” അടക്കി നിർത്താൻ കഴിയാത്ത കരച്ചിലിനിടയിൽ ഗദ്ഗദത്തോടെ അവൾ പറഞ്ഞു.പോസ്റ്റ് മാസ്റ്റർ തികച്ചും സ്തബ്ധനായിപ്പോയി. രത്തനെ മുൻപൊരിക്കലും അതുപോലെ കണ്ടിട്ടില്ല. പുതിയ പോസ്റ്റ് മാസ്റ്റർക്ക് അധികാരങ്ങൾ കൈമാറിയ ശേഷം പുറപ്പെടുന്നതിനു മുൻപായി രത്തനെ അയാൾ വീണ്ടും അടുത്തു വിളിച്ചു. തൻ്റെ മാസശമ്പളത്തിൽ നിന്നും വഴിച്ചിലവിനു വേണ്ടതു മാത്രമെടുത്ത് ബാക്കി അവൾക്കു നൽകാനായി മുതിർന്നു കൊണ്ടു പറഞ്ഞു. ” രത്തൻ ..നിൻ്റെ കുറച്ചു ദിവസത്തെ ആവശ്യത്തിന്നായി ഇതു വാങ്ങൂ…”അയാളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.. ” ദാദാ … എനിക്കൊന്നും വേണ്ട… എന്നെ ഇനിയും വേദനിപ്പിക്കരുത്. “ഒരു വിലാപത്തോടെ അവൾ കാഴ്ചയിൽ നിന്നും ഓടി മറഞ്ഞു. തിരിച്ച് , യാത്രക്കായി ബോട്ടിൽ കയറിയ അയാൾക്ക് കുത്തിയൊലിച്ചു വരുന്ന നദീജലം, നിരാലംബയായ തൻ്റെ മകൾക്കായി ഭുമീദേവി പൊഴിക്കുന്ന കണ്ണുനീർ പോലെ തോന്നി. തിരിച്ചുപോയി അനാഥയായ ആ ബാലികയെ കൂടെ കൂട്ടിയാലോ എന്നു പോലും ഒരു വേള ആലോചിച്ചു. അപ്പോഴേക്കും തീരം വിട്ട ബോട്ട് , നിറഞ്ഞൊഴുകന്ന നദിയുടെ മദ്ധ്യത്തിലെത്തിയിരുന്നു. ഉലാപൂർ എന്ന ഗ്രാമം ഒരു പൊട്ടുപോലെ ചെറുതായി കാഴ്ചയിൽ നിന്നും മറഞ്ഞു പോകുകയും ചെയ്തു.ഇവിടെ… യാത്രികൻ സ്വയം സ്വാന്തനിപ്പിക്കുകയാണ്. ജീവിതത്തിലെ എണ്ണമറ്റ എല്ലാ കണ്ടുമുട്ടലുകൾക്കും വിട പറയേണ്ടുന്ന ഒരു ദിവസം കാത്തിരിപ്പുണ്ട്. അവസാനമായി , എല്ലാവരും , മരണമെന്ന ഒരിക്കലും തിരിച്ചു വരാത്ത വിട പറയലിനെ അഭിമുഖീകരിച്ചേ തീരൂ.അയാൾക്ക് മനമിടറുമ്പോൾ വീഴാതിരിക്കാൻ പഠിച്ചു വെച്ച തത്വശാസത്രങ്ങളുടെ ഊന്നുവടികളുണ്ട്. പക്ഷെ പാവം രത്തന് തത്വശാസ്ത്രത്തിൻ്റെ തണലുകളില്ല. അവൾ ഹൃദയം തകർന്ന് , കണ്ണീരൊലിപ്പിച്ച് ആ തപാലാപ്പീസിനു ചുറ്റുമായി അലഞ്ഞു.എന്നെങ്കിലും ദാദ അവൾക്കായി തിരിച്ചെത്തുമെന്നും, കൂടെ കൊണ്ടു പോകുമെന്നുമുള്ള പ്രത്യാശയുടെ ചെറുജ്വാല ഹൃദയത്തിൻ്റെ ഒരു കോണിൽ അണയാതെ കത്തുന്നുണ്ടായിരുന്നു.മനുഷ്യജീവിതത്തിലെ നിരന്തരമായ വിഡ്ഡിത്തങ്ങൾ. ഉറപ്പായ സത്യങ്ങളേക്കാൾ എന്നും ജീവിതത്തെ നയിക്കുന്നത് നിരർത്ഥകമായ പ്രതീക്ഷകളാണ്. അവസാനം എല്ലാ പ്രതീക്ഷകളും വെറും വ്യാമോഹങ്ങൾ മാത്രമായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ട് തളർന്നു വീണിട്ടുണ്ടാകും.പക്ഷെ നിർഭാഗ്യവശാൽ വീണ്ടുമെഴുന്നേൽക്കുമ്പോൾ അതേ മുറിവുകൾ തീർത്ത വ്യാമോഹങ്ങളുടെ സങ്കീർണ്ണതകളിലേക്കുതന്നെ അറിയാതെ, അറിയാതെ ചുഴിഞ്ഞിറങ്ങും……………………………………………………………കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞു തന്ന കഥയാണ്.

Menu